image

13 Sep 2023 11:45 AM GMT

Commodity

രാജ്യാന്തര വിപണികളില്‍ തളരുന്ന റബറും തളിരിടുന്ന കുരുമുളകും

Kochi Bureau

commodities market rate 13 09
X

Summary

  • ക്രിസ്മസ് - പുതുവത്സര സീസണിലേക്ക് കുരുമുളക് സംഭരണം തുടങ്ങിയിരിക്കുകയാണ് അന്താരാഷ്ട്ര വിപണികള്‍


ടയര്‍ നിര്‍മ്മാതാക്കള്‍ രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ ഉറ്റുനോക്കുകയാണ്. സംസ്ഥാനത്ത് ടാപ്പിങ് സീസണായതിനാല്‍ മാസത്തിന്റെ രണ്ടാം പകുതിയില്‍ കൊച്ചിയിലും കോട്ടയത്തും കൂടുതല്‍ ചരക്ക് വില്‍പ്പനയ്ക്ക് ഇറങ്ങുമെന്ന കണക്ക് കൂട്ടലിലാണ് വ്യവസായികള്‍. അതുകൊണ്ട് തന്നെ പരമാവധി വില ഉയര്‍ത്താതെ സ്റ്റോക്കിസ്റ്റുകളെയും കര്‍ഷകരെയും വിപണിയിലേയ്ക്ക് എങ്ങനെ ആകര്‍ഷിക്കാനാവുമെന്നാണ് ടയര്‍ കമ്പനികള്‍ കണക്ക് കൂട്ടുന്നത്. ഇതിനിടയില്‍ രാജ്യാന്തര മാര്‍ക്കറ്റില്‍ റബര്‍ തളര്‍ച്ചയില്‍ നീങ്ങുന്നതിനാല്‍ ഏഷ്യന്‍ മാര്‍ക്കറ്റുകളില്‍ നിന്നും ഇന്ത്യയും ചൈനയും നിരക്ക് താഴ്ത്തിയാണ് റബര്‍ ശേഖരിക്കുന്നത്.

വിദേശ വിപണികളില്‍ നാലാം ഗ്രേഡിന് തുല്യമായ ഷീറ്റ് കിലോ 131 രൂപയില്‍ നീങ്ങുമ്പോള്‍ കേരളത്തില്‍ വില 145 രൂപയാണ്. ഇറക്കുമതി ചിലവുകളും ഡ്യൂട്ടി കണക്ക് കൂട്ടിയാല്‍ സംസ്ഥാനത്തെ വിപണികളില്‍ നിന്നും റബര്‍ ശേഖരിക്കുന്നതാണ് കമ്പനികള്‍ക്ക് ലാഭമെങ്കിലും അവര്‍ ഇറക്കുമതിക്ക് തന്നെയാണ് മുന്‍ തൂക്കം നല്‍ക്കുന്നത്.

വിദേശികളുടെ പ്രിയപ്പെട്ട താരം

അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ക്രിസ്തുമസ്-പുതുവത്സവ വേളയിലെ ആവശ്യങ്ങള്‍ക്കുള്ള കുരുമുളക് സംഭരണത്തിന് ഒതുങ്ങുന്നു. മലബാര്‍ കുരമുളക് വില ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ മറ്റ് രാജ്യങ്ങളെ ആശ്രയിക്കാമെന്ന നിലയാണ് വന്‍കിട വാങ്ങലുകാര്‍. ഇന്തോനേഷ്യയും ബ്രസീലും ചരക്ക് വാഗ്ദാനം ചെയുന്നുണ്ട്. അതേ സമയം വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ രാജ്യാന്തര വിപണി നിയന്ത്രിച്ച് വിയറ്റ്നാം ചരക്ക് ക്ഷാമത്തിന്റെ പിടിയില്‍ അകപ്പെടുമെന്ന സൂചനകളെ തുടര്‍ന്ന് അവര്‍ പുതിയ വിദേശ കച്ചവടങ്ങളില്‍ നിന്നും അല്‍പ്പം അകന്നു.

മുന്നിലുള്ള മൂന്ന് മാസകാലയളവില്‍ അന്താരാഷ്ട്ര കുരുമുളക് വിലയില്‍ വന്‍ മുന്നേറ്റ സാധ്യതകള്‍ തെളിയുന്നതിനാല്‍ വില്‍പ്പനക്കാര്‍ കരുതലോടെയാണ് നീങ്ങുന്നത്. സെപ്റ്റംബറില്‍ കൊച്ചിയില്‍ കുരുമുളക് വില സ്ഥിരതയിലാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കുരുമുളകിന് അന്വേഷണങ്ങളുണ്ടെങ്കിലും കാര്‍ഷിക മേഖലയില്‍ നിന്നുള്ള ചരക്ക് വരവ് നാമമാത്രമാണ്. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളകിന് കിലോ 635 രൂപയാണ്.

മാര്‍ക്കറ്റുകളില്‍ മികവോടെ ഏലം

ഏലക്ക മികവ് നിലനിര്‍ത്തി, ലേല കേന്ദ്രങ്ങളില്‍ ലഭ്യത ഉയരുന്നില്ല. പല അവസരങ്ങളിലും അരലക്ഷം കിലോയില്‍ ചരക്ക് വരവ് ഒതുങ്ങുന്ന അവസ്ഥ തുടരുന്നത് വാങ്ങലുകാരെ അസ്വസ്തരാക്കുന്നു. കറിമസാല വ്യവസായികള്‍ക്കും കനത്തതോതില്‍ ചരക്ക് ആവശ്യമുള്ള സന്ദര്‍ഭമാണ്. ഉത്സവകാല ആവശ്യങ്ങള്‍ മുന്നില്‍ കണ്ടുള്ള ഏലക്ക സംഭരണവും കണക്കിലെടുത്താല്‍ നിരക്ക് കൂടുതല്‍ ഉയരുമെന്ന പ്രതീക്ഷ കാര്‍ഷിക മേഖല നിലനിര്‍ത്തി. കയറ്റുമതിക്കാരില്‍ നിന്നും ഏലത്തിന് ശക്തമായ പിന്‍തുണയുണ്ട്. ഇടുക്കിയില്‍ നടന്ന ലേലത്തില്‍ മികച്ചയിനങ്ങള്‍ കിലോ 2870 രൂപയിലും ശരാശരി ഇനങ്ങള്‍ 1925 രൂപയിലും കൈമാറി.