image

11 Sep 2023 11:45 AM GMT

Commodity

തിരി മുറുക്കത്തില്‍ കുരുമുളക്; തേങ്ങ ചതിക്കില്ലെന്ന പ്രതീക്ഷയുമായി കര്‍ഷകര്‍

Kochi Bureau

commodities market rate 11 09
X

Summary

  • ഈ സീസണില്‍ സംഭരിച്ച പച്ചതേങ്ങയുടെ കണക്കുകള്‍ പുറത്ത് വന്നിട്ടില്ല.


കുരുമുളക് വിപണി കരുത്ത് നിലനിര്‍ത്തുകയാണ്. അതേ സമയം വിദേശ ചരക്ക് എത്തിച്ച് വിപണിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ വ്യവസായികള്‍ ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല. ശ്രീലങ്ക വഴി നേരത്തെ ഇറക്കുമതി നടത്തിയ വിയറ്റ്നാം കുരുമുളക് കൊച്ചിയില്‍ അവര്‍ വില്‍പ്പനയ്ക്ക് ഇറക്കി. കഴിഞ്ഞ വാരം 196 ടണ്‍ കുരുമുളക് വില്‍പ്പനയ്ക്ക് വന്നതില്‍ നാടന്‍ ചരക്കില്‍ കലര്‍ത്തിയാണ് ഇടനിലക്കാര്‍ വില്‍പ്പന നടത്തിയത്. അതേ സമയം വിപണി വില ഉയരുമെന്ന ഉറച്ച നിലപാടില്‍ കാര്‍ഷിക മേഖല ഉത്പന്നം കൈവിടാന്‍ താല്‍പര്യം കാണിക്കുന്നില്ല. ഉത്തരേന്ത്യന്‍ വാങ്ങലുകാര്‍ കഴിഞ്ഞ വാരം നിരക്ക് ഉയര്‍ത്താതെ ചരക്ക് സംഭരണത്തിന് ശ്രമിച്ചു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്ത്യന്‍ മുളക് വില ടണ്ണിന് 8000 ഡോളറാണ്. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് മുകള് വില 655 രൂപയാണ്.

ഏലക്ക താരം തന്നെ

ഏലക്ക സംഭരിക്കാന്‍ കയറ്റുമതികാരും ആഭ്യന്തര ഇടപാടുകാരും ഉത്സാഹിച്ചെങ്കിലും ലഭ്യത കുറവ് മുന്നില്‍ കണ്ട് കരുതലോടെയാണ് അവര്‍ ചരക്ക് സംഭരണം നടത്തുന്നത്. കുമളിയില്‍ രാവിലെ നടന്ന ലേലത്തില്‍ ചരക്ക് വരവ് 48,854 കിലോയില്‍ ഒതുങ്ങിയിട്ടും ശരാശരി ഇനങ്ങള്‍ കിലോ 1925 രുപയിലും മികച്ചയിനങ്ങള്‍ 2546 രൂപയിലും നിലകൊണ്ടു, മൊത്തം 43,453 കിലോ ഏലക്കയുടെ കൈമാറ്റം നടന്നു.

സംഭരണ പ്രതീക്ഷയില്‍ പച്ചതേങ്ങ

സര്‍ക്കാര്‍ ഏജന്‍സിയുടെ പച്ചതേങ്ങ സംഭരണ നീക്കത്തെ മലബാര്‍ മേഖല പ്രതീക്ഷയോടെ ഉറ്റ് നോക്കുന്നു. നാഫെഡിന് വേണ്ടിയാണ് പച്ചതേങ്ങ സംഭരണം തുടങ്ങുന്നത്. സംഭരിക്കുന്ന പച്ചതേങ്ങ കൊപ്രയാക്കാനും ഏജന്‍സികളെ ചുമതലപ്പെടുത്തി. സംഭരിക്കുന്ന തേങ്ങ കൊപ്രയാക്കുമെന്ന് കൃഷി വകുപ്പ് വ്യക്തമാക്കുമ്പോഴും ഈ സീസണില്‍ ഇതിനകം എത്ര ടണ്‍ പച്ചതേങ്ങ സംഭരിച്ചുവെന്നത് സംബന്ധിച്ച് കണക്കുകള്‍ അവര്‍ പുറത്തുവിടുന്നില്ല. പിന്നിട്ട ഒരു മാസമായി വെളിച്ചെണ്ണ വില 12,500 രൂപയില്‍ തുടരുകയാണ്. പച്ചതേങ്ങ സംഭരണം ഊര്‍ജിതമായാല്‍ വിപണികളില്‍ വില ഉയരുമെങ്കിലും ഉത്പാദകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപനങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലാണ്. താങ്ങ് വില 10,860 രൂപ നിലനില്‍ക്കുമ്പോഴും ഉത്പാദകര്‍ 8150 നാണ് കൊപ്ര വില്‍പ്പന നടത്തുന്നത്.