image

15 Sep 2023 11:30 AM GMT

Commodity

ഇറക്കുമതിയില്‍ കുതിച്ച് ഭക്ഷ്യ എണ്ണ; പൂപ്പല്‍ പേടിയില്‍ കുരുമുളക്

Kochi Bureau

commodities market rate 15 09
X

Summary

  • മഴ ശക്തമായതിനാല്‍ പൂപ്പല്‍ കയറാനുള്ള സാധ്യത, കുരുമുളക് വില ഇടിവിലേക്ക് നയിച്ചേക്കാം.


സംസ്ഥാനത്ത് വീണ്ടും മഴ കനത്തതോടെ കാര്‍ഷിക മേഖലകളില്‍ നിന്നുള്ള ഉത്പന്ന നീക്കത്തില്‍ പെട്ടെന്ന് കുറവ് സംഭവിച്ചു. പ്രതികൂല കാലാവസ്ഥയില്‍ ചരക്ക് നീക്കത്തിലെ തടസം മുന്‍ നിര്‍ത്തിയാണ് കര്‍ഷകര്‍ വിപണികളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചത്. സുഗന്ധവ്യഞ്ജനങ്ങള്‍ മാര്‍ക്കറ്റുകളിലേയ്ക്ക് നീക്കാതെ വലിയ പങ്ക് കര്‍ഷകരും പിന്‍മാറി. അന്തരീക്ഷ താപനില കുറയുന്നത് കുരുമുളകിലെ ജലാംശതോത് ഉയര്‍ത്തുന്നത് വിലയെ ബാധിക്കും. കുരുമുളകില്‍ ജലാംശതോത് പതിമൂന്ന് ശതമാനത്തില്‍ അധികമായാല്‍ പുപ്പല്‍ ബാധയ്ക്കുള്ള സാധ്യതകള്‍ വാങ്ങലുകാരെയും പിന്നോക്കം വലിക്കുമെന്ന് മാത്രമല്ല, വില കുറയാനും ഇടയാക്കും.

ഇറക്കുമതി വര്‍ധിച്ച് ഭക്ഷ്യയെണ്ണ

ഭക്ഷ്യയെണ്ണ ഇറക്കുമതി കുതിച്ചു കയറുകയാണ്. ആഗസ്റ്റില്‍ 18.52 ലക്ഷം ടണ്‍ പാചകയെണ്ണയാണ് രാജ്യത്തെ വിവിധ തുറമുഖങ്ങളിലായി ഇറക്കുമതി നടത്തിയത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിനെ അപേക്ഷിച്ച് ഇറക്കുമതി 34.69 ശതമാനം ഉയര്‍ന്നിട്ടുണ്ട്. അന്ന് ഇറക്കുമതി 13.75 ലക്ഷം ടണ്‍ മാത്രമായിരുന്നു. ഇതിന് പുറമേ ശുദ്ധീകരിക്കാത്ത എണ്ണകളും വന്‍തോതില്‍ ഇറക്കുമതി നടത്തുന്നുണ്ട്. ആഭ്യന്തര എണ്ണ കുരു ഉത്പാദനം ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ അമിത ഇറക്കുമതി രാജ്യത്തെ കര്‍ഷക താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാവും. പാം ഓയില്‍, സോയാബീന്‍, സൂര്യകാന്തി എണ്ണകളാണ് ഇറക്കുമതിയില്‍ മുന്നിട്ട് നില്‍ക്കുന്നത്.

വെളിച്ചെണ്ണയ്ക്ക് നേരിട്ട വില ഇടിവ് കൊപ്ര വിലയെയും ബാധിച്ചു. വിപണിയിലെ മാന്ദ്യം മൂലം മില്ലുകാര്‍ കൊപ്ര സംഭരണത്തില്‍ നിന്നും പിന്‍തിരിയുന്നത് നാളികേരോത്പന്നങ്ങളെ മൊത്തത്തില്‍ തളര്‍ത്തുന്നുണ്ട്.

വില്‍പ്പനക്കിറക്കാതെ ഏലം

ഏലക്ക ശേഖരിക്കാന്‍ ഇടപാടുകാര്‍ രംഗത്തുണ്ടങ്കിലും കരുതലോടെയാണ് ഉത്പാദന മേഖല ലേലത്തില്‍ ചരക്ക് ഇറക്കുന്നത്. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ഉത്പാദകര്‍ക്ക് അനുകൂലമായി കാലാവസ്ഥ തിരിഞ്ഞങ്കിലും തോട്ടം മേഖല കാര്യമായി ഏലക്ക വില്‍പ്പനയ്ക്ക് ഇറക്കിയില്ല. അതേ സമയം മദ്ധ്യവര്‍ത്തികള്‍ കൈവശമുള്ള ചരക്ക് ഇറക്കി മെച്ചപ്പെട്ട വിലയ്ക്ക് ശ്രമം നടത്തി. ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും ഏലക്ക ശേഖരിച്ചു. നെടുക്കണ്ടത്ത് നടന്ന ലേലത്തില്‍ 52,541 കിലോ ചരക്ക് വില്‍പ്പനയ്ക്ക് വന്നതില്‍ 49,406 കിലോ വിറ്റഴിച്ചു. മികച്ചയിനങ്ങള്‍ കിലോ ഗ്രാമിന് 2553 രൂപയിലും ശരാശരി ഇനങ്ങള്‍ 1825 രൂപയിലുമാണ്.