image

3 Nov 2025 5:27 PM IST

Commodity

കുരുമുളക് വിപണി തകര്‍ച്ചയില്‍; റബര്‍ വരവ് പ്രതീക്ഷിച്ച് വ്യാപാരികള്‍

MyFin Desk

കുരുമുളക് വിപണി തകര്‍ച്ചയില്‍;  റബര്‍ വരവ് പ്രതീക്ഷിച്ച് വ്യാപാരികള്‍
X

Summary

അണ്‍ ഗാര്‍ബിള്‍ഡ് മുളക് വില ഇന്ന് 300 രൂപ കുറഞ്ഞ് 68,600 രൂപയായി


കുരുമുളക് വിപണി വീണ്ടും വില തകര്‍ച്ചയുടെ പിടിയില്‍.തുടര്‍ച്ചയായ ദിവസങ്ങളില്‍ ഉല്‍പ്പന്നത്തിന് നേരിട്ട തളര്‍ച്ച കാര്‍ഷിക മേഖലയെ ആശങ്കയിലാക്കി. ഓഫ് സീസണ്‍ കാലയളവായതിനാല്‍ വില ഉയരുമെന്ന നിഗനമത്തില്‍ ചരക്ക് പിടിക്കുന്ന കര്‍ഷകരെ ഞെട്ടിച്ച് പിന്നിട്ട രണ്ട് ദിവസങ്ങളില്‍ വില ക്വിന്റലിന് 600 രൂപ ഇടിഞ്ഞു. അപ്രതീക്ഷിത വില തകര്‍ച്ച സ്റ്റോക്കിസ്റ്റുകളെ സാമ്പത്തിക ഞെരുക്കത്തിലാക്കുമെന്ന ഭീതിയിലാണ് വിപണി വൃത്തങ്ങള്‍.

ഉത്തരേന്ത്യന്‍ വാങ്ങലുകാരുടെ അഭാവത്തില്‍ ചില കേന്ദ്രങ്ങള്‍ വില ഇടിക്കാന്‍ ആസുത്രിത നീക്കം നടത്തുന്നതായി ഉല്‍പാദകര്‍ സംശയം പ്രകടിപ്പിച്ചു. അന്തര്‍സംസ്ഥാന വാങ്ങലുകാരുടെ പിന്തുണ അല്‍പ്പം കുറവാണ്. അണ്‍ ഗാര്‍ബിള്‍ഡ് മുളക് വില ഇന്ന് 300 രൂപ കുറഞ്ഞ് 68,600 രൂപയായി. രാജ്യാന്തര വിപണിയില്‍ മലബാര്‍ മുളക് വില ടണ്ണിന് 8100 ഡോളറാണ്.

മഴ മാറിയതോടെ റബര്‍ ഉല്‍പാദന മേഖല ടാപ്പിങിന് തിരക്കിട്ട നീക്കം തുടങ്ങി. കഴിഞ്ഞവാരം ശക്തമായ മഴ മൂലം ഉല്‍പാദകര്‍ തോട്ടങ്ങളില്‍ നിന്നും പൂര്‍ണമായി വിട്ടുനിന്നത് വിപണികളില്‍ ചരക്ക് വരവ് ചുരുങ്ങാന്‍ ഇടയാക്കിയിരുന്നു. പുതിയ സാഹചര്യത്തില്‍ മാസമദ്ധ്യം മുതല്‍ ഉയര്‍ന്ന അളവില്‍ ചരക്ക് വില്‍പ്പനയ്ക്ക് ഇറങ്ങുമെന്നാണ് ചെറുകിട വ്യവസായികളുടെ കണക്ക് കൂട്ടല്‍. ആഭ്യന്തര വിദേശ വിപണികളില്‍ റബര്‍ വില ഒരോ റേഞിലാണ് നീങ്ങുന്നത്. തായ് മാര്‍ക്കറ്റായ ബാങ്കോക്കിലും കൊച്ചിയിലും ഷീറ്റ് വില കിലോ 186 രൂപയിലാണ്.

നാളികേരോല്‍പ്പന്നങ്ങളുടെ വില സ്റ്റെഡി. മാസാരംഭമായതിനാല്‍ പ്രദേശിക വിപണികളില്‍ നിന്നും മില്ലുകാരുടെ പ്രതീക്ഷയ്ക്കൊത്ത് പുതിയ ഓര്‍ഡറുകള്‍ ലഭിക്കാഞ്ഞത് എണ്ണ വില മാറ്റമില്ലാതെ നിലകൊള്ളാന്‍ കാരണമായി. വെളിച്ചെണ്ണയുടെ ഉയര്‍ന്ന വില മൂലം ചെറുകിട വിപണികളില്‍ വില്‍പ്പന ചുരുങ്ങി. കാങ്കയത്ത് വെളിച്ചെണ്ണ ക്വിന്റലിന് 31,000 രൂപയിലും കൊച്ചിയില്‍ 35,700 രൂപയിലുമാണ്.