5 Nov 2025 6:40 PM IST
Summary
റബര്‍വിലയിലും നേരിയ കുറവ്
കുരുമുളക് വിലത്തകര്‍ച്ച രൂക്ഷമാകുന്നു. ഓഫ് സീസണിലെ ഉയര്‍ന്ന വില പ്രതീക്ഷിച്ച കാര്‍ഷിക മേഖലയ്ക്ക് നിലവിലെ വില ഇടിവ് കനത്ത ആഘാതമാവും. ചുരുങ്ങിയ ദിവസങ്ങളില്‍ മുളക് വില കിലോ 15 രൂപയാണ് ഇടിഞ്ഞു. ഉത്തരേന്ത്യയില്‍ നിന്നുള്ള വാങ്ങലുകാരുടെ അഭാവത്തില്‍ വിദേശ മുകള് ഇറക്കുമതി നടത്തിയ വ്യവസായികള്‍ സ്റ്റോക്ക് വില ഇടിച്ചും വിറ്റുമാറുന്നുണ്ട്. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില കിലോ 680 രൂപയായി താഴ്ന്നു.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കാപ്പി വില ഉയരുന്നത് ഇന്ത്യന്‍ കര്‍ഷകര്‍ക്ക് വിളവെടുപ്പ് വേളയില്‍ ഉയര്‍ന്ന വിലയ്ക്ക് അവസരം ഒരുക്കാം. കേരളത്തില്‍ കാപ്പി സീസണിന് തുടക്കം കുറിച്ചതിനാല്‍ അനുകൂല വാര്‍ത്തകള്‍ ആഭ്യന്തര വിലയില്‍ പ്രതിഫലിക്കുമെന്ന നിഗനമത്തിലാണ് വയനാടന്‍ കര്‍ഷകര്‍. ബ്രസീലിയന്‍ കാപ്പി ഉല്‍പാദന മേഖലകളില്‍ മഴ ചുരുങ്ങിയത് വിളവ് കുറയാന്‍ ഇടയാക്കും. ഇതിനിടയില്‍ കാപ്പി കയറ്റുമതിയില്‍ വന്‍ ശക്തിയായ വിയറ്റ്നാമില്‍ കഴിഞ്ഞ ദിവസങ്ങളിലെ പ്രതികൂല കാലാവസ്ഥയില്‍ വ്യാപകമായ കൃഷിനാശം സംഭവിച്ചതായുള്ള വാര്‍ത്തകളും വാങ്ങലുകാരെ നിരക്ക് ഉയര്‍ത്താന്‍ പ്രേരിപ്പിക്കും. വയനാട്ടില്‍ കാപ്പി പരിപ്പ് ക്വിന്റലിന് 41,000 രൂപയിലും ഉണ്ടകാപ്പി 54 കിലോ 12,300 രൂപയിലുമാണ്.
നാളികേരോല്‍പ്പന്നങ്ങള്‍ക്ക് മുന്നേറാനാവുന്നില്ല. വെളിച്ചെണ്ണയ്ക്ക് ഡിമാന്റ് മങ്ങിയത് കാങ്കയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വന്‍കിട മില്ലുകാരെ സമ്മര്‍ദ്ദത്തിലാക്കി. സ്റ്റോക്കുള്ള വെളിച്ചെണ്ണ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് വ്യവസായികള്‍. ഇതര പാചകയെണ്ണകള്‍ താഴ്ന്ന റേഞ്ചില്‍ നീങ്ങുന്നതിനാല്‍ ചെറുകിട വിപണികളില്‍ വെളിച്ചെണ്ണയ്ക്ക് മാസാരംഭ വേളയിലും ഡിമാന്റ് കുറഞ്ഞു.
മുഖ്യ വിപണികളില്‍ റബര്‍ ഷീറ്റ് വരവ് കുറഞ്ഞ സന്ദര്‍ഭത്തിലും ടയര്‍ ലോബി വില ഇടിച്ച് ചരക്ക് സംഭരിക്കാനുള്ള നീക്കത്തിലാണ്. കൊച്ചിയില്‍ നാലാം ഗ്രേഡ് റബര്‍ കിലോ 185 രൂപയില്‍ നിന്നും 184 രൂപയായി, അഞ്ചാം ഗ്രേഡ് 180 രൂപയായി താഴ്ന്നു.
പഠിക്കാം & സമ്പാദിക്കാം
Home
