image

5 Feb 2026 6:33 PM IST

Commodity

കുരുമുളക് കത്തിക്കയറുന്നു; ഏലം തേടി ഉത്തരേന്ത്യക്കാര്‍

MyFin Desk

commodity market
X

Summary

റബര്‍ ലഭ്യത കുറയുന്നു. വില ഉയര്‍ത്തി ഉല്‍പ്പന്നം നേടാനുള്ള ശ്രമത്തിലാണ് വ്യവസായികള്‍


ശിവരാത്രിവേളയിലെ വില്‍പ്പനകള്‍ മുന്നില്‍ കണ്ട് അന്തര്‍സംസ്ഥാന വ്യാപാരികള്‍ കുരുമുളകിനായി രംഗത്ത് ഇറങ്ങിയത് വിലക്കയറ്റത്തിന് വഴിതെളിച്ചു. ഇന്നലെ മുളക് വില ക്വിന്റലിന് 200 രൂപ ഉയര്‍ന്നത് മുന്‍നിര്‍ത്തി മധ്യവര്‍ത്തികളും കര്‍ഷകരും വിപണിയുടെ ചലനങ്ങള്‍ അടിമുടി നിരീക്ഷിക്കുന്നുണ്ടങ്കിലും കൈവശമുള്ള ചരക്ക് കാര്യമായി വില്‍പ്പനയ്ക്ക് ഇറക്കിയില്ല. അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 200 രൂപ ഉയര്‍ന്ന് 69,800രൂപയായി. അന്താരാഷ്ട്രവിപണിയില്‍ മലബാര്‍ മുളക് വില ടണ്ണിന് 8000 ഡോളര്‍.

സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ തുടരുന്നതിനാല്‍ റബര്‍ മരങ്ങളില്‍ നിന്നുള്ള പാല്‍ ലഭ്യത പല ഭാഗങ്ങളിലും കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് കുറഞ്ഞു. കൊച്ചി, കോട്ടയം വിപണികളില്‍ നാലാംഗ്രേഡ് ഷീറ്റ് വരവ് ചുരുങ്ങിയത് മുന്‍ നിര്‍ത്തി വില ഉയര്‍ത്തി ചരക്ക് കണ്ടെത്താനുള്ള ശ്രമത്തിലാണ് ടയര്‍ നിര്‍മ്മതാക്കളും ഇതര വ്യവസായികളും. ആര്‍ എസ് എസ് നാലാംഗ്രേഡ് 20,500 രൂപയില്‍നിന്ന് 20,600 ലേയ്ക്ക് ഉയര്‍ന്നു. അതേസമയം ഇറക്കുമതി രാജ്യങ്ങളില്‍ നിന്നുള്ള ആവശ്യക്കാരുടെ അഭാവംമൂലം ബാങ്കോക്കില്‍ ഷീറ്റ് വില കിലോ 199 രൂപയില്‍ നിന്ന് 197 രൂപയായി. റബര്‍ അവധി വ്യാപാരകേന്ദ്രങ്ങളില്‍ ഉല്‍പ്പന്നവിലയില്‍ ചാഞ്ചാട്ടം ദൃശ്യമായി.

ഏലം ശേഖരിക്കാന്‍ കയറ്റുമതിക്കാരും ഉത്തരേന്ത്യന്‍ ഇടപാടുകാരും കാണിക്കുന്ന ഉത്സാഹം നിരക്ക് ഉയര്‍ത്തുമെന്ന് സ്റ്റോക്കിസ്റ്റുകള്‍ക്ക് പ്രതീക്ഷ. ഇന്നത്തെ ലേലത്തിന് ഏലക്ക മൊത്തം72,884 കിലോയും കൈമാറ്റം നടന്നു. വരണ്ട കാലാവസ്ഥ കണക്കിലെടുത്താല്‍ വിളവെടുപ്പ് ഫെബ്രുവരി രണ്ടാം പകുതിയില്‍ മന്ദഗതിയിലാവാന്‍ ഇടയുണ്ട്. ശരാശരി ഇനം ഏലക്കകിലോ 2488 രൂപയില്‍ ലേലംകൊണ്ടു. മികച്ചയിനങ്ങള്‍ 3323 രൂപയിലും കൈമാറി.