image

6 Feb 2026 7:07 PM IST

Commodity

നാളികേരോല്‍പ്പന്നങ്ങള്‍ക്ക് തളര്‍ച്ച; കുരുമുളകുവില വീണ്ടും മുകളിലേക്ക്

MyFin Desk

Coconut oil price unlikely to rally during Onam festival season
X

Summary

കൊച്ചിയില്‍ വെളിച്ചെണ്ണവില 100 രൂപ ക്വിന്റലിന് കുറഞ്ഞ് 30,100 രൂപയായി. റബര്‍ സ്റ്റെഡി നിലവാരത്തിലാണ്


ദക്ഷിണേന്ത്യന്‍ വിപണികളില്‍ നാളികേരോല്‍പ്പന്നങ്ങള്‍ക്ക് തളര്‍ച്ച. തമിഴ്‌നാട്ടിലെ സ്റ്റോക്കിസ്റ്റുകള്‍ കൊപ്ര വിറ്റുമാറാന്‍ പ്രകടിപ്പിച്ച തിടുക്കം കണ്ട് വന്‍കിട മില്ലുകാര്‍ കൊപ്ര, പച്ചതേങ്ങ സംഭരണം കുറച്ചത് വിപണിയെ സമ്മര്‍ദ്ദത്തിലാക്കി. കാങ്കയം വിപണിയില്‍ കൊപ്രവില ക്വിന്റലിന് 200രൂപ ഇടിഞ്ഞ് 18,100 രൂപയായി. ഇതിന്റെ പ്രതിഫലനം മറ്റ് വിപണികളിലും ഉണ്ടായി. അതേസമയം കേരളത്തില്‍ കൊപ്ര സ്റ്റെഡി നിലവാരത്തില്‍ നീങ്ങിയെങ്കിലും കൊച്ചിയില്‍ വെളിച്ചെണ്ണവില 100 രൂപ ക്വിന്റലിന് കുറഞ്ഞ് 30,100 രൂപയായി.

സംസ്ഥാനത്തെ പ്രമുഖ വിപണികളില്‍ റബര്‍ സ്റ്റെഡി നിലവാരത്തിലാണ്. ടയര്‍ കമ്പനികള്‍ ശേഖരിക്കുന്ന നാലാം ഗ്രേഡ് 20,600രൂപയില്‍ വ്യാപാരം നടന്നപ്പോള്‍ അഞ്ചാം ഗ്രേഡ് 100 രൂപയുടെ മികവില്‍ 20,200 രൂപയായി കയറി.വരണ്ട കാലാവസ്ഥ കണക്കിലെടുത്ത് ഉല്‍പാദകര്‍ ടാപ്പിങില്‍ നിന്നും അല്‍പ്പം വിട്ടുനില്‍ക്കുന്നതിനാല്‍ വിപണിയില്‍ ചരക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ട്. വാരാന്ത്യമായതിനാല്‍ ഏഷ്യന്‍ റബര്‍ അവധിവിപണികളില്‍ ഇടപാടുകാര്‍ ലാഭമെടുപ്പിന് ഉത്സാഹിച്ചു. റബര്‍ അവധിവിലകളില്‍ കാര്യമായ ചാഞ്ചാട്ടം ദൃശ്യമായില്ല. റെഡിമാര്‍ക്കറ്റായ ബാങ്കോക്കില്‍ ഷീറ്റ് 19,700 രൂപയില്‍ വ്യാപാരം നടന്നു. ടാപ്പിങ് സീസണ്‍ അവസാനിച്ചതിനാല്‍ വില ഉയരുമെന്ന പ്രതീക്ഷയിലായിരുന്നു തായ്‌ലാന്‍ഡ് അടക്കമുള്ള കയറ്റുമതി രാജ്യങ്ങള്‍.

അന്തര്‍സംസ്ഥാനവ്യാപാരികള്‍ കുരുമുളകിനായി മത്സരിച്ചത് തുടര്‍ച്ചയായ രണ്ടാംദിവസവും വില ഉയര്‍ത്തി. രണ്ട് ദിവസംകൊണ്ട് 400 രൂപയാണ് വര്‍ദ്ധിച്ചത്. ശിവരാത്രി അടുത്തതോടെ ഉത്തരേന്ത്യന്‍ വ്യാപാരികള്‍ കുരുമുളക് സംഭരിക്കാന്‍ ഉത്സാഹിക്കുന്നുണ്ട്. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില 70,000 രൂപയായികയറി.