3 Oct 2023 5:15 PM IST
Summary
- പ്രതികൂല കാലാവസ്ഥയില്‍ കുരുമുളക് മണികള്‍ പൊഴിയുന്നു
- അന്വേഷണം മലബാര്‍ കുരുമുളകിന്
മലയോര മേഖലയില്‍ നിലനിന്ന ശക്തമായ മഴ കുരുമുളക് കര്‍ഷകരുടെ ഉറക്കം കെടുത്തുന്നു. തുടര്‍ച്ചയായി കനത്ത വെയിലിന് ശേഷം വീണ്ടും ഉല്‍പാദന മേഖല മഴയുടെ പിടിയില്‍ അകപ്പെട്ടതോടെ പല ഭാഗങ്ങളിലെയും കുരുമുളക് തോട്ടങ്ങളില്‍ തണ്ടില്‍ നിന്നും മുളക് മണികള്‍ പൊഴിഞ്ഞു പോകുന്നത് കര്‍ഷകരുടെ കണക്ക് കൂട്ടലുകള്‍ തെറ്റിക്കുകയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഉല്‍പാദനം ഗണ്യമായി കുറയുമെന്ന ആശങ്കയ്ക്ക് ഇടയിലാണ് പ്രതികൂല കാലാവസ്ഥയില്‍ കുരുമുളക് മണികള്‍ പൊഴിയുന്നത്.
തുലാമഴ ശക്തമായാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമായി മാറുമെന്ന ഭീതിയിലാണ് ഹൈറേഞ്ചിലെ ഒരു വിഭാഗം കര്‍ഷകര്‍. വിവിധ ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് മലയോര മേഖലയിലെ കര്‍ഷകര്‍, ഉല്‍പാദനത്തില്‍ ഇടിവ് സംഭവിച്ചാല്‍ പണം തിരിച്ചടവ് വന്‍ ബാധ്യതയായി മാറുമെന്ന അവസ്ഥയിലാണ്. ഇതിനിടയില്‍ അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ കുരുമുളക് വില ടണ്ണിന് 8000 ഡോളറില്‍ നിന്നും 7700 ലേയ്ക്ക് താഴ്ന്നു. മലബാര്‍ മുളകിനായി ചില യുറോപ്യന്‍ രാജ്യങ്ങള്‍ അന്വേഷണങ്ങള്‍ നടത്തുന്നുണ്ട്. ക്രിസ്തുമസ്- ന്യൂ ഇയര്‍ വരെയുള്ള ആവശ്യങ്ങള്‍ക്കുള്ള കുരുമുളകിലാണ് അവര്‍ താല്‍പര്യം കാണിക്കുന്നത്.
ഇറുക്കുമതി സാധ്യതയില്‍ റബര്‍
റബര്‍ മേഖല വിലക്കയറ്റത്തിനായി ഉറ്റ് നോക്കുകയാണെങ്കിലും ടയര്‍ വ്യവസായികള്‍ ഷീറ്റ് വില ഉയര്‍ത്തുന്ന കാര്യത്തില്‍ ഇനിയും ഉത്സാഹം കാണിച്ചിട്ടില്ല. രാജ്യാന്തര റബര്‍ വില താഴ്ന്ന റേഞ്ചില്‍ നീങ്ങുന്നതിനാല്‍ ഇറക്കുമതിക്ക് തന്നെയാണ് വ്യവസായികള്‍ മുന്‍ തൂക്കം നല്‍ക്കുന്നത്. ബാങ്കോക്കില്‍ മൂന്നാം ഗ്രേഡ് കിലോ 130 രൂപ വരെ താഴ്ന്നതിനാല്‍ കേരളത്തില്‍ നിന്നും റബര്‍ ശേഖരിക്കാന്‍ ടയര്‍ കമ്പനികള്‍ക്ക് ഉത്സാഹ കുറവ്. മഴ മൂലം ഏതാനും ദിവസങ്ങളായി ഒട്ടുമിക്ക തോട്ടങ്ങളിലും ടാപ്പിങ് സ്തംഭിച്ചതിനാല്‍ വില ഉയരുമെന്ന കണക്ക് കൂട്ടലിലായിരുന്നു സ്റ്റോക്കിസ്റ്റുകള്‍. കൊച്ചിയില്‍ നാലാം ഗ്രേഡ് റബര്‍ കിലോ 147 രൂപയില്‍ വ്യാപാരം നടന്നു.
ലേലം കൊഴുപ്പിച്ച് ഏലം
വണ്ടന്‍മേട്ട്, മാസ് എന്റര്‍പ്രൈസസില്‍ നടന്ന ഏലക്ക ലേലത്തില്‍ മൊത്തം 76,313 കിലോഗ്രാം ചരക്ക് വില്‍പ്പനയ്ക്ക് എത്തിയതില്‍ 71,830 കിലോയും ഇടപാടുകാര്‍ വാരികൂട്ടി. കയറ്റുമതിക്കാരും ഉത്തരേന്ത്യന്‍ ഇടപാടുകാരും ലേലത്തില്‍ സജീവമായിരുന്നു. ശരാശരി ഇനങ്ങളുടെ വില കിലോ 1771 രൂപയിലും മികച്ചയിനങ്ങള്‍ 2839 രൂപയിലും കൈമാറി.
പഠിക്കാം & സമ്പാദിക്കാം
Home
