image

20 Feb 2026 6:42 PM IST

Commodity

റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം; ഉല്‍പ്പാദനവും ആവശ്യകതയും ഉയരും

MyFin Desk

റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം;  ഉല്‍പ്പാദനവും ആവശ്യകതയും ഉയരും
X

Summary

കാങ്കയത്ത് കൊപ്ര വില ഇന്ന് ക്വിന്റലിന് 500 രൂപ ഇടിഞ്ഞതിന്റെ ചുവട് പിടിച്ച് കൊച്ചിയില്‍ എണ്ണയ്ക്കും കൊപ്രയ്ക്കും 200 രൂപ വീതം കുറഞ്ഞു


തേക്കടി കാര്‍ഡമം പ്രോസസ്സിംഗില്‍ നടന്ന ഏലക്ക ലേലത്തിന് എത്തിയ ചരക്ക് പൂര്‍ണ്ണമായി വിറ്റഴിഞ്ഞു. ഉല്‍പാദന കേന്ദ്രങ്ങളില്‍ പകല്‍ താപനില പതിവിലും ഉയര്‍ന്നത് വാങ്ങലുകാരെ ആശങ്കയിലാക്കി. മഴയുടെ അഭാവത്തില്‍ പല തോട്ടങ്ങളും വരള്‍ച്ചയുടെ പിടിയിലുമാണ്. പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ നൊയമ്പ് കാല ആവശ്യങ്ങള്‍ക്കായി ഏലക്ക നേരത്തെ തന്നെ സംഭരിച്ചിട്ടുള്ളതിനാല്‍ കയറ്റുമതിക്കാര്‍ കരുതലോടെയാണ് ചരക്ക് ശേഖരിക്കുന്നത്. മൊത്തം 72,074 കിലോ ഏലക്കയാണ് ലേലത്തിന് എത്തിയത്. ഇത് മൊത്തമായി വാങ്ങലുകാര്‍ ശേഖരിച്ചെങ്കിലും ശരാശരി ഇനങ്ങള്‍ കിലോ 2415 രൂപയായും മികച്ചയിനങ്ങള്‍ 2912 രൂപയിലും ഇടപാടുകള്‍ നടന്നു

ആഗോള പ്രകൃതിദത്ത റബര്‍ ഉല്‍പാദനം ഈ വര്‍ഷം 2.4 ശതമാനം ഉയര്‍ന്ന് 15.2 മില്യന്‍ ടണ്ണിലെത്തുമെന്ന് പുതിയ വിലയിരുത്തല്‍. അതേസമയം, റബറിന് ആഗോള ഡിമാന്റ് 1.7 ശതമാനം ഉയര്‍ന്ന് 15.6 മില്ല്യണ്‍ ടണ്ണാവുമെന്നത് ഉല്‍പ്പന്നത്തിന് ഡിമാന്റ് ഉയര്‍ത്തും. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് റബര്‍ ഉല്‍പാദനത്തെ മറികടന്ന് ഡിമാന്റ് മുന്നേറുന്നത്. ആഗോള ഓട്ടോമോട്ടീവ് മേഖലയിലെ ഉണര്‍വ് റബറിന് മെച്ചപ്പെട്ട വിലയ്ക്ക് അവസരം ഒരുക്കാം. സംസ്ഥാനത്ത് നാലാം ഗ്രേഡ് 21500 ല്‍ നിന്നും 21600 രൂപയായി ഉയര്‍ത്തി. അഞ്ചാം ഗ്രേഡ് റബര്‍ 21300 രൂപയില്‍ വിപണനം നടന്നു.

തമിഴ്നാട്ടില്‍ കൊപ്ര വിറ്റുമാറാന്‍ ഇടപാടുകാര്‍ മത്സരിച്ചു. കാങ്കയത്ത് കൊപ്ര വില ഇന്ന് ക്വിന്റലിന് 500 രൂപ ഇടിഞ്ഞതിന്റെ ചുവട് പിടിച്ച് കൊച്ചിയില്‍ എണ്ണയ്ക്കും കൊപ്രയ്ക്കും 200 രൂപ വീതം കുറഞ്ഞു.