22 Jan 2026 5:13 PM IST
Summary
രാജ്യാന്തര വിപണിയിൽ റബർ വില കുതിക്കുന്നു. ഏലത്തിന് ആഭ്യന്തര വിപണിയിൽ ഡിമാൻഡ് ഉയരുന്നു. ലേലത്തിന് എത്തിയ 74,219 കിലോ ഏലക്കയിൽ 71,581 കിലോയും വിറ്റഴിഞ്ഞു
രാജ്യാന്തര വിപണിയിൽ റബർ വില കുതിച്ചു കയറുന്നു. തായ് മാർക്കറ്റായ ബാങ്കോക്കിൽ ഷീറ്റ് വില കിലോ 200 രൂപയായി ഉയർന്നു. ജപ്പാനിലെ പ്രമുഖ റബർ അവധി വ്യാപാര കേന്ദ്രത്തിലും ഉൽപ്പന്ന വില വർദ്ധിച്ചു. ജാപ്പാനീസ് നാണയത്തിന് നേരിട്ട തളർച്ചയും രാജ്യാന്തര ക്രൂഡ് ഓയിയിലെ ഉണർവും വിദേശ നിക്ഷേപകരെ റബറിലേയ്‌ക്ക് ആകർഷിച്ചു.
ജപ്പാൻ റബർ കിലോ 355യെന്നിലേയ്‌ക്ക് ഉയർന്നു.വിദേശത്ത് നിന്നുള്ള അനുകൂല റിപ്പോർട്ടുകൾക്കിടയിൽ ഇന്ത്യൻ ടയർ വ്യവസായികൾ മാർക്കറ്റിൽ സജീവമായി.കൊച്ചിയിൽ നാലാം ഗ്രേഡ് റബർ ക്വിൻറ്റലിന് 200 രൂപ ഉയർന്ന് 19,700 രൂപയായി. അഞ്ചാം ഗ്രേഡ് റബർ 19200 രൂപയിൽ വിപണനം നടന്നു. റബർ വില കിലോ 200ലേയ്‌ക്ക് ഉയരുമെന്ന പ്രതീക്ഷയിൽ ഉൽപാദന മേഖല വിൽപ്പനയിൽ നിന്നും അൽപ്പം പിൻവലിഞ്ഞു.
നാളികേരത്തിന് വീണ്ടും വില ഇടിയുമോ?
നാളികേരത്തിൻെറ വില ഇടിവ് കണ്ട് വിളവെടുപ്പ് പരമാവധി വേഗത്തിലാക്കാനുള്ള നീക്കത്തിലാണ് ഒരു വിഭാഗം കർഷകർ. കൊപ്രയ്‌ക്ക് വ്യവസായിക ഡിമാൻറ് മങ്ങിയതിനാൽ തുടർച്ചയായ ദിവസങ്ങളിൽ വിപണി തളർച്ചയിലാണ്. കാങ്കയത്ത് കൊപ്ര വില ഇന്ന് 200 രൂപ കുറഞ്ഞ് 17,050 ലേയ്‌ക്ക് ഇടിഞ്ഞു. എന്നാൽ കൊച്ചിയിൽ നാളികേരോൽപ്പന്നങ്ങൾ സ്‌റ്റെഡി നിലവാരത്തിൽ നീങ്ങി.
ഏലക്ക ലേലത്തിന് എത്തിയ 74,219 കിലോ ചരക്കിൽ 71,581 കിലോയും വിറ്റഴിഞ്ഞു. രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നും ഏലത്തിന് അന്വേഷണങ്ങളുണ്ട്. കയറ്റുമതിക്കാർ ഉൽപ്പന്നത്തിൽ പിടിമുറുക്കിയതോടെ വലിപ്പം കൂടിയ ഇനങ്ങൾ കിലോ 2964 രൂപയിലും ശരാശരി ഇനങ്ങൾ 2435 രൂപയിലും ഇടപാടുകൾ നടന്നു. പകൽ താപനില ഉയരുന്നതിനാൽ ഉൽപാദകർ തോട്ടങ്ങളിൽ നിന്നും അൽപ്പം പിൻവലിയുന്നുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
