26 Dec 2023 7:00 PM IST
Summary
- എറ്റവും കൂടുതൽ റബർ ഇറക്കുമതി നടത്തുന്ന രാജ്യമാണ് ചൈന
- വലിപ്പം കൂടിയ ഏലക്ക ഇനങ്ങളിൽ കയറ്റുമതിക്കാർ താൽപര്യം കാണിക്കുന്നു
- കൊച്ചിയിൽ അൺ ഗാർബിൾഡ് മുളക് ക്വിൻറ്റലിന് 58,600 രൂപ
കൊച്ചി: ടയർ നിർമ്മാതാക്കൾ അവധി ആഘോഷങ്ങൾക്ക് ശേഷം വിപണിയിൽ തിരിച്ച് എത്തുന്നതോടെ നിരക്ക് ഉയരാനുള്ള സാധ്യതകൾ തെളിയുന്നു. വാരാവസാനം ചൈനീസ് കേന്ദ്ര ബാങ്കായ പീപ്പിൾസ് ബാങ്ക് പലിശ നിരക്കിൽ ഇളവ് വരുത്തി. ഈവർഷം ഇത് മൂന്നാം തവണയാണ് അവർ പലിശയിൽ കുറവ് പ്രഖ്യാപിക്കുന്നത്. ബീജിംഗിന്റെ നീക്കം വിപണിയിൽ പണലഭ്യത ഉയർത്തുമെന്നത് വ്യവസായികളെ റബർ മാർക്കറ്റിൽ സജീവമാക്കാം. ആഗോള തലത്തിൽ എറ്റവും കൂടുതൽ റബർ ഇറക്കുമതി നടത്തുന്ന രാജ്യമെന്ന നിലയ്ക്ക് ചൈനയിലെ ഓരോ നീക്കവും ഷീറ്റ് വിലയിൽ പ്രതിഫലിക്കും.
ക്രിസ്തുമസിന് ശേഷം ഇടപാടുകൾ പുനരാരംഭിച്ച ഷാങ്ഹായ് വിപണിയിൽ റബർ വില ടണ്ണിന് 1950 ഡോളറിലേയ്ക്ക് അടുത്തു, നവംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. വിദേശത്ത് നിന്നുള്ള അനുകൂല വാർത്തകൾ ഇന്ത്യൻ മാർക്കറ്റിലും സ്വാധീനം ചെലുത്താം. നാലാം ഗ്രേഡ് റബർ കിലോ 155 ലേയ്ക്ക് ഉയർന്നു, ചില കമ്പനികൾ 156 രൂപയ്ക്കും ചരക്ക് സംഭരിക്കാൻ നീക്കം നടത്തിയതായി വിപണി വൃത്തങ്ങൾ. ക്രിസ്തുമസ് അവധിയിൽ നീങ്ങുന്നതിനാൽ കാർഷിക മേഖലയിൽ നിന്നും കൊച്ചി, കോട്ടയം മാർക്കറ്റുകളിൽ ചരക്ക് വരവ് നാമമാത്രമായിരുന്നു.
ഏലക്കയ്ക്ക് പ്രീയം
നെടുക്കണ്ടത്ത് നടന്ന ഏലക്ക ലേലത്തിൽ മുക്കാൽ ലക്ഷം കിലോഗ്രാമിന് മുകളിൽ ഉൽപ്പന്നം വിൽപ്പനയ്ക്ക് വന്നു. വിവിധ വിദേശ രാജ്യങ്ങളിൽ നിന്നും സുഗന്ധറാണിക്ക് നേരത്തെ ലഭിച്ച ഓർഡറുകൾ മുൻ നിർത്തിയും പുതിയ അന്വേഷണങ്ങൾ കണക്കിലെടുത്തും വലിപ്പം കൂടിയ ഇനങ്ങളിൽ കയറ്റുമതിക്കാർ താൽപര്യം കാണിച്ചു. അറബ് രാജ്യങ്ങളുമായുള്ള കച്ചവടങ്ങൾ ലക്ഷ്യമാക്കിയും ഏലക്ക ശേഖരിക്കുന്നുണ്ട്. മികച്ചയിനങ്ങൾ കിലോ 2393 രൂപയിൽ ഇടപാടുകൾ നടന്നു, ആഭ്യന്തര വാങ്ങലുകാരിൽ നിന്നുള്ള ഡിമാൻറ്റിൽ ശരാശരി ഇനങ്ങൾ 1756 രൂപയിൽ കൈമാറി.
കുരുമുളകിന് ഇടിവ്
കുരുമുളക് കർഷകരും മദ്ധ്യവർത്തികളും വിൽപ്പനയിൽ നിന്നും അൽപ്പം പിൻതിരിഞ്ഞതിനാൽ വില ഇടിച്ച് ചരക്ക് ശേഖരിക്കാനുള്ള അന്തർസംസ്ഥാന വാങ്ങലുകാരുടെ ശ്രമം പരാജയപ്പെട്ടു. ഹൈറേഞ്ച് മുളകിന് വരും ദിനങ്ങളിൽ ആഭ്യന്തര ആവശ്യം ഉയരുമെന്ന നിഗമനത്തിലാണ് സ്റ്റോക്കിസ്റ്റുകൾ. കൊച്ചിയിൽ അൺ ഗാർബിൾഡ് മുളക് ക്വിൻറ്റലിന് 58,600 രൂപ.
സ്വർണം തിളങ്ങുന്നു
കേരളത്തിലെ ആഭരണ കേന്ദ്രങ്ങളിൽ സ്വർണ വില വീണ്ടും വർദ്ധിച്ചു. പവന് ഇന്ന് 160 രൂപ ഉയർന്ന് 46,560 രൂപയിൽ നിന്ന് 46,720 രൂപയായി. ഒരു ഗ്രാം സ്വർണ വില 5820 രൂപയിൽ നിന്ന് 5840 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണ വില ട്രോയ് ഔൺസിന് 2053 ഡോളറിൽ നിന്നും 2063 ഡോളറായി കയറി.
പഠിക്കാം & സമ്പാദിക്കാം
Home
