9 Feb 2026 6:57 PM IST
Summary
കൊച്ചിയില്‍ വിപണി വിലയിലും ക്വിന്റലിന് 1500 രൂപ വരെ ഉയര്‍ത്തി കുരുമുളക് വാങ്ങാനും ഉത്തരേന്ത്യന്‍ വ്യാപാരികള്‍ തയ്യാറായി
റബര്‍ ലഭ്യത ചുരുങ്ങിയത് കണ്ട് ടയര്‍ വ്യവസായികള്‍ വിപണികളില്‍ പിടിമുറുക്കുന്നു. പ്രതികൂല കാലാവസ്ഥയില്‍ കേരളത്തില്‍ ഉല്‍പാദനം കുറഞ്ഞതിനാല്‍ പ്രമുഖ വിപണികളില്‍ വ്യവസായികളെ നിരക്ക് ഉയര്‍ത്താന്‍ പ്രേരിപ്പിച്ചു. നാലാം ഗ്രേഡ് ഷീറ്റ് വില 20700 രൂപയായി ഉയര്‍ന്നു. അഞ്ചാം ഗ്രേഡ് റബര്‍ 20400 രൂപയില്‍ വിപണനം നടന്നു. ഒട്ടുപാല്‍ കിലോ 140 രൂപയ്ക്ക് ശേഖരിക്കാന്‍ വാങ്ങലുകാര്‍ ഉത്സാഹിച്ചപ്പോള്‍ ലാറ്റക്‌സിന് 130 ല്‍ നിന്നും മുന്നേറാനായില്ല. ജപ്പാന്‍ ഒസാക്കയില്‍ റബര്‍ വില കിലോ 349 യെന്നില്‍ നിന്നും 354 വരെ കയറി. ബാങ്കോക്കില്‍ ഷീറ്റ് വില കിലോ 200 രൂപയായി ഉയര്‍ന്നു.
നാളികേരോല്‍പ്പന്നങ്ങളുടെ ലഭ്യത ഗ്രാമീണ മേഖലകളില്‍ ഉയരുന്നത് കണ്ട് വ്യവസായികള്‍ കൊപ്ര സംഭരണം കുറച്ചു. തമിഴ്‌നാട്ടില്‍ കൊപ്ര വില ക്വിന്റലിന് 150 രൂപ താഴ്ന്നു. ഒട്ടുമിക്ക ഭാഗങ്ങളിലും നാളികേര വിളവെടുപ്പ് പുരോഗമിക്കുന്നതിനാല്‍ പച്ചതേങ്ങ ലഭ്യത ഉയരാന്‍ ഇടയുണ്ട്. കൊച്ചിയില്‍ വെളിച്ചെണ്ണ വില 100 രൂപ കുറഞ്ഞപ്പോള്‍ കൊപ്ര വിലയില്‍ മാറ്റമില്ല.
ഉത്തരേന്ത്യന്‍ വ്യാപാരികള്‍ കുരുമുളകിനായി ഹൈറേഞ്ച് മേഖലകളില്‍ ഇറങ്ങിയിട്ടും കാര്യമായി ചരക്ക് കണ്ടെത്താനായില്ല. കൊച്ചി വിപണിയെ മാത്രം ആശ്രയിച്ചാല്‍ ഡിമാന്റന് അനുസൃതമായി മുളക് കണ്ടെത്താനാവില്ലന്ന നിലപാടിലാണവര്‍. കൊച്ചിയില്‍ വിപണി വിലയിലും ക്വിന്റലിന് 1500 രൂപ വരെ ഉയര്‍ത്തി കുരുമുളക് വാങ്ങാനും അവര്‍ ഉത്സാഹിച്ചു. കമ്പം, തേനിയില്‍ നിന്നുള്ള വാങ്ങലുകാരാണ് ഹൈറേഞ്ചിലെ ഉല്‍പാദകരെ സമീപിച്ചത്. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് മുളക് വില 200 രൂപ വര്‍ദ്ധിച്ച് 70,400 രൂപയായി.
പഠിക്കാം & സമ്പാദിക്കാം
Home
