14 Nov 2025 6:12 PM IST
Summary
നാലാം ഗ്രേഡ് റബര്‍ 18800 രൂപയില്‍ നിന്നും 18600 രൂപയായി
നിക്ഷേപകര്‍ റബറിനോട് കാണിച്ച താല്‍പര്യം ഏഷ്യന്‍ മാര്‍ക്കറ്റുകളെ സജീവമാക്കി. റബര്‍ അവധി വിലകളിലെ ഉണര്‍വ് കണ്ട് കയറ്റുമതി രാജ്യങ്ങള്‍ വില ഉയര്‍ത്തി. ബാങ്കോക്കില്‍ റബര്‍ കിലോ 187 രൂപയായി കയറി, ഇന്തോനേഷ്യ, മലേഷ്യന്‍ മാര്‍ക്കറ്റുകളിലും ഉല്‍പ്പന്നം മികവിലാണ്. അതേ സമയം ഇന്ത്യന്‍ ടയര്‍ കമ്പനികള്‍ കൊച്ചി, കോട്ടയം മാര്‍ക്കറ്റുകളില്‍ വില ഇടിച്ചു. നാലാം ഗ്രേഡ് റബര്‍ 18800 രൂപയില്‍ നിന്നും 18600 രൂപയാക്കി. ലാറ്റക്‌സ് 119 രൂപയിലും വിപണനം നടന്നു. ടാപ്പിങ് രംഗത്ത് ഉണര്‍വ് കണ്ട് തുടങ്ങിയ തക്കത്തിനാണ് ടയര്‍ ലോബി ആഭ്യന്തര വില ഇടിച്ചത്.
ലേല കേന്ദ്രങ്ങളിലേയ്ക്ക് ഏലക്ക പ്രവാഹം. കാര്‍ഷിക മേഖലയില്‍ ഇന്നലെ നടന്ന രണ്ട് ലേലങ്ങളിലായി രണ്ട് ലക്ഷം കിലോയില്‍ അധികം ഏലക്ക വില്‍പ്പനയ്ക്ക് എത്തി. നടപ്പ് സീസണില്‍ വരവ് ഇത്ര ശക്തമാകുന്നത് ആദ്യം. മൊത്തം 2,33,023 കിലോ ചരക്ക് വില്‍പ്പനയ്ക്ക് വന്നതില്‍ 2,29,295 കിലോയും വിറ്റഴിഞ്ഞു. വാങ്ങല്‍ താല്‍പര്യം ശക്തമായത് കണക്കിലെടുത്താല്‍ വിദേശത്ത് നിന്നും ഏലത്തിന് കൂടുതല്‍ അന്വേഷണങ്ങള്‍ എത്തിയതായി വേണം അനുമാനിക്കാന്‍ എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കയറ്റുമതി കേന്ദ്രങ്ങള്‍ പുറത്ത് വിടുന്നില്ല. ആഭ്യന്തര മാര്‍ക്കറ്റിലും ഏലത്തിന് ആവശ്യകാരുണ്ട്. ശരാശരി ഇനങ്ങള്‍ കിലോ 2400 രൂപയിലാണ്.
കുരുമുളക് വിപണിയിലെ ഉണര്‍വ് കണ്ട് സ്റ്റോക്കുള്ള ചരക്കിന് കൂടിയ വില ഉറപ്പ് വരുത്താനാവുമെന്ന നിഗമത്തിലാണ് ഉല്‍പാദകര്‍. സംസ്ഥാനത്തിന്റെ അങ്ങോളമിങ്ങോളമുള്ള തോട്ടങ്ങളില്‍ കുരുമുളക് മണികള്‍ മൂത്ത് വിളവെടുപ്പിന് സജജമാക്കുന്നതേയുളളു. ജനുവരിക്ക് ശേഷം തോട്ടങ്ങള്‍ വിളവെടുപ്പിന് ഒരുങ്ങുമെന്ന കണക്ക് കൂട്ടലിലാണ് കര്‍ഷകര്‍. അണ്‍ ഗാര്‍ബിര്‍ഡ് കുരുമുളക് കിലോ 68400 രൂപയില്‍ വ്യാപാരം നടന്നു.
പഠിക്കാം & സമ്പാദിക്കാം
Home
