image

19 Jan 2026 6:24 PM IST

Commodity

ആശ്വാസം, റബര്‍വില ഉയര്‍ന്നു; തിളക്കത്തോടെ കുരുമുളകും

MyFin Desk

ആശ്വാസം, റബര്‍വില ഉയര്‍ന്നു;  തിളക്കത്തോടെ കുരുമുളകും
X

Summary

വിപണികളില്‍ ഷീറ്റ് ലഭ്യത കുറഞ്ഞതാണ് നിരക്ക് ഉയരാന്‍ കാരണമായത്


ഏഷ്യന്‍ റബര്‍ അവധി വ്യാപാര രംഗം തളര്‍ച്ചയില്‍ നീങ്ങിയെങ്കിലും ഇന്ത്യന്‍ മാര്‍ക്കറ്റ് കരുത്ത് നേടി. കൊച്ചി, കോട്ടയം വിപണികളില്‍ ഷീറ്റ് ലഭ്യത കുറഞ്ഞതിനാല്‍ ടയര്‍ വ്യവസായികള്‍ നിരക്ക് ഉയര്‍ത്താന്‍ നിര്‍ബന്ധിതരായി.

കൊച്ചിയില്‍ നാലാം ഗ്രേഡ് ഷീറ്റ് വില 19200 രൂപയായും, അഞ്ചാം ഗ്രേഡ് 18800 രൂപയായും ഉയര്‍ന്ന് ഇടപാടുകള്‍ നടന്നു. തായ് വിപണിയായ ബാങ്കോക്കില്‍ ഷീറ്റ് വില കിലോ 197 രൂപയാണ്. ചൈനയില്‍ വാഹന വില്‍പ്പന നവംബറില്‍ കുറഞ്ഞ വിവരം റബറിനെ ചെറിയ അവില്‍ ബാധിക്കാന്‍ ഇടയുണ്ട്. ലൂണാര്‍ പുതുവത്സര അവധി ദിനങ്ങള്‍ മുന്നില്‍ കണ്ടുള്ള വാങ്ങലുകള്‍ക്ക് ചൈനീസ് വ്യവസായികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉത്സാഹിച്ചെങ്കിലും ഇന്ന് അവര്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നിന്നും അല്‍പ്പം പിന്‍തിരിഞ്ഞു നിന്നു.

ഉത്തരേന്ത്യയില്‍ നിന്നുള്ള അന്വേഷണങ്ങളുടെ കരുത്തില്‍ കുരുമുളക് വില വീണ്ടും വര്‍ദ്ധിച്ചു. പിന്നിട്ട വാരം മുളക് വില ക്വിന്റ്റലിന് 500 രൂപ ഉയര്‍ന്ന് 69,800 വരെ ഉയര്‍ന്ന് ഇടപാടുകള്‍ നടന്നിരുന്നു. വിലക്കയറ്റം കണ്ട് ഒരു വിഭാഗം

കര്‍ഷകരെ തിരക്കിട്ട് വിളവെടുപ്പിന് നീക്കം തുടങ്ങി. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില ഇന്ന് 100 രൂപ ഉയര്‍ന്ന് 71,900 രൂപയായി. രാജ്യാന്തര വിപണിയില്‍ ടണ്ണിന് 8100 ഡോളറാണ്, ഇതര ഉല്‍പാദന രാജ്യങ്ങള്‍ 6600-7000 ഡോളര്‍ കുരുമുളകിന് ആവശ്യപ്പെട്ടു.

തമിഴ്നാട് എണ്ണ വിപണിയായ കാങ്കയം വീണ്ടും സജീവമായതോടെ വെളിച്ചെണ്ണ, കൊപ്ര വിലകള്‍ വര്‍ദ്ധിച്ചു. അതേ സമയം കൊച്ചിയില്‍ നാളികേരോല്‍പ്പന്നങ്ങളുടെ വിലകളില്‍ മാറ്റമില്ല. പല ഭാഗങ്ങളിലും കര്‍ഷകര്‍ നാളികേര വിളവെടുപ്പിന് ഒരുങ്ങുന്ന സാഹചര്യത്തില്‍ പച്ചതേങ്ങ ലഭ്യത ഉയരുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.