29 Jan 2026 6:38 PM IST
Summary
ഒരുവിഭാഗം മധ്യവര്‍ത്തികള്‍ ചരക്ക് പൂഴ്ത്തിവെപ്പ് നടത്തുന്നതാണ് വരവ് ചുരുങ്ങാന്‍ ഇടയാക്കിയതിന് പിന്നിലെന്ന് ടയര്‍ ലോബി വിലയിരുത്തുന്നു
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലെ ഉണര്‍വും മുഖ്യ റബര്‍ ഉല്‍പാദന രാജ്യങ്ങളിലെ ലഭ്യത കുറവും ബാങ്കോക്കില്‍ ഷീറ്റ് വില കിലോ 206 രൂപയിലേയ്ക്ക് ഉയര്‍ത്തി. കയറ്റുമതി രാജ്യങ്ങളില്‍ റബര്‍ ടാപ്പിങ് രംഗം തളര്‍ച്ചയിലേയ്ക്ക് നീങ്ങുന്നതിനാല്‍ നിരക്ക് കൂടുതല്‍ ആകര്‍ഷകമായി മാറാന്‍ ഇടയുണ്ട്. ഇന്ത്യന്‍ ടയര്‍ വ്യവസായികളുടെ ആവശ്യാനുസരണം ഷീറ്റും ലാറ്റക്‌സും കൊച്ചി, കോട്ടയം വിപണികളില്‍ വില്‍പ്പനയ്ക്ക് ഇറങ്ങുന്നില്ല.
ഒരുവിഭാഗം മധ്യവര്‍ത്തികള്‍ ചരക്ക് പൂഴ്ത്തിവെപ്പ് നടത്തുന്നതാണ് വരവ് ചുരുങ്ങാന്‍ ഇടയാക്കിയതിന് പിന്നിലെന്ന് ടയര്‍ ലോബി വിലയിരുത്തുന്നു. കൊച്ചിയില്‍ നാലാംഗ്രേഡ് റബര്‍ വില 20100രൂപയില്‍ നിന്നും 20300രൂപയായി ഉയര്‍ന്നങ്കിലും ചരക്ക് വരവ് നാമമാത്രമായിരുന്നു. ഇതിനിടയില്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള ചെറുകിട വ്യവസായികള്‍ അഞ്ചാം ഗ്രേഡ് റബര്‍ 20000രൂപയ്ക്ക് ശേഖരിച്ചു, ഒട്ടുപാല്‍ വില 13200രൂപയായി ഉയര്‍ന്നു.
നാളികേര വിളവെടുപ്പിന് ചെറുകിട കര്‍ഷകര്‍ ഉത്സാഹിച്ചതോടെ വിപണികളില്‍ പച്ചതേങ്ങ ലഭ്യത ഉയര്‍ന്നു. അതേസമയം കൊപ്രയാട്ട് മില്ലുകാര്‍ക്ക് ആവശ്യാനുസരണം ചരക്ക് കണ്ടെത്താന്‍ ക്ലേശിക്കുകയാണ്. ഇതിനിടയില്‍ തമിഴ്‌നാട്ടിലെ വന്‍കിടമില്ലുകാര്‍ വെളിച്ചെണ്ണ വില ക്വിന്റലിന് 125 രൂപ ഉയര്‍ത്തിയെങ്കിലും ഇതിന്റെ ചുവട് പിടിച്ച് കേരളത്തില്‍ നിരക്ക് ഉയര്‍ത്താന്‍ മില്ലുകാര്‍ തയ്യാറായില്ല. മാസാരംഭമായതിനാല്‍ ലോക്കല്‍ മാര്‍ക്കറ്റില്‍ വെളിച്ചെണ്ണയ്ക്ക് ഡിമാന്റ് ഉയരുമെന്ന പ്രതീക്ഷയിലാണ് വ്യാപാര രംഗം.
കുരുമുളക് വിളവെടുപ്പ് ഊര്‍ജിതമായത് മറയാക്കി ഉല്‍പ്പന്നവില ഇടിക്കാന്‍ ഉത്തരേന്ത്യന്‍ ഇടപാടുകാര്‍ ശക്തമായ ശ്രമം നടത്തുന്നു. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില ക്വിന്റലിന് 69,400 രൂപയായി താഴ്ന്ന് ക്ലോസിങ് നടന്നു.
പഠിക്കാം & സമ്പാദിക്കാം
Home
