image

16 Oct 2023 12:20 PM GMT

Commodity

റബര്‍വില ഉയര്‍ന്നുതന്നെ; പ്രതീക്ഷ പുലര്‍ത്തി കുരുമുളക്

G Sunil

റബര്‍വില ഉയര്‍ന്നുതന്നെ;  പ്രതീക്ഷ പുലര്‍ത്തി കുരുമുളക്
X

Summary

  • ഏലത്തിന് ആവശ്യം ഉയരുന്നു
  • കുരുമുളകിന് ഉയര്‍ന്ന ആവശ്യം


റബര്‍ മികവ് പുലര്‍ത്തിയവാരത്തിന് ശേഷം അടുത്ത കുതിപ്പിന് ഷീറ്റ് ശ്രമം നടത്തുമെന്ന നിഗമനത്തിലാണ് ഇടപാടുകാര്‍ ഇന്ന് വിപണിയില്‍ എത്തിയത്. പിന്നിട്ടവാരം മികച്ചയിനം റബര്‍ വില ക്വിന്റ്റലിന് 600 രൂപ വര്‍ധിച്ച് 15,200 ലേയ്ക്ക് ഉയര്‍ന്നത് ഇന്ന് 15,300 ലേയ്ക്ക് കയറി. ഉണര്‍വ് തുടരുമെന്ന കണക്ക് കൂട്ടലില്‍ സ്റ്റോക്ക് വില്‍പ്പനയ്ക്ക് ഇറക്കാന്‍ ഒരു വിഭാഗം നീക്കം നടത്തി.

ഏഷ്യന്‍ റബര്‍ അവധി നിരക്കുകളില്‍ ഉടലെടുത്ത വാങ്ങല്‍ താല്‍പര്യവും രാജ്യാന്തര ക്രൂഡ് ഓയില്‍ വിലയിലെ മുന്നേറ്റവും കൃത്രിമ റബറിനൊപ്പം സ്വഭാവിക റബര്‍ വിലയും ഉയര്‍ത്തുമെന്ന് പ്രതീക്ഷയിലാണ് ഉല്‍പാദന മേഖല. റെഡി മാര്‍ക്കറ്റായ ബാങ്കോക്കില്‍ നാലാം ഗ്രേഡിന് തുല്യമായ ഷീറ്റ് ഇന്ന് കിലോ 143 രൂപയായി ഉയര്‍ന്ന വിവരം പുറത്തുവന്നതോടെ വ്യവസായികള്‍ കൊച്ചി, കോട്ടയം വിപണികളില്‍ നിന്നും ചരക്ക് സംഭരണത്തിന് ഉത്സാഹം കാട്ടി.

കയറ്റുമതിക്കാരില്‍ നിന്നും ഉത്തരേന്ത്യന്‍ ഇപാടുകാരില്‍ നിന്നും ഏലത്തിന് ആവശ്യം ഇപ്പോള്‍ ഉയര്‍ന്ന് നില്‍ക്കുകയാണ്. ഉല്‍പാദന മേഖലയില്‍ നടന്ന ലേലത്തില്‍ 68,377 കിലോ ചരക്ക് വില്‍പ്പനയ്ക്ക് വന്നതില്‍ 55,953 കിലോ വിറ്റഴിഞ്ഞു. വലിപ്പം കൂടിയ ഇനങ്ങള്‍ കിലോ 2270 രൂപയിലും ശരാശരി ഇനങ്ങള്‍ 1690 രൂപയിലും ഇടപാടുകള്‍ നടന്നു.

കാലാവസ്ഥ അനുകൂലമായതിനാല്‍ പല ഭാഗങ്ങളിലും വിളവെടുപ്പ് പുരോഗമിക്കുന്നു. ഉത്സവ ദിനങ്ങള്‍ മുന്നിലുള്ളതിനാല്‍ മെച്ചപ്പെട്ട വിലയ്ക്ക് ഏലക്ക കൈമാറാനാവുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

ലിറ്റര്‍വെയിറ്റ് കൂടിയ ഇനം കുരുമുളകിന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ആവശ്യം വര്‍ധിച്ചു. സാന്ദ്രത കൂടിയ കുരുമുളക് കേരളത്തിലും കര്‍ണാടകത്തിലും ആവശ്യാനുസരണം ലഭിക്കുന്നില്ലെന്ന വിവരം പുറത്തവന്നതോടെ അവസരം നേട്ടമാക്കാനുള്ള നീക്കത്തിലാണ് കൊളംമ്പോയിലെ കയറ്റുമതിക്കാര്‍.

ശ്രീലങ്കയില്‍ മികച്ചയിനം വലിപ്പം കൂടിയ കുരുമുളക് സ്റ്റോക്കുള്ളവര്‍ ചരക്ക് ഇന്ത്യന്‍ ഇറക്കുമതിക്കാര്‍ക്ക് വാഗ്ദാനം ചെയ്തു. കഴിഞ്ഞവാരത്തില്‍ ടണ്ണിന് 6200 ഡോളറായിരുന്നത് ഡിമാന്റ് മുന്നില്‍ കണ്ട് അവര്‍ പെടുന്നനെ നിരക്ക് 6800 ഡോളറാക്കി ഉയര്‍ത്തി. ടണ്ണിന് 600 ഡോളര്‍ ഉയര്‍ത്തിയത് കണക്കിലെടുത്താല്‍ ശ്രീലങ്കയിലും നാടന്‍ ചരക്കിന് ക്ഷാമം നേരിടുന്നതായി വേണം വിലയിരുത്താന്‍. കൊച്ചിയില്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില 62,700 രൂപ.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണ വില താഴ്ന്നു. ട്രോയ് ഔണ്‍സിന് 1933 ഡോളറില്‍ നിന്നും 1920 ഡോളറായി താഴ്ന്നു. കേരളത്തില്‍ സ്വര്‍ണ വില പവന് 43,320 രൂപയില്‍ നിന്ന് 43080 രൂപയായി.