21 Jan 2026 7:39 PM IST
Summary
റബര്‍ വില ഉയര്‍ന്നെങ്കിലും വിപണികളില്‍ വരവ് കുറവ്. വില 200 രൂപയ്ക്കുമേല്‍ എത്താന്‍ ഇടനിലക്കാര്‍ കാത്തിരിക്കുന്നു. കൊച്ചിയില്‍ വെളിച്ചെണ്ണവില വീണ്ടും ക്വിന്റലിന് 200 രൂപ കുറഞ്ഞിട്ടുണ്ട്
ഏലക്കലേലത്തില്‍ ആഭ്യന്തര,വിദേശ വാങ്ങലുകാര്‍ അണിനിരന്നിട്ടും കര്‍ഷകരുടെ പ്രതീക്ഷയ്ക്ക് വില ഉയര്‍ന്നില്ല. പതിവില്‍ നിന്നും വ്യത്യസ്തമായി ലേലത്തില്‍ വരവ് 21,251 കിലോയായി ചുരുങ്ങിയെങ്കിലും നിരക്ക് ഉയര്‍ത്താന്‍ ഇടപാടുകാര്‍ ഉത്സാഹിച്ചില്ല. ശരാശരി ഇനങ്ങള്‍ കിലോ 2445 രൂപയിലും മികച്ചയിനങ്ങള്‍ 2989 രൂപയിലും ലേലം ഉറപ്പിച്ചു.
റബര്‍ ക്ഷാമത്തിനിടയില്‍ ഷീറ്റ് വിലവീണ്ടും ഉയര്‍ന്നങ്കിലും വിപണികളില്‍ വരവ് നാമമാത്രം. കര്‍ഷകരുടൈ കെവശം റബര്‍ നീക്കിയിരിപ്പ് കുറവാണ്, മധ്യവര്‍ത്തികള്‍ കരുതല്‍ ശേഖരം 200 രൂപയ്ക്ക് മുകളില്‍ എത്തിയശേഷം വില്‍പ്പനയ്ക്ക് ഇറക്കാമെന്ന നിലപാടിലുമാണ്. നാലാംഗ്രേഡിന് കിലോ 195 രൂപയായി കയറി, അഞ്ചാം ഗ്രേഡ് 190 രൂപയില്‍ വ്യാപാരംനടന്നു.
കൊച്ചിയില്‍ വെളിച്ചെണ്ണവില വീണ്ടും ക്വിന്റലിന് 200 രൂപയും കൊപ്രയ്ക്ക് 100 രൂപയും ഇടിഞ്ഞു. തമിഴ്‌നാട്ടിലും നാളികേരോല്‍പ്പന്നങ്ങളുടെ വിലയില്‍ കുറവ് സംഭവിച്ചു. ഉല്‍പാദനം ഉയരുമെന്ന വിലയിരുത്തലുകള്‍ മുന്‍നിര്‍ത്തി വിളവെടുപ്പ് പരമാവധി വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍.
ആഗോളവിപണിയില്‍ കൊക്കോവില രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന തലത്തിലേയ്ക്ക്. ആഫ്രിക്കയില്‍ ഉല്‍പാദനം ഉയരുമെന്ന വിവരം ചോക്ലേറ്റ് വ്യവസായികളെ ചരക്ക് സംഭരണത്തില്‍ നിന്നും പിന്‍തിരിപ്പിച്ചതോടെ നിരക്ക് ടണ്ണിന് 4648 ഡോളറിലേയ്ക്ക് ഇടിഞ്ഞു. 2025 ജനുവരിയില്‍ വില 9000 ഡോളറായിരുന്നു. മധ്യകേരളത്തില്‍ പച്ചകൊക്കോ വില 140 രൂപയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
