1 Jan 2024 5:35 PM IST
Summary
- മികച്ചയിനം ഏലക്ക വില കിലോ 2622 രൂപയിലെത്തി
- മികച്ചയിനം റബറിന് കിലോ 156 രൂപ മാത്രം
പുതു വര്‍ഷത്തിന്റെ ആദ്യ ദിനത്തില്‍ സുഗന്ധവ്യഞ്ജന വിപണിയിലേയ്ക്കുള്ള കുരുമുളക് വരവ് ചുരുങ്ങിയത് വിലക്കയറ്റത്തിന് കാരണമായി. കേവലം 12 ടണ്‍ മുളക് മാത്രമാണ് കാര്‍ഷിക മേഖലയില്‍ നിന്നും വില്‍പ്പനയ്ക്ക് വന്നത്. ലഭ്യത ഗണ്യമായി കുറഞ്ഞത് വാങ്ങലുകാരെ അസ്വസ്ഥരാക്കിയതിനൊപ്പം ചരക്ക് ശേഖരിക്കാന്‍ അവര്‍ നടത്തിയ തിരക്കിട്ട നീക്കങ്ങള്‍ അണ്‍ ഗാര്‍ബിള്‍ഡ് മുളക് വില ക്വിന്റലിന് 58,800 രൂപയിലേയ്ക്ക് ഉയര്‍ത്തി.
ഇതിനിടയില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പല വിപണികളിലും കുരുമുളകിന് ക്ഷാമം നേരിട്ടതോടെ അവിടെ ചുരുങ്ങിയ ദിവസങ്ങളില്‍ ഉല്‍പ്പന്ന വില ക്വിന്റ്റലിന് 2500 രൂപ വര്‍ധിച്ചു, കൊച്ചിയില്‍ പോയവാരം ഉയര്‍ന്നത് 1100 രൂപയാണ്. അന്തര്‍സംസ്ഥാന വാങ്ങലുകാരില്‍ നിന്നുള്ള ഡിമാന്റ്് തുടര്‍ന്നാല്‍ വില കൂടുതല്‍ ആകര്‍ഷമായി മാറുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ സ്റ്റോക്കിസ്റ്റുകള്‍.
പുതുവത്സര ദിനത്തിലെ ആദ്യ ലേലത്തില്‍ മികച്ചയിനം ഏലക്ക വില കിലോ 2622 രൂപയിലേയ്ക്ക് ചുവടുവെച്ചു. ശാന്തന്‍പാറയില്‍ നടന്ന ലേലത്തില്‍ അരലക്ഷത്തില്‍ അധികം ചരക്ക് വില്‍പ്പനയ്ക്ക് വന്നതില്‍ 47,000 കിലോയും വിറ്റഴിഞ്ഞു. ശരാശരി ഇനങ്ങള്‍ കിലോ 1668 രൂപയില്‍ കൈമാറി. ന്യൂനമര്‍ദ്ദ ഫലമായി മലയോര മേഖലയില്‍ നിന്ന് മൂടല്‍ അനുഭവപ്പെട്ടു, രാത്രി മഴ സാധ്യതകള്‍ കണക്കിലെടുത്താല്‍ സീസണ്‍ കാലയളവ് പ്രതീക്ഷിച്ചതിലും നീട്ടാനാവുമെന്നാണ് കര്‍ഷകരില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരം.
രാജ്യാന്തര റബര്‍ വില ഉയരുന്നതിനൊപ്പം ഇന്ത്യയില്‍ പ്രമുഖ ടയര്‍ നിര്‍മ്മാതാക്കളുടെ ഓഹരി വിലകളും കുതിച്ചു കയറുകയാണെങ്കിലും ഷീറ്റ് വില ഉയര്‍ത്താന്‍ വ്യവസായികള്‍ തയ്യാറായില്ല. മുന്‍ നിരയിലെ ഒരു ടയര്‍ കമ്പനിയുടെ ഓഹരി വില ഇന്ന് ഒരു ലക്ഷത്തി മൂപ്പതിനായിരം രൂപയായി കയറി ഇടപാടുകള്‍ നടന്നു. അതേ സമയം മികച്ചയിനം റബര്‍ വില്‍പ്പനയ്ക്ക് ഇറക്കിയ കര്‍ഷകര്‍ക്ക് കിലോ 156 രൂപയില്‍ കൂടുതല്‍ വാഗ്ദാനം ചെയ്യാന്‍ വ്യവസായികള്‍ ആരും തയ്യാറായില്ല. ടാപ്പിങ് സീസണായതിനാല്‍ പരമാവധി താഴ്ന്ന വിലയ്ക്ക് ഷീറ്റ് കൈക്കലാക്കാനാവുമെന്ന നിലപാടിലാണ് ടയര്‍ ലോബി.
പഠിക്കാം & സമ്പാദിക്കാം
Home
