6 Jan 2026 12:58 PM IST
Summary
രൂപയുടെ മൂല്യമിടിവിന് പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണ്? ഇന്ത്യക്കാരുടെ ശക്തമായ പങ്കാളിത്തം ഓഹരി വിപണികളിൽ ശക്തമായതിനാലാണ് ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ വിപണികൾ പിടിച്ചു നിന്നത്. രൂപ കൂടുതൽ ഇടിഞ്ഞാൽ എന്തു സംഭവിക്കും?
ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഒരു രാജ്യത്തിന്റെ കരുത്ത് പ്രകടിപ്പിക്കുന്നതിൽ ആ രാജ്യത്തിന്റെ കറൻസി വഹിക്കുന്ന പങ്ക് ചെറുതല്ല. അതിനുള്ള ഉദാഹരണമാണ് അമേരിക്കൻ ഡോളർ. ലോകത്തിലെ ഒന്നാമത്തെ വികസിത രാജ്യമെന്ന ലേബൽ യുഎസിന് നേടിക്കൊടുത്തത് ഡോളർ തന്നെയെന്ന് നിസംശയം പറയാം.കാരണം ലോകത്തിലെ സിംഹഭാഗം വ്യാപാരവും ഇന്ന് നടക്കുന്നത് ഡോളറിലാണ്. എന്തിനേറെ പറയുന്നു മറ്റ് കറൻസികളുടെ മൂല്യം നിർണയിക്കുന്നത് പോലും ഡോളറിലാണ്. അതിനാൽ ഒരോ രാജ്യവും അവരുടെ കറൻസിയെ ഡോളറിനെതിരെ ശക്തമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയും രൂപയെ ശക്തിപ്പെടുത്താനുള്ള നടപടികൾ തന്നെയാണ് സ്വീകരിച്ചു വരുന്നത്.എന്നാൽ 2025 ൽ രൂപയിൽ ഒരു റോളർ കോസ്റ്റ് റൈഡ് ആയിരുന്നു കണ്ടത്.
2025 ജനുവരിയിൽ ഒരു ഡോളറിനെതിരെ 85.53 രൂപ എന്ന നിലയിൽ തുടങ്ങിയ യാത്ര ഡിസംബർ 16 ആയപ്പോഴേക്കും 91.07 രൂപ എന്ന എക്കാലത്തെയും ഉയർന്ന നിലയിൽ എത്തിയിരുന്നു. ഏകദേശം 7 ശതമാനം ഇടിവ് മൂല്യത്തിലുണ്ടായി. തുടർന്ന് റിസർവ് ബാങ്ക് ഇടപെടുകയും ഡോളർ വിറ്റഴിച്ചു കൊണ്ട് രൂപയെ പിടിച്ചു നിർത്തുകയും ചെയ്തു.ഈ ഒരു ഘട്ടത്തിൽ 2026 ൽ രൂപ ഡോളറിനെതിരെ 100 രൂപ കടക്കുമോ എന്ന ചോദ്യം ഊഹാപോഹങ്ങൾക്കപ്പുറം യാഥാർഥ്യമാകുമോ എന്ന ഭീതി നിക്ഷേപകർക്കിടയിൽ ശക്തമായി.
സാധാരണ ഗതിയിൽ ഒരു രാജ്യത്തിൻറെ കറൻസിയിൽ മൂല്യമിടിവ് സംഭവിക്കുമ്പോൾ ആ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെ സംബന്ധിച്ച ആശങ്കകളാണ് ആദ്യം ഉടലെടുക്കുന്നത്.ഇന്ത്യയുടെ സാഹചര്യം വ്യത്യസ്തമാണ്.ആഗോളതലത്തിൽ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിൽ മുൻപന്തിയിലാണ് ഇന്ത്യ.സ്ഥിരതയുള്ള ആഭ്യന്തര ഉപഭോഗം, കോർപ്പറേറ്റ് ബാലൻസ് ഷീറ്റുകൾ മുൻകാലങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ടു, പ്രതിസന്ധികൾക്കിടയിലും ഓഹരി വിപണി 10 ശതമാനത്തിനടുത്ത് നേട്ടം നൽകുന്നു എന്നിവയൊക്കെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ കരുത്തിലേക്കാണ് വിരൽ ചൂണ്ടുന്നത് .
മണി മാർക്കറ്റിൽ കാര്യങ്ങൾ വിപരീത ഗതിയിലാണ് മുന്നോട്ട് നീങ്ങുന്നത്.ലിക്വിഡിറ്റി കുറയുക, കേന്ദ്ര ബാങ്ക് ഇടപെടലിനെ ആശ്രയിക്കുന്നത് കൂടുന്നു എന്നതൊക്കെയാണ് കാതലായ മാറ്റങ്ങൾ. ഓഹരി വിപണിയും മണി മാർക്കറ്റും തമ്മിലുള്ള വ്യതിയാനമാണ് ഇപ്പോഴത്തെ ചർച്ചകളുടെ അടിസ്ഥാനം.രൂപയുടെ തുടർച്ചയായ മൂല്യമിടിവ് കാരണം, എന്തൊക്കെ റിസ്‌കുകളാണ് നേരിടേണ്ടി വരുക?
വിപരീത ദിശയിൽ നീങ്ങുന്ന വിപണി
ആഗോള അനിശ്ചിതത്വത്തിന്റെ കാലഘട്ടങ്ങളിൽ പോലും ഇന്ത്യൻ ഓഹരി വിപണികൾ ശ്രദ്ധേയമായ പ്രതിരോധശേഷി കാഴ്ചവെച്ചിട്ടുണ്ട്.അതിനുള്ള പ്രധാന കാരണം ഇന്ത്യൻ വിപണിയിലെ റീട്ടെയ്ൽ നിക്ഷേപകരുടെയും നിക്ഷേപക സ്ഥാപനങ്ങളുടെയും ശക്തമായ പങ്കാളിത്തമാണ്.ബെഞ്ച് മാർക്ക് സൂചികകളിലും പ്രധാന സൂചികകളിലും കറക്ഷൻ ഉണ്ടാകുമ്പോൾ ആ ഇടിവിനെ അവസരമാക്കാനാണ് ഇന്ത്യൻ വിപണിയിലെ പ്രധാന പ്ലെയേഴ്സ് ആയ റീട്ടെയിൽ നിക്ഷേപകർ, മ്യൂച്വൽ ഫണ്ടുകൾ, ദീർഘകാല അലോക്കേറ്റർമാർ തുടങ്ങിയവർ ശ്രമിക്കുന്നത്.ഇത് വിപണിയുടെ സന്തുലിതമായ പ്രകടനത്തിലേക്ക് നയിക്കുന്നു.
അതേസമയം മണി മാർക്കറ്റിൽ ഈ സന്തുലിതാവസ്ഥ ദൃശ്യമാകുന്നില്ല.2024 ൽ മണി മാർക്കറ്റിൽ പല റെഗുലറ്ററി മാറ്റങ്ങളും വന്നിരുന്നു.ബിസിനസ്സിൽ കറൻസി എക്സ്പോഷറുള്ള സ്ഥാനപങ്ങൾക്ക് മാത്രം എക്സ്ചേഞ്ച്-ട്രേഡഡ് കറൻസി-ഡെറിവേറ്റീവുകളിൽ പങ്കെടുക്കാനുള്ള അനുമതി പരിമിതപ്പെടുത്തിയിട്ടുണ്ട് . ഇത് മണി മാർക്കറ്റിൽ ലിക്വിഡിറ്റി കുറയുന്നതിന് കാരണമായി. റീട്ടെയിൽ വ്യാപാരികൾ, പ്രൊപ്രൈറ്ററി ഡെസ്കുകൾ, ആർബിട്രേജ് പങ്കാളികൾ തുടങ്ങിയവരുടെ ഇടപെടലുകൾ കുറഞ്ഞത് കറൻസി വിപണി ദുർബലമാക്കി.
ലിക്വിഡിറ്റിയും വില നിർണയവും
ഏതൊരു മാർക്കറ്റിന്റെയും സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്ന ഘടകമാണ് ലിക്വിഡിറ്റി.റെഗുലേറ്ററി മാറ്റത്തെത്തുടർന്ന്, ഓൺഷോർ കറൻസി ഡെറിവേറ്റീവുകളുടെ വോളിയം കുത്തനെ ഇടിഞ്ഞു. ഇന്ത്യൻ എക്സ്ചേഞ്ചുകളിലെ USD/INR ഫ്യൂച്ചറുകളുടെ ടേൺ ഓവർ ഏകദേശം 80–90% വരെയാണ് ഇടിഞ്ഞത്. ഇത് വില നിർണയത്തിൽ പാകപ്പിഴകൾ ഉണ്ടാകുന്നതിന് കാരണമായി. പാർട്ടിസിപ്പന്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയത് ലിക്വിഡിറ്റിയെയും വോളിയത്തെയും പ്രതികൂലമായി ബാധിച്ചു.
മറ്റ് വിപണികളിലേക്ക് ചേക്കേറുന്ന നിക്ഷേപകർ
അനുയോജ്യമല്ലാത്ത റെഗുലേറ്ററി മാറ്റങ്ങൾ വരുമ്പോൾ പാർട്ടിസിപ്പന്റ്സ് കൂടുതൽ ലിബറലായ വിപണികളിലേക്ക് അവരുടെ നിക്ഷേപങ്ങൾ മാറ്റുന്നത് സ്വാഭാവികമാണ്.ഇന്ത്യയിൽ റെഗുലേറ്ററി മാറ്റങ്ങൾ വന്നതിനെ തുടർന്ന് SGX USD/INR ഫ്യൂച്ചറുകൾ പോലുള്ള ഓഫ്‌ഷോർ വിപണികളിലേക്ക് ചേക്കേറി.ഈ മാറ്റത്തിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും.ഇന്ത്യൻ വിപണികൾ ഇന്ത്യൻ രൂപയുടെ പ്രൈസ് ടേക്കഴ്സ് ആയി മാറുന്ന കാഴ്ച്ചയാണ് ഇതിൽ പരമ പ്രധാനം. ഇതോടെ ഓൺഷോർ പ്രൈസ് ഡിസ്‌കവറി തകരുകയും സ്‌പോട്ട്, ഫോർവേഡ് വിപണികളിൽ ആർബിഐ ഇടപെടലിനെ ആശ്രയിക്കുന്നതും വർദ്ധിച്ചു.ഇത്തരം നടപടികൾ താത്കാലികമായി വോൾട്ടാലിറ്റി കുറയ്ക്കുകയും ക്രമരഹിതമായ ഉണ്ടാകുന്ന മാറ്റങ്ങളെ ഒരു പരിധി വരെ തടയാൻ സഹായിക്കുമെങ്കിലും ലിക്വിഡിറ്റിക്ക് പകരം വയ്ക്കാൻ ഇതിന് കഴിയില്ല. കാലക്രമേണ, ഇത് സെൻട്രൽ ബാങ്കിൽ കൂടുതൽ പ്രവർത്തന സമ്മർദ്ദം ചെലുത്തുന്നു.
രൂപയും കമ്മോഡിറ്റി വിപണിയും
രൂപയുടെ ഇടിവും കമ്മോഡിറ്റി വിപണിയും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്.ഇന്ത്യയുടെ ഇറക്കുമതി ചെലവിൽ സിംഹഭാഗവും സംഭാവന ചെയ്യുന്നത് ക്രൂഡ് ,സ്വർണം വെള്ളി എന്നിവയാണ്.അന്താരാഷ്ട്ര തലത്തിൽ ഇവയുടെ മൂല്യം നിശ്ചയിക്കുന്നത് ഡോളർ നിരക്കിലാണ്.നിലവിൽ ക്രൂഡിൽ അമിതമായ സപ്ലൈ കാരണം ക്രൂഡ് വില വലിയതോതിൽ ഉയരുന്നില്ല. എന്നാൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്കും വെള്ളിയിലേക്കും നിക്ഷേപകരുടെ ശ്രദ്ധ തിരിയുകയാണിപ്പോൾ .ഡോളർ കരുത്താർജ്ജിക്കുമ്പോൾ ആഭ്യന്തര വിപണിയിൽ ഈ ഉൽപ്പന്നങ്ങളുടെ വില വർധിക്കാൻ കാരണമാകുന്നു. ഇത് സ്വർണം, വെള്ളി വിലകളെ റെക്കോർഡ് തലത്തിലേക്ക് നയിച്ചു.എന്നിരുന്നാലും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആഭ്യന്തര ഉപഭോക്താക്കൾ ഇവയുടെ ഉപഭോഗം കുറയ്ക്കാത്ത കാരണം വ്യാപാരക്കമ്മി ഉയർന്നു നിൽക്കുന്നതിലേക്ക് നയിക്കുന്നു.ഇത് വീണ്ടും രൂപയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തും.
USD/INR = 100 ,സത്യമോ മിഥ്യയോ?
നിലവിലെ പ്രതിസന്ധികൾ തുടർന്നാൽ കാലക്രമേണ രൂപയിൽ കൂടുതൽ മൂല്യത്തകർച്ച സംഭവിക്കാം.പക്ഷെ ആഭ്യന്തര ഘടകങ്ങളെക്കാൾ കൂടുതൽ അന്താരാഷ്ട്ര കാരണങ്ങൾ ആയിരിക്കും വിനിമയ നിരക്കിനെ ബാധിക്കുകയെന്ന് മേഖലയിലെ വിദഗ്ധർ പറയുന്നത്.
രൂപ കരുത്താർജ്ജിക്കണം
ഇന്ത്യക്കാരുടെ ശക്തമായ പങ്കാളിത്തം ഓഹരി വിപണികളിൽ ശക്തമായതിനാലാണ് ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ വിപണികൾ പിടിച്ചു നിന്നത്. ഈ പങ്കാളിത്തം കറൻസി മാർക്കറ്റിൽ നിന്നും പരിമിതപ്പെടുത്തിയതാണ് രൂപയെ ദുർബലപ്പെടുത്തിയത് .
ദീർഘവീക്ഷണത്തോടെയുള്ള കേന്ദ്ര സർക്കാരിന്റെയും റെഗുലേറ്ററി സംവിധാനങ്ങളുടെയും നയങ്ങളും നടപടികളും ഉണ്ടായില്ലെങ്കിൽ 2026 ൽ USD/INR 100 രൂപ മറികടക്കുമെന്നതിൽ സംശയമൊന്നുമില്ല.ഇതിനായി കറൻസി മാർക്കെറ്റിൽ ലിക്വിഡിറ്റിയും നിക്ഷേപകരുടെ ആത്മ വിശ്വാസവും ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഒരു രാജ്യത്തിന്റെ വളർച്ചയുടെ ഏറ്റവും വലിയ തെളിവാണ് ആ രാജ്യത്തിന്റെ കറൻസിയുടെ കരുത്ത്.അതുകൊണ്ട് തന്നെ രൂപ തിരികെ വരേണ്ടത് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമെന്ന നിലയിൽ ഇന്ത്യക്കും നിർണായകമാണ്.
പഠിക്കാം & സമ്പാദിക്കാം
Home
