image

7 Nov 2025 5:52 PM IST

Commodity

റബറിന് ഉണര്‍വ്; മാറ്റമില്ലാതെ നാളികേര വിപണി

MyFin Desk

റബറിന് ഉണര്‍വ്; മാറ്റമില്ലാതെ  നാളികേര വിപണി
X

Summary

കൊച്ചിയില്‍ കൊപ്രവില 22,000 രൂപ


മഴ മാറി കാലാവസ്ഥ തെളിഞ്ഞത് കണ്ട് ഒട്ടുമിക്ക ഭാഗങ്ങളിലും റബര്‍ കര്‍ഷകര്‍ തോട്ടങ്ങളില്‍ കൂടുതല്‍ സമയം കണ്ടെത്തി. ശൈത്യം ശക്തമാക്കുന്നതിനാല്‍ റബര്‍ മരങ്ങള്‍ കൂടുതല്‍ പാല്‍ ചുരത്തുന്നത് അവസരമാക്കി ടാപ്പിങ് പരമാവധി ഉയര്‍ത്താനുള്ള നീക്കത്തിലാണവര്‍.

മുഖ്യ വിപണികളില്‍ ലാറ്റക്സ് 11,700 രൂപയിലാണ് വ്യാപാരം നടന്നത്. ടയര്‍ നിര്‍മ്മാതാക്കള്‍ നാലാം ഗ്രേഡിന് 100 രൂപ ഉയര്‍ത്തി 18,400 രൂപയ്ക്ക് സംഭരിച്ചു, അഞ്ചാം ഗ്രേഡ് 18,100 രൂപയായി ഉയര്‍ന്നു.

പ്രമുഖ അവധി വ്യാപാര കേന്ദ്രങ്ങളില്‍ റബര്‍ മികവിലാണ്. അതേ സമയം തായ്ലന്‍ഡ് അടക്കമുള്ള മുന്‍ നിര റബര്‍ കയറ്റുമതി രാജ്യങ്ങളില്‍ സീസണായതിനാല്‍ ലഭ്യത ഉയര്‍ന്ന് തുടങ്ങി. ബാങ്കോക്കില്‍ ഷീറ്റ് വില 18,293 രൂപയായി കയറി.

ഏലക്ക സംഭരിക്കാന്‍ ആഭ്യന്തര വാങ്ങലുകാര്‍ക്ക് ഒപ്പം വിദേശ വ്യാപാരങ്ങള്‍ ഉറപ്പിച്ചവരും ലേലത്തില്‍ ഉത്സാഹിച്ചെങ്കിലും ഉല്‍പ്പന്ന വില നേരിയ റേഞ്ചില്‍ നീങ്ങി. ഉല്‍പാദന മേഖലയില്‍ ഇന്ന് നടന്ന ലേലത്തില്‍ 27,728 കിലോ ഏലക്ക വില്‍പ്പനയ്ക്ക് വന്നതില്‍ 27,134 കിലോയും വിറ്റഴിഞ്ഞു. ശരാശരി ഇനങ്ങള്‍ കിലോ 2451 രൂപയിലും വലിപ്പം കൂടിയ ഇനങ്ങള്‍ കിലോ 2887 രൂപയിലും ഇടപാടുകള്‍ നടന്നു.

നാളികേരോല്‍പ്പന്നങ്ങളുടെ വിലയില്‍ മാറ്റമില്ല. അടുത്ത വാരം നാളികേര വിളവെടുപ്പ് ഊര്‍ജിതമായാല്‍ തേങ്ങ ലഭ്യത ഉയരുമെന്ന നിലപാടിലാണ് തമിഴ്നാട്ടിലെ മില്ലുകാര്‍. വ്യവസായികള്‍ തേങ്ങയുടെ ലഭ്യത ഉറപ്പ് വരുത്താന്‍ വന്‍കിട തോട്ടങ്ങളില്‍ നീക്കം തുടങ്ങി. കൊച്ചിയില്‍ കൊപ്ര 22,000 രൂപയിലും കാങ്കയത്ത് 21,700 രൂപയിലുമാണ് വിപണനം നടക്കുന്നത്.