image

21 Nov 2023 12:09 PM GMT

Commodity

മഞ്ഞില്‍ മൂടി തേയില; റബറിന് തളര്‍ച്ച

Kochi Bureau

commodities market rate 21 11
X

Summary

  • കാലാവസ്ഥ മാറി തേയില ഉല്‍പാദനം കുറയുന്നു
  • ക്രിസ്മസിനുള്ള വാങ്ങലുകള്‍ക്ക് ആഭ്യന്തര വിപണികളില്‍ നീക്കം തുടങ്ങുന്നത് വില തകര്‍ച്ചയെ തടയാന്‍ ഉപകരിക്കും.


അതിശൈത്യം തോട്ടം മേഖലയ്ക്ക് മുകളില്‍ കൂട ചൂടിയതോടെ കൊളുന്ത് നുള്ളില്‍ നിന്നും അല്‍പ്പം പിന്‍തിരിയാന്‍ തേയില തൊഴിലാളികളും കര്‍ഷകരും നിര്‍ബന്ധിതരാകുന്നു. മഞ്ഞ് വീഴ്ച്ചയില്‍ കൊളുന്ത് ഇലകള്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമം നടത്തുന്നുണ്ടങ്കിലും പകല്‍ സൂര്യപ്രകാശത്തില്‍ വാടികരിയുന്ന അവസ്ഥയിലേയ്ക്ക് നീങ്ങുന്നത് തേയില ഉല്‍പാദം മുന്നിലുള്ള ആഴ്ച്ചകളില്‍ കാര്യമായി തന്നെ ബാധിക്കാം. രാത്രി താപനില വീണ്ടും കുറഞ്ഞാല്‍ ഉല്‍പാദനം നിര്‍ത്തിവെക്കാനും ഇടയുണ്ട്. ഇതിനിടയില്‍ ദീപാവലിക്ക് ശേഷം ദക്ഷിണേന്ത്യന്‍ തേയില ലേല കേന്ദ്രങ്ങളില്‍ വാങ്ങല്‍ താല്‍പര്യം കുറഞ്ഞത് വിവിധയിനം ഇല, പൊടി തേയില വിലകളില്‍ സ്വാധീനം ചെലുത്തി. ആഭ്യന്തര വിദേശ ഡിമാന്റ് ചുരുങ്ങുന്ന സാഹചര്യത്തില്‍ തോട്ടം മേഖല ചരക്ക് നീക്കം നിയന്ത്രിക്കാം. അതേ സമയം അടുത്ത രണ്ടാഴ്ച്ചകളില്‍ ക്രിസ്മസിനുള്ള വാങ്ങലുകള്‍ക്ക് ആഭ്യന്തര വിപണികളില്‍ നീക്കം തുടങ്ങുന്നത് വില തകര്‍ച്ചയെ തടയാന്‍ ഉപകരിക്കും.

ഏലം ഉല്‍പാദനം ഉയര്‍ന്നു

അനുകൂല കാലാവസ്ഥയില്‍ ഏലം ഉല്‍പാദനം ഉയര്‍ന്നെങ്കിലും ലേല കേന്ദ്രത്തിലേയ്ക്കുള്ള ചരക്ക് നീക്കം ഹൈറേഞ്ച് നിയന്ത്രിച്ചത് വരും ദിനങ്ങളില്‍ നിരക്ക് മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ചെറുകിട കര്‍ഷകര്‍. വന്‍കിട തോട്ടങ്ങളില്‍ നിന്നുള്ള ഏലക്ക വരവ് കുറഞ്ഞാല്‍ സ്വാഭാവികമായും വാങ്ങലുകാര്‍ ലേലത്തില്‍ പിടിമുറുക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കാര്‍ഷിക മേഖല. ഇന്ന് ഉല്‍പാദന മേഖലയില്‍ നടന്ന ലേലത്തിന് 16,428 കിലോഗ്രാം ചരക്ക് മാത്രം വില്‍പ്പനയ്ക്ക് വന്നതില്‍ 16,100 കിലോയും വിറ്റഴിഞ്ഞു. ശരാശരി ഇനങ്ങള്‍ കിലോ 1450 രൂപയിലും മികച്ചയിനങ്ങള്‍ 1846 രൂപയിലും കൈമാറി. പുതുവത്സവ വേളയിലെ കയറ്റുമതികള്‍ മുന്നില്‍ കണ്ട് എക്സ്പോര്‍ട്ടര്‍മാരും ഏലക്കയില്‍ താല്‍പര്യം നിലനിര്‍ത്തി.

റബറിന് തളര്‍ച്ച

വിദേശ വിപണികളില്‍ റബറിന് നേരിടുന്ന തളര്‍ച്ച മൂലം ഇന്ത്യന്‍ വ്യവസായികള്‍ ഷീറ്റ് വില ഉയര്‍ത്താന്‍ തയ്യാറായില്ല. അതേ സമയം കാര്‍ഷികമേഖലകളില്‍ നിന്നും വില്‍പ്പനക്കാര്‍ ചുരുങ്ങിയതിനാല്‍ കൊച്ചിയിലും കോട്ടയത്തും ലഭ്യത നാമമാത്രമായി ചുരുങ്ങി. നാലാം ഗ്രേഡ് കിലോ 154 രൂപയില്‍ നിലകൊണ്ടപ്പോള്‍ ലാറ്റക്സ് വില 103 ലേയ്ക്ക് താഴ്ന്നു. ശൈത്യകാലമായതിനാല്‍ റബര്‍ മരങ്ങളില്‍ നിന്നുള്ള യീല്‍ഡ് ഉയര്‍ന്നു.