26 Sept 2026 3:57 PM IST
വരുന്നു രാജ്യത്തെ ആദ്യ കൽക്കരി എക്സ്ചേഞ്ച്; കാശിറക്കി ലാഭം കൊയ്യാൻ പുതിയ നിലം
Amritha Elizabeth Abraham
Summary
അടുത്ത 8-9 മാസത്തിനുള്ളിൽ ഇന്ത്യയിലെ ആദ്യ കൽക്കരി എക്സ്ചേഞ്ച് സജ്ജമാകും. ഇടനിലക്കാരില്ലാത്ത നേരിട്ടുള്ള വ്യാപാരം ഇറക്കുമതിച്ചെലവ് കുറയ്ക്കാനും സുതാര്യമായ വിലനിർണ്ണയം വഴി വൈദ്യുതി നിരക്കിൽ ആശ്വാസം നൽകാനും സമ്പദ്‌വ്യവസ്ഥയെ സഹായിക്കും.
രാജ്യത്തെ ഊർജ്ജ-വ്യാവസായിക മേഖലകളിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് ഇന്ത്യയിലെ ആദ്യത്തെ കൽക്കരി എക്സ്ചേഞ്ച് ഉടൻ യാഥാർത്ഥ്യമാകുന്നു. പ്രമുഖ ഊർജ്ജ വ്യാപാര പ്ലാറ്റ്‌ഫോമായ ഇന്ത്യൻ എനർജി എക്സ്ചേഞ്ചിന്റെ (ഐഇഎക്സ്) പൂർണ്ണ ഉടമസ്ഥതയിലുള്ള 'ഇന്ത്യൻ കോൾ എക്സ്ചേഞ്ച് ലിമിറ്റഡ്' (ഐസിഇഎൽ) ഇതിനായി ലൈസൻസ് അപേക്ഷ സമർപ്പിച്ചു. കൽക്കരി മന്ത്രാലയത്തിന് കീഴിലുള്ള കോൾ കൺട്രോളർ ഓർഗനൈസേഷന്റെ (സിസിഓ) കർശന മേൽനോട്ടത്തിൽ അടുത്ത 8 മുതൽ 9 മാസത്തിനുള്ളിൽ പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്ത ഓട്ടോമേറ്റഡ് ക്ലിയറിംഗ് സംവിധാനത്തിലൂടെയാകും ഇതിലെ വ്യാപാരം നടക്കുക.
സാമ്പത്തിക വളർച്ചയും വിപണി വികസനവും
രാജ്യത്ത് വാർഷിക കൽക്കരി ഉത്പാദനം 100 കോടി ടണ്ണിലേക്ക് കുതിക്കുകയാണ്. ഈ അവസരത്തിൽ, ലണ്ടൻ ആസ്ഥാനമായി ആഗോളതലത്തിൽ പ്രവർത്തിക്കുന്ന 'ഗ്ലോബൽ കോൾ' പോലുള്ള ആഗോള മാതൃകയിൽ സുതാര്യമായ പൊതു കൽക്കരി വ്യാപാര വിപണി ഇന്ത്യയിൽ വേണ്ടത് അത്യാവശ്യമാണ്. നിലവിൽ 70 ശതമാനത്തിലധികം വൈദ്യുതിയും കൽക്കരിയെ ആശ്രയിക്കുന്ന രാജ്യത്ത്, 80 ശതമാനവും വിതരണം ചെയ്യുന്നത് കോൾ ഇന്ത്യയാണ്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയായ താപവൈദ്യുതി നിലയങ്ങൾക്കും സ്റ്റീൽ, സിമന്റ്, അലുമിനിയം തുടങ്ങിയ വൻകിട നിർമ്മാണ മേഖലകൾക്കും ഇടനിലക്കാരെ ഒഴിവാക്കികൊണ്ട് ന്യായവിലയ്ക്ക് തത്സമയം കൽക്കരി വാങ്ങാൻ പുതിയ എക്സ്ചേഞ്ച് വഴിയൊരുക്കും. സ്വകാര്യ ഖനന കമ്പനികൾക്ക് അധിക ഉത്പാദനം വിൽക്കാൻ അവസരം ലഭിക്കുന്നതോടെ ഇറക്കുമതിച്ചെലവും കറന്റ് അക്കൗണ്ട് കമ്മിയും കുറയുകയും, ഉത്പാദനം 150 കോടി ടണ്ണിലെത്തിക്കാനുള്ള ദേശീയ ലക്ഷ്യങ്ങൾക്ക് ഇത് കരുത്താകുകയും ചെയ്യും.
ലാഭക്ഷമതയും നിക്ഷേപ സാധ്യതകളും
സുതാര്യമായ വിലനിർണ്ണയവും എളുപ്പത്തിലുള്ള ലഭ്യതയും കാരണം താപവൈദ്യുത നിലയങ്ങളുടെ ഉത്പാദനച്ചെലവിൽ വലിയ ലാഭം ഉണ്ടാകും. ഇത് കാലക്രമേണ സാധാരണ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന വൈദ്യുതി നിരക്കിൽ കുറവുണ്ടാക്കാൻ വഴിയൊരുക്കും. കൂടാതെ, വ്യവസായ മേഖലയിൽ ഉത്പാദനച്ചെലവ് കുറയുന്നത് വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാനും ഗുണകരമാകും. പുതിയ എക്സ്ചേഞ്ച് പൂർണ്ണതോതിൽ പ്രവർത്തനക്ഷമമാകുന്നതോടെ ഓരോ ഇടപാടുകൾക്കുമുള്ള ട്രാൻസാക്ഷൻ ഫീസ് വഴി ഐഇഎക്സിന് സ്ഥിരവും ഉയർന്നതുമായ പ്രവർത്തന ലാഭം ഉറപ്പാക്കാനും സാധിക്കും. ഒപ്പം, വിദേശ കൽക്കരി ഇറക്കുമതി ആശ്രിതത്വം ഗണ്യമായി കുറച്ച് ഇന്ത്യൻ വ്യാവസായിക മേഖലയ്ക്കും ഊർജ്ജ സുരക്ഷയ്ക്കും പുതിയ കരുത്താകും.
പഠിക്കാം & സമ്പാദിക്കാം
Home
