image

8 Nov 2023 6:12 AM GMT

Crude

ക്രൂഡ് ഓയില്‍ വില മൂന്ന് മാസത്തിലെ താഴ്ചയില്‍

MyFin Desk

Oil prices stutter after hitting 3-months-lows, demand concerns mount
X

Summary

  • ഒപെക് രാഷ്ട്രങ്ങളില്‍ നിന്നുള്ള വിതരണം വര്‍ധിച്ചു
  • ഒക്റ്റോബറില്‍ വിലയിലുണ്ടായത് 10 ശതമാനത്തോളം ഇടിവ്
  • ഈ വാരത്തില്‍ ഇതുവരെ 4% ഇടിവ്


ക്രൂഡ് ഓയില്‍ വില മൂന്നു മാസങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് നീങ്ങി. സമ്മിശ്ര തലത്തിലുള്ള ചൈനയുടെ സാമ്പത്തിക ഡാറ്റകള്‍ ആവശ്യകത സംബന്ധിച്ച ആശങ്ക ഉയര്‍ത്തുന്നതും ഒപെക് രാഷ്ട്രങ്ങളില്‍ നിന്നുള്ള കയറ്റുമതി വർദ്ധിച്ചതുമാണ് വിലയിടിവിലേക്ക് നയിച്ചത്. നവംബർ 7 ന് 4 ശതമാനത്തിലധികം ഇടിവ് പ്രകടമാക്കിയ ക്രൂഡ് ഇന്നത്തെ വ്യാപാരത്തില്‍ വീണ്ടും താഴോട്ട് നീങ്ങി ജൂലൈ അവസാനത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി.

ഒക്ടോബർ 7ന് ഇസ്രയേലിനെതിരായ ഹമാസ് ആക്രമണം നടന്നതിനു ശേഷം ആദ്യമായാണ് ബ്രെന്റ് ക്രൂഡ് ഫ്യൂച്ചർ ബാരലിന് 84 ഡോളറിൽ താഴേക്ക് വരുന്നത്. ആഗോള ബെഞ്ച്മാർക്കായ ബ്രെന്‍റ് ക്രൂഡ് ബാരലിന് 3.57 ഡോളര്‍ അഥവാ 4.2 ശതമാനം കുറഞ്ഞ് 81.61 ഡോളറായി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 3.45 ഡോളര്‍ (4.3%) ഇടിഞ്ഞ് 77.37 ഡോളറിലേക്ക് എത്തി.

ഈ ആഴ്ച, ക്രൂഡ് ഓയിൽ 4 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ ആഴ്‌ച 6 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. ഇസ്രയേല്‍ പലസ്തീനില്‍ ആക്രമണം ആരംഭിച്ചതോടെ എണ്ണവില ഉയര്‍ന്നെങ്കിലും ഒക്ടോബറിൽ മൊത്തമായി കണക്കിലെടുത്താല്‍ എണ്ണവില 10 ശതമാനത്തോളം ഇടിയുകയാണ് ഉണ്ടായത്.

“മേഖലയിലെ കൂടുതല്‍ രാഷ്ട്രങ്ങളിലേക്ക് സംഘര്‍ഷം പടരുന്നുണ്ടോ എന്നും അത് വിതരണത്തെ ബാധിക്കുമോയെന്നും നിക്ഷേപകര്‍ നിരീക്ഷിക്കുന്നുണ്ട്. പക്ഷേ, ആ ഭയം കുറയുന്നതായി തോന്നുന്നു,” ഒഎഎന്‍ഡിഎ അനലിസ്റ്റ് ക്രെയ്ഗ് എർലാം റോയിട്ടേഴ്‌സിനോട് പറഞ്ഞു.