image

6 Nov 2023 10:09 AM GMT

Crude

വെട്ടിക്കുറക്കല്‍ നീട്ടുമെന്ന് പ്രഖ്യാപനത്തിന് പിന്നാലെ എണ്ണ വിലയില്‍ വര്‍ധന

MyFin Desk

oil prices rise after announcement to extend cuts
X

Summary

  • പ്രതിദിനം ഒരു ദശലക്ഷം ബാരല്‍ ക്രൂഡ് ഉല്‍പാദനമാണ് വെട്ടിക്കുറച്ചിരിക്കുന്നത്.
  • എണ്ണ ഉല്‍പാദനത്തിലെ കുറവ് തുടരുമെന്ന് സൗദിയും റഷ്യയും


മുന്‍നിര എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യയും റഷ്യയും ഒരു ദശലക്ഷം ബാരലായി വെട്ടിക്കുറച്ച എണ്ണ ഉല്‍പാദനം ഈ വര്‍ഷാവസാനം വരെ തുടരുമെന്ന പ്രഖ്യാപിനത്തിന് പിന്നാലെ ക്രൂഡ് വിലയില്‍ വര്‍ധന. ബ്രെന്റ് ക്രൂഡോയില്‍ 86.15 ഡോളര്‍ എന്ന നിരക്കിലാണ് വില്‍പ്പന. 1.48 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ സൗദി അറേബ്യയുടെ ഡിസംബറിലെ എണ്ണ ഉല്‍പാദനം പ്രതിദിനം ഒന്‍പത് ദശലക്ഷം ബാരലായിരിക്കുമെന്നാണ് വിലയിരുത്തല്‍.

അതേസമയം ഏഷ്യന്‍ ഉപഭോക്താക്കള്‍ക്കുള്ള അറബ് ലൈറ്റ് ഗ്രേഡ് ക്രൂഡ് ഓയില്‍ (മീഡിയം ഗ്രാവിറ്റിയും, ഉയര്‍ന്ന തോതില്‍ സള്‍ഫറുമുള്ളവ) വില്‍പ്പന വില മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒമാന്‍-ദുബായ് ശരാശരിയേക്കാള്‍ ബാരലിന് നാല് ഡോളര്‍ എന്ന നിരക്കില്‍ പ്രീമിയമായി നിലനിര്‍ത്തി സൗദി ആരാകോയും വ്യക്തമാക്കി.

യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ബാരലിന് 81.58 ഡോളറായി. 1.07 ഡോളര്‍ അല്ലെങ്കില്‍ 1.33 ശതമാനമാണ് വര്‍ധന. നവംബര്‍ മൂന്ന് വരെയുള്ള ആഴ്ചയില്‍ ബ്രെന്റ്, ഡബ്ല്യുടിഐ ഫ്യൂച്ചറുകള്‍ ഓരോന്നിനും ഏകദേശം 6 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ചൈനീസ് റിഫൈനറികളില്‍ കൈകാര്യം ചെയ്യുന്ന ക്രൂഡ് ഓയില്‍ കുറയുന്നതോടെ വില വര്‍ധന നിയന്ത്രിക്കാമായിരുന്നു.

റിഫൈനറി പ്രവര്‍ചത്തനങ്ങള്‍ മൂന്നാം പാദത്തില്‍ റെക്കോര്‍ഡ് നിലവാരത്തില്‍ നിന്ന് കുറഞ്ഞുവരുന്നത് ലാഭവിഹിതം കുറയുന്നതും വര്‍ഷാവസാനം വരെയുള്ള കയറ്റുമതി ക്വാട്ടകളുടെ ദൗര്‍ലഭ്യവുമാണെന്നാണ് വിപണി വൃത്തങ്ങള്‍ വിലയിരുത്തുന്നത്.

കഴിഞ്ഞയാഴ്ച ഒക്ടോബറിലെ ഫാക്ടറി ഡാറ്റ പുറത്തുവിട്ടതിന് ശേഷം നിക്ഷേപകര്‍ ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ ഉപഭോക്താവായ ചെനയില്‍ നിന്നുള്ള കൂടുതല്‍ സാമ്പത്തിക വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.

ഇന്ത്യ അടക്കമുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങള്‍ക്ക് വെട്ടിക്കുറക്കല്‍ തുടരുന്നത് തിരിച്ചടിയാകും. സാമ്പത്തിക വളര്‍ച്ചയും ഡിമാന്റിലെ വര്‍ധനവും ക്രൂഡ് വിപണിയെ ബാധിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളുടേയും ഈ നീക്കം. വില വര്‍ധന നിയന്ത്രിക്കാന്‍ ഉല്‍പാദനം വെട്ടിക്കുറക്കുന്ന തീരുമാനത്തെ ഇന്ത്യ തുടക്കം മുതലേ വിമര്‍ശിച്ചിട്ടുണ്ട്.

എണ്ണ വിപണികളുടെ സ്ഥിരതയെയും സന്തുലിതാവസ്ഥയെയും പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഒപെക് പ്ലസ് രാജ്യങ്ങള്‍ നടത്തുന്ന മുന്‍കരുതല്‍ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനാണ് ഈ അധിക വെട്ടിക്കുറയ്ക്കലെന്നാണ് ഉത്പാദന രാജ്യങ്ങളുടെ മറുപടി.

സൗദി പ്രസ്താവനയ്ക്ക് പിന്നാലെയാണ്, ഡിസംബര്‍ അവസാനം വരെ ക്രൂഡ് ഓയില്‍, പെട്രോളിയം ഉല്‍പന്ന കയറ്റുമതിയില്‍ നിന്ന് പ്രതദിനം മൂന്ന് ലക്ഷം (300,000 ബിപിഡി) ഉല്‍പാദനം വെട്ടിക്കുറയ്ക്കുമെന്ന് റഷ്യയും വ്യക്തമാക്കിയിട്ടുണ്ട്. വിപണി സ്ഥിരത നിലനിര്‍ത്തുന്നതിനുള്ള മുന്‍കരുതല്‍ നടപടിയെന്ന പേരലാണ് കഴിഞ്ഞ വര്‍ഷം മുതല്‍ ഇരുരാജ്യങ്ങളും ഉല്‍പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത്. ഇസായേല്‍-ഹമാസ് യുദ്ധത്തെ തുടര്‍ന്ന് കഴിഞ്ഞമാസം എണ്ണ വില 93 ഡോളറിന് മുകളിലേക്ക് എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി വിലയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഘര്‍ഷം മറ്റു മേഖലകളിലേക്ക് വ്യാപിക്കുകയില്ലെന്ന നിഗമനമാണ് വില പിടിച്ച് നിര്‍ത്തിയത്.

ഏപ്രിലില്‍ ഒപെക് പ്ലസിലെ രാജ്യങ്ങളുടെ അംഗീകാരത്തിന് പുറമേയാണ് സൗദിയുടെ സ്വമേധയായുള്ള ഈ വെട്ടിക്കുറക്കല്‍. ഈമാസം 26 നാണ് ഒപെക് പ്ലസിന്റെ അടുത്ത യോഗം.

മാത്രമല്ല വെനസ്വേലക്ക് മേലുള്ള ഉപരോദം അമേരിക്ക വെട്ടിക്കുറച്ച പശ്ചാത്തലത്തില്‍ ഇവിടെ നിന്നും എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ സജ്ജമാകയികഴിഞ്ഞു. വെനസ്വേലയില്‍ നിന്നുള്ള എണ്ണ സംസ്‌കരിക്കാന്‍ ഇന്ത്യന്‍ റിഫൈനറികള്‍ തയ്യാറാണെന്ന് കേന്ത്ര ഊര്‍ജ്ജ മന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കിയിട്ടുണ്ട്.

വെനസ്വേല കൂടി വിപണിയിലേക്ക് വരികയാണെങ്കില്‍ റഷ്യയുടേയും സൗദിയുടേയും മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. മാത്രവുമല്ല മറ്റ് രാജ്യങ്ങളേക്കാള്‍ വിലക്കുറവില്‍ വെനസ്വേലയില്‍ നിന്നും ക്രൂഡ് ഓയില്‍ ഇന്ത്യക്ക് ലഭിക്കും. റഷ്യയില്‍ നിന്നും ഇന്ത്യക്ക് ലഭിക്കുന്ന ക്രൂഡ് ഓയില്‍ വിഹിതം ഒക്ടോബറില്‍ വലിയ തോതില്‍ കുറയുകയും ചെയ്തിരുന്നു.