23 Sept 2026 5:41 PM IST
Summary
ക്രൂഡ് ഓയിൽ വില വർധന മൂലം പെട്രോൾ, ഡീസൽ വില വർധിപ്പിക്കില്ലെന്ന് സർക്കാർ
ക്രൂഡ് ഓയിൽ വില വർധനയുടെ പശ്ചാത്തലത്തിൽ സർക്കാർ പെട്രോൾ, ഡീസൽ വില വർധിപ്പിക്കുമെന്ന റിപ്പോർട്ടുകൾ തള്ളി സർക്കാർ. പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ നിലവിൽ നിർദ്ദേശമില്ല. എന്നാൽ അസംസ്കൃത എണ്ണവില ഉയർന്നാൽ എണ്ണ വിപണന കമ്പനികളെ സർക്കാർ സഹായിച്ചേക്കും.
ഹോർമുസ് കടലിടുക്കിലൂടെയുള്ള അസംസ്കൃത എണ്ണയുടെയും ഇന്ധനങ്ങളുടെയും നീക്കം സുഗമമാക്കാൻ ഊർജിത ശ്രമങ്ങൾ നടക്കുകയാണ്.
ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനും ഇന്ധന വിതരണം സുഗമമായി നിലനിർത്തുന്നതിനുമാണ് സർക്കാർ ഇപ്പോൾ മുൻഗണന നൽകുന്നത്. അസംസ്കൃത എണ്ണവിലയിൽ വലിയ വർധനയുണ്ടായിട്ടും പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ നിലവിൽ പദ്ധതിയില്ലെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കുകയായിരുന്നു.
സെപ്റ്റംബർ 22-ലെ കണക്കനുസരിച്ച് ഇന്ത്യ വാങ്ങുന്ന അസംസ്കൃത എണ്ണയുടെ ശരാശരി വില ബാരലിന് 115.27 ഡോളറായി ഉയർന്നു. സെപ്റ്റംബറിലെ ഇതുവരെയുള്ള ശരാശരി വില ബാരലിന് ഏകദേശം 114.83 ഡോളറാണ്. നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി അസംസ്കൃത എണ്ണവിലയിൽ ചാഞ്ചാട്ടം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവിലും ഇന്ധന വിലനിർണ്ണയത്തിലും പ്രതിഫലിക്കും.
ഊർജ്ജ സുരക്ഷയ്ക്കും റഷ്യയിൽ നിന്നുള്ള എണ്ണ ലഭ്യതയ്ക്കും സർക്കാർ മുൻഗണന നൽകിയിരുന്നു. എന്നാൽ യുഎസിൻ്റെ റഷ്യൻ ഉപരോധം മൂലം എണ്ണ ഇറക്കുമതി സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനുള്ള വഴികളും തേടുന്നുണ്ട്. ഇറാഖ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് കൂടുതൽ പ്രാധാന്യം നൽകിയേക്കും.
പഠിക്കാം & സമ്പാദിക്കാം
Home
