image

11 Oct 2023 9:00 AM GMT

Crude

യുദ്ധം അതിരുകടന്നാല്‍ പൊള്ളലേല്‍ക്കുന്ന ഇന്ത്യ

MyFin Desk

india will burn if the war goes too far
X

Summary

  • ലബനന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ യുദ്ധത്തില്‍ ഇടപെട്ടാല്‍ ആഗോള എണ്ണവില ഉയരും


ഇസ്രയേല്‍- പലസ്തീന്‍ യുദ്ധം ഗാസക്ക് പുറത്തേക്ക് കടന്നാല്‍ കാര്യങ്ങള്‍ കുഴഞ്ഞു മറിയുമെന്ന് വിലയിരുത്തല്‍. ക്രൂഡോയില്‍ വിലയിലുണ്ടാക്കുന്ന പ്രത്യാഘാതമാണ് ലോകത്തെ ആശങ്കപ്പെടുത്തുന്നത്.

പ്രത്യേകിച്ചും ഇന്ത്യയുടെ നെഞ്ചിടിപ്പ് അത് ഉയർത്തുന്ന സംഗതികൂടിയാണ്. ക്രൂഡോയിലിന്‍റെ ലോകത്തിലെ ഏറ്റവും വലിയ മുന്നാമത്തെ ഉപഭോക്താവാണ് ഇന്ത്യ എന്നതിനാല്‍ ആഗോള എണ്ണ വിലയിലെ ഏത് വ്യതിയാനവും ഇന്ത്യയുടെ ഇറക്കുമതി ബില്ലിനെ ബാധിക്കും. ക്രൂഡോയില്‍ മാത്രമല്ല, പണപ്പെരുപ്പവും ഇതോടൊപ്പം ഇന്ത്യയിലേക്ക് എത്തും. ഇപ്പോള്‍തന്നെ പണപ്പെരുപ്പം സഹനീയ നിലയേക്കാള്‍ ഉയർന്നാണ് നില്ക്കുന്നത്.

റഷ്യ-യുക്രെയ്ന്‍ യുദ്ധം സൃഷ്ടിച്ച സാമ്പത്തികാഘാതത്തില്‍ നിന്ന് ലോക രാജ്യങ്ങള്‍ കരകറിവരുമ്പോഴാണ് പുതിയ സംഘര്‍ഷം ഉടലെടുത്തിരിക്കുന്നതെന്നത്. സൌദി അറേബ്യ, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഉത്പാദനം വെട്ടിക്കുറച്ചതും മറ്റും ക്രൂഡോയില്‍ വില ഉയർത്തിയിരുന്നു. ആഗോള സമ്പദ്ഘടനയുടെ വളർച്ച സംബന്ധിച്ച ആശങ്കകളും നിലനില്കുന്ന സാഹചര്യത്തില്‍ ക്രൂഡോയില്‍ വിലയില് അസ്ഥിരത നിലനില്ക്കുകയാണ്. ഇതു പല രാജ്യങ്ങളുടേയും ബജറ്റിനെ ബാധിക്കുന്ന കാര്യമാണ്.

അതിരുകടക്കുന്ന അപകടം

യുദ്ധം ഗാസക്ക് വെളിയിലേക്ക് വ്യാപിച്ചാല്‍ എണ്ണ വില 90 ഡോളറിലേക്കും 100 ഡോളറിലേക്കും മറ്റും മുകളില്‍ ഉയരുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

'ലബനന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഇടപെട്ടാല്‍ ആഗോള എണ്ണവില ഉയരും. 95 ഡോളറിനും 100 ഡോളറിനും ഇടയിലേക്ക് എത്തും. അപ്പോഴാണ് ശരിക്കും പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്,' ഐസിഐസിഐ സെക്യൂരിറ്റീസിലെ റിസര്‍ച്ച് അനലിസ്റ്റ് പ്രബല്‍ സെന്‍ പറയുന്നു. വിലയിലെ കുതിച്ചു ചാട്ടം ഉപഭോക്തൃ രാജ്യമായ ഇന്ത്യയുടെ ഇറക്കുമതി ബില്ലില്‍ പ്രതിഫലിക്കും. ആഭ്യന്തര ഇന്ധന ഉപോഭേഗം നാല് മുതല്‍ അഞ്ച് ശതമാനം വളര്‍ച്ച കൈവരിച്ചതും പരിഗണിക്കേണ്ട വിഷയമാണ്. കാരണം ഭക്ഷ്യവസ്തുക്കള്‍, ഗതാഗതം, ലോജിസ്റ്റിക്സ് എന്നിവയില്‍ ഉടനീളം വില വ്യതിയാനം സ്വാധീനം ചെലുത്തുമെന്നും സെന്‍ കൂട്ടിച്ചേര്‍ത്തു.

ഇസ്രായേലിനെ സഹായിക്കാന്‍ യുദ്ധക്കപ്പലുകള്‍ അയക്കാന്‍ അമേരിക്കന്‍ നീക്കം നടക്കുന്നുണ്ട്. മാത്രമല്ല ഹമാസിനെ ഇറാന്‍ സഹായിച്ചുവെന്ന റിപ്പോര്‍ട്ടുകളും ഈ മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്ക് യുദ്ധം പടരുമെന്ന ഭയം ജനിപ്പിച്ചിട്ടുണ്ട്.

ഹമാസ്- ഇസ്രയേല്‍ സംഘര്‍ഷങ്ങള്‍ തുടങ്ങിയ ശനിയാഴ്ച്ച മുതല്‍ വിപണിയില്‍ നിലനില്‍ക്കുന്ന ആശങ്ക ക്രൂഡ് വില നാല് ശതമാനം വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ക്രൂഡ് ഉത്പാദകരായ റഷ്യയും സൗദി അറേബ്യയും വിതരണം വെട്ടിക്കുറക്കുമെന്ന ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ക്രൂഡ് വില ഉയര്‍ച്ചയില്‍ തന്നെയായിരുന്നു.

ആഗോള എണ്ണ വിപണിയെ സ്വാധീനിച്ചേക്കാവുന്ന പ്രധാന ഘടകം സൗദി അറേബ്യയും റഷ്യയും ആണ്. ഉത്പാദനം വര്‍ധിപ്പിക്കാനും അതുവഴി വിലക്കയറ്റം പരിമിതപ്പെടുത്താനും കഴിയുന്ന രണ്ട് രാജ്യങ്ങളും അതിനുള്ള ശ്രമങ്ങള്‍ നടത്താന്‍ സാധ്യതയില്ലെന്നാണ് മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ കെസി സിംഗ് പറയുന്നത്. ഇറാനെതിരെ റഷ്യ തിരിയാനുള്ള സാധ്യതയും തീരെ കുറവാണ്.

പൊള്ളുന്ന ഇന്ത്യ

ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം പ്രാദേശികമായി തുടരുമെന്നാണ് പ്രതീക്ഷയെന്ന് എച്ച്ഡിഎഫ്സി ബാങ്കിലെ മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്‍ മായങ്ക് ഝാ പറഞ്ഞു. എണ്ണ വിപണന കമ്പനികളും ഇന്ത്യന്‍ ഗവണ്‍മെന്റും വിലക്കയറ്റം അംഗീകരിച്ചുകഴിഞ്ഞു. എന്നാല്‍ ബാരലിന് 85 ഡോളര്‍ മുതല്‍ 95 ഡോളറിനിടയില്‍ വില നില്‍ക്കുകയാണെങ്കില്‍ നല്ലതായിരിക്കും. ഇന്ത്യ പൊതു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതിനാല്‍ എണ്ണവില നിര്‍ണ്ണായകമാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാന എണ്ണപ്പാടങ്ങള്‍ സംഘര്‍ഷ മേഖലകളില്‍ നിന്നും മാറിയാണുള്ളത്. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയിലാണെങ്കിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. മൂന്നു വർഷം മുമ്പു വരെ ഇറാനില്‍ നിന്നും പ്രതിവര്‍ഷം 1400-1500 കോടി ഡോളറിനുള്കള എണ്ണം ഇറക്കുമതി ചെയ്തിരുന്നത് കഴിഞ്ഞ വര്‍ഷം 60 കോടി ഡോളറായി കുറഞ്ഞു. മൂന്നു വർഷമായി ഇന്ത്യ ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി സസ്പെന്ഡു ചെയ്തിരിക്കുകയാണ്. ഇന്ത്യക്ക് ശക്തമായ സാമ്പത്തികാടിത്തറയുള്ളതിനാല്‍ പ്രത്യാഘാതങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

അമേരിക്കന്‍ ക്രൂഡ് ഉത്പാദനം ഉയരത്തില്‍

നടപ്പു വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ അമേരിക്കയുടെ ക്രൂഡ് ഓയില്‍ കയറ്റുമതി പ്രതിദിനം ശരാശരി 3.99 ദശലക്ഷം ബാരലാണ്. ഇത് 2015 നുശേഷമുള്ള ഏറ്റവും ഉയർന്ന അർധവർഷ കയറ്റുമതിയാണ്. അമേരിക്കയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ കയറ്റുമതി നിരോധനം പിന്‍വലിച്ചത് മുതലാണ് ഈ വര്‍ധന. 2023 ന്റെ ആദ്യ പകുതിയില്‍, ക്രൂഡ് ഓയില്‍ കയറ്റുമതി 2022 ന്റെ ആദ്യ പകുതിയുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിദിനം 650,000 ബാരല്‍ അഥവാ 19 ശതമാനം വര്‍ധിച്ചിട്ടുണ്ട്.

അമേരിക്കന്‍ ക്രൂഡിന്റെ ഏറ്റവും വലിയ വിപണി യൂറോപ്പാണ്. ഇതില്‍ മുന്നിട്ടു നില്‍ക്കുന്നത് നെതര്‍ലന്‍ഡ്‌സും ബ്രിട്ടണുമാണ്. 1.75 ദശലക്ഷം ബാരലാണ് പ്രതിദിനം കയറ്റുമതി ചെയ്തിരുന്നത്. അമേരിക്കയുടെ രണ്ടാമത്തെ വലിയ ഉപഭോക്തൃ മേഖല ഏഷ്യയാണ്. ചൈനയും ദക്ഷിണ കൊറിയയും മുന്നിട്ട് നില്‍ക്കുന്ന ഈ വിപണിയിലെത്തുന്നത് പ്രതിദിനം 1.68 ദശലക്ഷം ബാരലാണ്. കാനഡ, ആഫ്രിക്ക, മധ്യ അമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലേക്ക് അമേരിക്ക വന്‍തോതില്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്നുണ്ട്.

ശ്രദ്ധേയമായ മറ്റൊരു കാര്യം കയറ്റുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനേക്കാള്‍ കൂടിയ അളവില്‍ അമേരിക്ക ഓയില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. അതിനാല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി രാജ്യങ്ങളില്‍ അമേരിക്കയേയും പരിഗണിക്കേണ്ടതുണ്ട്. ആഭ്യന്തര ക്രൂഡ് ഓയില്‍ ഉത്പാദനം ഭാഗികമായി വര്‍ധിച്ചിട്ടും അമേരിക്ക ഓയില്‍ ഇറക്കുമതി തുടരുകയാണ്. സാധാരണ ക്രൂഡിനേക്കാള്‍ സള്‍ഫര്‍ അംശം കൂടുതലുള്ള ക്രൂഡ് സംസ്കരിക്കുന്ന റിഫൈനറികളാണ് അമേരിക്കയിലുള്ളത്. യുഎസ് ക്രൂഡോയില്‍ ലൈറ്റാണ്. അതിനാല്‍ അവർ ഇതു കയറ്റുമതി ചെയ്യുകയും റിഫൈനറികള്‍ക്കു യോജിച്ച ക്രൂഡ് ഇറക്കുമതി ചെയ്യുകയും ചെയ്യുന്നു. മെക്‌സിക്കോ, കാനഡ തുടങ്ങിയ വ്യാപാര പങ്കാളികളില്‍ നിന്നാണ് അമേരിക്ക കൂടുതലും ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത്.