11 Jun 2026 9:45 AM IST
Crude Oil Price Today : പോരുകടുപ്പിച്ച് യുഎസും ഇറാനും; ഹോർമുസ് അടച്ചു, എണ്ണവില 150 ഡോളർ തൊടുമോ?
MyFin Desk
Summary
ഹോർമുസ് കടക്കാൻ ശ്രമിക്കുന്നത് ഏതു രാജ്യത്തിൻ്റെ കപ്പലാണെങ്കിലും വെടിയുതിർക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്. എണ്ണ വില ബാരലിന് 150 ഡോളർ തൊടുമെന്ന് റിസ്റ്റാഡ് എനർജി
യുഎസും ഇറാനും തമ്മിലുള്ള പുതിയ സംഘർഷം അസംസ്കൃത എണ്ണ വില കുത്തനെ ഉയർത്തുമെന്ന് മുന്നറിയിപ്പ്. ക്രൂഡ് ഓയിൽ വില 150 ഡോളറിലേക്ക് ഉയർന്നേക്കുമെന്ന് ഈ രംഗത്തെ ഗവേഷണ സ്ഥാപനമായ റിസ്റ്റാഡ് എനർജി മുന്നറിയിപ്പ് നൽകി. യുഎസും ഇറാനും തമ്മിലുള്ള സംഘർഷം കടുത്തതോടെ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു.
പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ ഇപ്പോൾ തന്നെ എണ്ണ ഉൽപാദനം കുത്തനെ ഇടിഞ്ഞിട്ടുണ്ട്. ഗൾഫിലെ ആറു പ്രധാന എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ പ്രതിദിന ഉൽപാദനത്തിൽ 1.18 കോടി ബാരൽ കുറവുണ്ട്.അതേസമയം യുഎസിൻ്റെ പെട്രോളിയം ശേഖരം ഉയർന്നതും ചൈന ക്രൂഡ് ഓയിൽ ഇറക്കുമതി കുറച്ചതും, സൗദി അറേബ്യയിലെ യാൻബു തുറമുഖം വഴിയുള്ള ക്രൂഡ് ഓയിൽ നീക്കവും ആശ്വാസകരമാണെങ്കിലും പുതിയ സംഘർഷാവസ്ഥ സ്ഥിതിഗതികൾ വീണ്ടും പ്രവചനാതീതമാകും.
ഹോർമുസ് അടച്ചു
മിഡിൽ ഈസ്റ്റ് യുദ്ധം ആരംഭിച്ച് മൂന്ന് മാസത്തിനുള്ളിൽ ആഗോള വിപണികളിലെ ഏകദേശം 100 കോടി ബാരൽ അസംസ്കൃത എണ്ണ വിതരണം തടസപ്പെട്ടിരുന്നു. ഇതിനിടയിലാണ് പുതിയ പ്രതിസന്ധി. യുഎസ് ഇറാൻ വീണ്ടും ആക്രമിച്ചതാണ് ഹോർമുസ് പൂർണമായി അടക്കാൻ കാരണമെന്ന് ഇറാൻ വ്യക്തമാക്കി. എണ്ണ ടാങ്കറുകളും വാണിജ്യ കപ്പലുകളും ഉൾപ്പെടെ എല്ലാം നിരോധിച്ചു. ഹോർമുസ് കടക്കാൻ ശ്രമിക്കുന്നത് ഏതു രാജ്യത്തിൻ്റെ കപ്പലാണെങ്കിലും വെടിയുതിർക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
ഇറാനെതിരെ വീണ്ടും ആക്രമണം ആരംഭിച്ചതായി ബുധനാഴ്ചയാണ് യുഎസ് സൈന്യം വെളിപ്പെടുത്തിയത്. യുഎസുമായുള്ള ചർച്ചകൾ നിർത്തിയതിന് ടെഹ്‌റാൻ വില നൽകേണ്ടിവരുമെന്നായിരുന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ മുന്നറിയിപ്പ്. വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളും അനിശ്ചിതത്വത്തിലാക്കുകയാണ്.
പഠിക്കാം & സമ്പാദിക്കാം
Home
