image

30 Oct 2026 9:43 AM IST

Cryptocurrency

ബിനാന്‍സിന് നേരെ സൈബര്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്; കോടികളുടെ നഷ്ടം, ഇടപാടുകള്‍ നിര്‍ത്തി

MyFin Desk

ബിനാന്‍സിന് നേരെ സൈബര്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്; കോടികളുടെ നഷ്ടം, ഇടപാടുകള്‍ നിര്‍ത്തി
X

Summary

മോഷ്ടിക്കപ്പെട്ട ഫണ്ടുകളുടെ കൈമാറ്റം തടയാന്‍ ഏകദേശം 3 ബില്യണ്‍ ഡോളര്‍ മരവിപ്പിച്ചതായി ബിനാന്‍സ് അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സുരക്ഷാ പരിശോധനകളുടെ ഭാഗമായി നിക്ഷേപങ്ങളും പിന്‍വലിക്കലുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു


ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളിലൊന്നായ ബിനാന്‍സിന് നേരെ വന്‍ സൈബര്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. ചെയിന്‍ അനാലിസിസ് ഉള്‍പ്പെടെയുള്ള ബ്ലോക്ക്‌ചെയിന്‍ വിശകലന പ്ലാറ്റ്‌ഫോമുകളെ ഉദ്ധരിച്ച് 5.9 ബില്യണ്‍ ഡോളര്‍ വരെയുള്ള ആസ്തികള്‍ മോഷ്ടിക്കപ്പെട്ടതായാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പ്രാഥമിക വിവരം. എന്നാല്‍ ഈ തുക ബിനാന്‍സ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഈ കണക്ക് ശരിയാണെങ്കില്‍, 2025 ഫെബ്രുവരിയില്‍ ബൈബിറ്റില്‍ നിന്ന് 1.5 ബില്യണ്‍ ഡോളര്‍ നഷ്ടമായതിനേക്കാള്‍ വലിയ കവര്‍ച്ചയാകും ഇത്. മോഷ്ടിക്കപ്പെട്ട ഫണ്ടുകളുടെ കൈമാറ്റം തടയാന്‍ ഏകദേശം 3 ബില്യണ്‍ ഡോളര്‍ മരവിപ്പിച്ചതായി ബിനാന്‍സ് അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സുരക്ഷാ പരിശോധനകളുടെ ഭാഗമായി നിക്ഷേപങ്ങളും പിന്‍വലിക്കലുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഉപയോക്താക്കളുടെ ഫണ്ട് സുരക്ഷിതമാണെന്നും നഷ്ടം നികത്തുമെന്നും കമ്പനി വ്യക്തമാക്കി.

നഷ്ടം വീണ്ടെടുക്കാനുള്ള ശ്രമത്തില്‍ മറ്റ് കമ്പനികളും രംഗത്തുണ്ട്. 1.6 ബില്യണ്‍ ഡോളറിന്റെ USDT മരവിപ്പിച്ചതായി ടെതര്‍ മേധാവി പൗലോ അര്‍ഡോയ്‌നോയും 800 മില്യണിലധികം USDC മരവിപ്പിച്ചതായി സര്‍ക്കിള്‍ മേധാവി ജെറമി അല്ലെയറും അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ അന്തിമ നഷ്ടം ഒരു ബില്യണ്‍ ഡോളറിനടുത്ത് മാത്രമേ വരൂ എന്നാണ് ബിനാന്‍സ് മുന്‍ മേധാവി ചാങ്പെങ് ഷാവോയുടെ പ്രാഥമിക വിലയിരുത്തല്‍.

ആക്രമണ വാര്‍ത്തയ്ക്ക് പിന്നാലെ ക്രിപ്‌റ്റോ വിപണിയില്‍ ഇടിവ് രേഖപ്പെടുത്തി. ബിറ്റ്‌കോയിന്‍, ഈഥീരിയം, ബിഎന്‍ബി എന്നിവ 5 മുതല്‍ 10 ശതമാനം വരെ ഇടിഞ്ഞതായാണ് വിവരം. ആക്രമണം എങ്ങനെ നടന്നു, ആരാണ് പിന്നില്‍, എത്ര തുക തിരിച്ചുപിടിക്കും എന്ന കാര്യങ്ങളില്‍ ഔദ്യോഗിക സ്ഥിരീകരണം വരാനുണ്ട്. മേല്‍പ്പറഞ്ഞ തുകകള്‍ പ്രാഥമിക അവകാശവാദങ്ങള്‍ മാത്രമാണ്.