8 April 2026 4:19 PM IST
Summary
ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നതും എണ്ണവിലയിലെ ഇടിവും ക്രിപ്‌റ്റോ വിപണിക്ക് ഇരട്ടി മധുരമായി. കേന്ദ്ര ബാങ്കുകള്‍ പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും വിപണിയെ ഉത്തേജിപ്പിച്ചു
ആഗോള രാഷ്ട്രീയത്തിലെ സംഘര്‍ഷഭരിതമായ കാര്‍മേഘങ്ങള്‍ താല്‍ക്കാലികമായെങ്കിലും ഒഴിഞ്ഞതോടെ ക്രിപ്‌റ്റോ വിപണിയില്‍ ആവേശകരമായ തിരിച്ചുവരവ്. യുഎസും ഇറാനും തമ്മിലുള്ള ഔദ്യോഗിക വെടിനിര്‍ത്തല്‍ പ്രഖ്യാപനം നിക്ഷേപകര്‍ക്ക് നല്‍കിയ ആശ്വാസം ചെറുതല്ല. യുദ്ധഭീതിയില്‍ വിറങ്ങലിച്ചു നിന്ന വിപണിയിലേക്ക് നിക്ഷേപകര്‍ തിരിച്ചെത്തിയതോടെ, ബിറ്റ്കോയിന്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ആസ്തികള്‍ പച്ചപ്പിലേക്ക് മടങ്ങിയെത്തി.
വെടിനിര്‍ത്തല്‍ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ബിറ്റ്കോയിന്‍ 4.8% ഉയര്‍ന്ന് 72,700 ഡോളര്‍ എന്ന കരുത്തുറ്റ നിലവാരത്തിലെത്തി. പിന്നീട് ഇടിഞ്ഞെങ്കിലും എഥീറിയവും (7% വര്‍ധന) മറ്റ് പ്രമുഖ കോയിനുകളായ സോളാന, കാര്‍ഡാനോ എന്നിവയും വന്‍ നേട്ടമുണ്ടാക്കി. ഇതില്‍ 23% വര്‍ധനയുമായി ഇസഡ് കാഷ് ആണ് വിപണിയെ ഞെട്ടിച്ചത്. സാധാരണക്കാരെ ആകര്‍ഷിക്കുന്ന മീം കോയിനുകളായ ഡോഗ്കോയിനും ഷിബ ഇനുവും ഈ ആഘോഷത്തില്‍ പങ്കുചേര്‍ന്നു.
അവസാനനിമിഷം നടന്ന നിര്‍ണ്ണായക ചര്‍ച്ചകളാണ് ലോകത്തെ വലിയൊരു യുദ്ധത്തില്‍ നിന്ന് രക്ഷിച്ചത്. ഈ സമാധാന അന്തരീക്ഷം ആഗോള സമ്പദ്വ്യവസ്ഥയില്‍ 'റിസ്‌ക്-ഓണ്‍' വികാരം പടര്‍ത്തി. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നതും എണ്ണവിലയിലെ ഇടിവും ക്രിപ്‌റ്റോ വിപണിക്ക് ഇരട്ടി മധുരമായി. എണ്ണവില കുറയുന്നത് പണപ്പെരുപ്പ ഭീഷണി കുറയ്ക്കുമെന്നതിനാല്‍, കേന്ദ്ര ബാങ്കുകള്‍ പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും വിപണിയെ ഉത്തേജിപ്പിച്ചു.
ഈ വിലക്കയറ്റം താല്‍ക്കാലികമായ ഒന്നല്ലെന്നും വിപണിയുടെ സ്വഭാവത്തില്‍ വന്ന മാറ്റമാണെന്നുമാണ് വിദഗ്ധരുടെ പക്ഷം. ഹ്രസ്വകാല നിക്ഷേപകരുടെ ലിക്വിഡേഷന്‍ മാത്രമല്ല, വിപണിയിലെ ഭയത്തിന്റെ ഘട്ടം കഴിഞ്ഞ് സ്ഥിരതയുടെ കാലം തുടങ്ങിയതായും ബിറ്റ്ജെറ്റ് ചീഫ് അനലിസ്റ്റ് റയാന്‍ ലീ നിരീക്ഷിക്കുന്നു. വരും ആഴ്ചകളില്‍ എണ്ണവിലയും ഫെഡറല്‍ റിസര്‍വിന്റെ തീരുമാനങ്ങളും അനുകൂലമായാല്‍ ക്രിപ്‌റ്റോ വിപണി പുതിയ ചരിത്രം കുറിക്കുമെന്നാണ് പ്രതീക്ഷ. എങ്കിലും യോഗ്യതയുള്ള ഒരു ബ്രോക്കറെയോ സാമ്പത്തിക ഉപദേഷ്ടാവിനെയോ സമീപിച്ചശേഷംമാത്രം നിക്ഷേപമോ വ്യാപാര തിരഞ്ഞെടുപ്പുകളോ നടത്തുക.
പഠിക്കാം & സമ്പാദിക്കാം
Home
