image

14 Nov 2025 7:15 PM IST

Cryptocurrency

ക്രിപ്‌റ്റോ വിപണി താഴേക്കോ? നിക്ഷേപകരില്‍ ആശങ്ക

MyFin Desk

ക്രിപ്‌റ്റോ വിപണി താഴേക്കോ?  നിക്ഷേപകരില്‍ ആശങ്ക
X

Summary

നിക്ഷേപകരുടെ പിന്‍വാങ്ങല്‍ തുടരാന്‍ സാധ്യത


നിക്ഷേപകരില്‍ ആശങ്ക ജനിപ്പിച്ച് ക്രിപ്റ്റോ വിപണി. ലാഭമെടുപ്പിന് പിന്നാലെ ബിറ്റ്‌കോയിന്‍ 1 ലക്ഷം ഡോളറിന് താഴെ. നിക്ഷേപകരുടെ പിന്‍വാങ്ങല്‍ തുടരാന്‍ സാധ്യത.

സാധാരണയായി വര്‍ഷാവസാന പാദം ക്രിപ്റ്റോ വിപണിക്ക് അനുകൂലമാകാറുണ്ട്. എന്നാല്‍, ഈ വര്‍ഷം ഒക്ടോബറിലും നവംബറിലും തുടര്‍ച്ചയായ വില്‍പ്പനയാണ് വിപണിയില്‍ ദൃശ്യമാകുന്നത്. നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയതും ഇതാണ്.

കൂടാതെ എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകളില്‍ നിന്നുള്ള പുറത്തേക്കുള്ള ഒഴുക്കും കോര്‍പ്പറേറ്റ് ട്രഷറി വില്‍പ്പനയും കാരണം ഒക്ടോബര്‍ ആദ്യം മുതല്‍ ഏകദേശം 450 ബില്യണ്‍ ഡോളറിന്റെ ലിക്വിഡേഷനുകള്‍ നടന്നതായി കണക്കാക്കപ്പെടുന്നു. ഇതോടെ ക്രിപ്റ്റോ കറന്‍സികള്‍ വലിയ സമ്മര്‍ദ്ദത്തിലാണെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. ക്രിപ്റ്റോ ലോകത്തെ രാജാവായ ബിറ്റ്‌കോയിന്‍ 100,000 ഡോളര്‍ എന്ന നിര്‍ണ്ണായക നിലയ്ക്ക് താഴെ എത്തി. ഏകദേശം 97,500 ഡോളര്‍ എന്ന ആറുമാസത്തെ ഏറ്റവും താഴ്ന്ന നിലയാണ് ബിറ്റ്‌കോയിന്‍ ഇപ്പോള്‍ വ്യാപാരം ചെയ്യുന്നത്.

ഒക്ടോബര്‍ 6-ന് 126,000 ഡോളറെന്ന എന്ന എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ എത്തിയിരുന്ന ബിറ്റ്‌കോയിന്‍, ശേഷം ഏകദേശം 22%മാണ് ഇടിഞ്ഞത്.ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപം, ടോക്കണൈസേഷന്‍ ശ്രമങ്ങള്‍ എന്നിവ കാരണം വിപണിയില്‍ പെട്ടെന്നുള്ള തിരിച്ചടിയുണ്ടായി. ഗ്ലോബല്‍ ക്രിപ്റ്റോ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 4.3 ട്രില്യണ്‍ ഡോളറില്‍ നിന്ന് ഏകദേശം 3.3 ട്രില്യണ്‍ ഡോളറായി കുറഞ്ഞു.

കഴിഞ്ഞ ഒരു മാസത്തിനിടെ നിക്ഷേപകര്‍ ഏകദേശം 815,000 ബിറ്റ്‌കോയിനുകള്‍ വിറ്റഴിച്ചു.എതെര്‍ , ബിനാന്‍സ് കോയിന്‍ , കാര്‍ഡാനോ , സോളാന തുടങ്ങിയ പ്രധാന ടോക്കണുകള്‍ക്ക് പ്രതിവാര അടിസ്ഥാനത്തില്‍ 5% മുതല്‍ 13% വരെയും പ്രതിമാസ അടിസ്ഥാനത്തില്‍ 12% മുതല്‍ 30% വരെയും നഷ്ടമുണ്ടായി.

അതേസമയം, യുഎസിലെ സാമ്പത്തിക അനിശ്ചിതത്വവും, ടെക് ഓഹരികള്‍ നേരിടുന്ന വില്‍പ്പന സമ്മര്‍ദ്ദവും നിക്ഷേപകരെ റിസ്‌കുള്ള ആസ്തികളില്‍ നിന്ന് സുരക്ഷിതമായ ആസ്തികളിലേക്ക് ശ്രദ്ധമാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തി .നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍, 90000 -95000 ഡോളര്‍ നിരക്കുകളില്‍ കൂടുതല്‍ വില്‍പ്പന സമ്മര്‍ദ്ദം ഉണ്ടാവാമെന്നും വിദഗ്ധര്‍ പറയുന്നു.