image

2 April 2023 2:00 PM GMT

Market

വില കുത്തനെ ഇടിഞ്ഞ് മൂന്ന് ടാറ്റ ഗ്രൂപ്പ് കമ്പനികള്‍; ഓഹരികള്‍ വാങ്ങണോ?

MyFin Desk

at 52-week low want to buy 3 tata shares
X

Summary

  • ടിസിഎസിന് ഒരൊറ്റ വര്‍ഷം കൊണ്ട് 16% ഇടിവ്
  • ടാറ്റാ കണ്‍സ്യൂമര്‍ ബുള്ളിഷ് സ്വഭാവം തിരിച്ചുപിടിക്കുമെന്നു വിദഗ്ധർ.
  • ടാറ്റ പവർ 52 ആഴ്ചത്തെ ഏറ്റവും ഉയർച്ചയിൽ നിന്ന് 36% ഇടിവിൽ.


വമ്പന്‍ കമ്പനികളുടെ ഓഹരികള്‍ മികച്ച വരുമാനം നല്‍കുന്നത് കൊണ്ട് തന്നെ അവ സ്വായത്തമാക്കാൻ വലിയ വില തന്നെ നൽകേണ്ടി വരും. എന്നാല്‍, മികച്ച അടിസ്ഥാനഘടകങ്ങള്‍ ഉള്ള ഇത്തരം കമ്പനികളുടെ ഓഹരി വില സില സമയങ്ങളിൽ വല്ലാതെ ഇടിയും . ഈ നേരം നോക്കി ഓഹരികളില്‍ പണമെറിഞ്ഞാല്‍ ദീര്‍ഘകാലത്തില്‍ വലിയ വരുമാനം നേടാന്‍ സാധിക്കും.നിക്ഷേപകര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന അത്തരം ഓഹരികളാണ് ടാറ്റ ഗ്രൂപ്പ് കമ്പനികളുടേത്. ഗ്രൂപ്പിന് കീഴിലുള്ള വിവിധ കമ്പനികളുടെ ഓഹരികളുടെ ഭാവിയെ കുറിച്ച് നിക്ഷേപകര്‍ക്ക് അത്ര ആശങ്കയുണ്ടാകാറില്ല. എന്നാല്‍ ഈ ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ വില നിലവാരത്തിനോട് അടുത്തുകൊണ്ടിരിക്കുകയാണ്. ടാറ്റ പവർ, ടാറ്റ കൺസൾട്ടൻസി, ടാറ്റ കൺസ്യൂമർ എന്നീ മൂന്ന് ഓഹരികളും കുറഞ്ഞ വിലക്ക് വാങ്ങാവുന്ന സാഹചര്യമാണ് ഇന്നിപ്പോൾ വിപണിയില്‍ നിലനിൽക്കുന്നത്.

ടാറ്റാ പവര്‍ കമ്പനി ലിമിറ്റഡ്

ഇക്കഴിഞ്ഞ വെള്ളിയാഴ്ച കമ്പനിയുടെ ഓഹരി വില 190.20 രൂപയായിരുന്നു. 52 ആഴ്ചത്തെ ഏറ്റവും താഴ്ന്ന നിലവാരമായി രേഖപ്പെടുത്തിയിരുന്ന 182.35 രൂപയോട് അടുക്കുകയാണ്. 52 ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്ന 298.05 രൂപയില്‍ നിന്ന് 36% ഇടിവാണ് ഓഹരിക്ക് നേരിട്ടിരിക്കുന്നത്. ഇന്ന് തിങ്കളാഴ്ച 3 രൂപ ഉയർന്നിട്ടുണ്ട്. ടാറ്റാ പവര്‍ ഓഹരികള്‍ക്ക് ഐസിഐസിഐ സെക്യൂരിറ്റി നല്‍കിയിരിക്കുന്ന ടാര്‍ഗറ്റ് വില 262 രൂപയാണ്. ഈ ഓഹരികള്‍ ഇപ്പോള്‍ വാങ്ങിസൂക്ഷിച്ചാല്‍ 38 ശതമാനം റിട്ടേണ്‍ പ്രതീക്ഷിക്കാമെന്നാണ് ഐസിഐസിഐ സെക്യൂരിറ്റിയുടെ വിലയിരുത്തല്‍. ഈ മിഡ്ക്യാപ് ഓഹരിയുടെ വിപണി മൂല്യം 60,775.36 കോടി രൂപയാണ്. 1919 ല്‍ നിലവില്‍ വന്ന കമ്പനിക്ക് പൊതുവേ നല്ല ട്രാക്ക് റെക്കോര്‍ഡാണ് ഉള്ളത്. ഇക്കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ 84% ആദായം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇക്കഴിഞ്ഞ വര്‍ഷം ഓഹരിക്ക് 20 ശതമാനം ഇടിവ് നേരിട്ടിട്ടുണ്ട്. അതേസമയം മൂന്ന് വര്‍ഷം കൊണ്ട് നിക്ഷേപകര്‍ക്ക് 479 ശതമാനം വരുമാനം നല്‍കിയിട്ടുണ്ട്.

2023 സാമ്പത്തിക വര്‍ഷത്തില്‍ മൂന്നാംപാദത്തില്‍ ടാറ്റാ പവര്‍ മികച്ച പ്രകടനമാണ് നടത്തിയതെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് അഭിപ്രായപ്പെടുന്നു. കല്‍ക്കരി ബിസിനസിലും വിതരണ ബിസിനസിലും വലിയ വളര്‍ച്ചയാണ് കമ്പനി കാഴ്ചവെച്ചത്. ഇതൊക്കെ പരിഗണിച്ചാല്‍ വരും നാളുകളില്‍ നഷ്ടം പ്രതീക്ഷിക്കേണ്ടി വരില്ലെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍.

ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ലിമിറ്റഡ്

കമ്പനിയുടെ ഓഹരികള്‍ക്ക് നിലവില്‍ 3200.00 രൂപയാണ് വില. 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിലവാരമായി രേഖപ്പെടുത്തിയിരുന്നത് 2926.10 രൂപയാണ്. എന്നാലും ഈ ഓഹരികള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള അവസരമാണിത്. 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 3835.60 രൂപയില്‍ നിന്ന് 16% ഇടിഞ്ഞിട്ടുണ്ട്. മോത്തിലാല്‍ ഒസ്വാളിന്റെ അഭിപ്രായം പരിഗണിച്ചാല്‍ ഈ ഓഹരികള്‍ കുതിച്ചുയരുമെന്ന് കരുതാം. ടിസിഎസിന്റെ അടിസ്ഥാനഘടകങ്ങളും ഓര്‍ഡര്‍ ബുക്കും ദീര്‍ഘകാല ഓര്‍ഡറുകളും പോര്‍ട്ട്‌ഫോളിയോയുമൊക്കെ കണക്കിലെടുത്താല്‍ ഓഹരികളിലുണ്ടാവുന്ന ഇടിവ് കാര്യമാക്കേണ്ടതില്ലെന്നാണ് മോത്തിലാല്‍ ഓസ്വാളിന്റെ നിരീക്ഷണം. 3810 രൂപയാണ് ഇവരുടെ ടാര്‍ഗറ്റ് വില. 19% വരുമാനം പ്രതീക്ഷിക്കാമെന്നാണ് മോത്തിലാല്‍ ഓസ്വാള്‍ പറയുന്നത്. 11,73,018.69 കോടി രൂപയുടെ വിപണി മൂല്യമുള്ള കമ്പനിയാണിത്. ലാര്‍ജ് ക്യാപ് ഓഹരിയായ ടിസിഎസ് ഇക്കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് നിക്ഷേപകര്‍ക്ക് 75 ശതമാനവും അഞ്ച് വര്‍ഷം കൊണ്ട് 125%വും വരുമാനം നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 14% ഇടിവാണ് ഓഹരിക്കുണ്ടായിട്ടുള്ളത്.

ടാറ്റാ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ്

ടാറ്റാ ഗ്രൂപ്പിന്റെ ഈ കമ്പനിയുടെ ഓഹരിയും നിക്ഷേപകര്‍ക്ക് വില കുറഞ്ഞ് കിട്ടുന്ന സാഹചര്യമാണ് വിപണിയിലുള്ളത്. വിപണിയില്‍ 717.05 രൂപയാണ് ഓഹരിയുടെ വില. 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിലവാരമായിരുന്ന 686.60 രൂപയോട് അടുത്തുകൊണ്ടിരിക്കുകയാണ് നിലവില്‍ . അതുകൊണ്ട് വാങ്ങി സൂക്ഷിക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് നല്ല അവസരമാണ്. 52 ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 861.15 രൂപയാണ്. ഇതില്‍ നിന്ന് 18% ഇടിഞ്ഞിട്ടുണ്ട്. ടാറ്റാ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡിനെ വാങ്ങിവെക്കാന്‍ നിര്‍ദേശിക്കുന്നത് ബ്രോക്കറേജ് കമ്പനി കെആര്‍ ചോക്‌സിയാണ്. കമ്പനിയുടെ ഓഹരികള്‍ ബുള്ളിഷ് സ്വഭാവം വീണ്ടെടുക്കുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. 964 രൂപയാണ് ഇവര്‍ നല്‍കിയിരിക്കുന്ന ടാര്‍ഗറ്റ് വില. 36% കുതിച്ചുയരാന്‍ ശേഷിയുണ്ടെന്നാണ് കെആര്‍ ചോക്‌സിയുടെ വിലയിരുത്തല്‍. ലാര്‍ജ് ക്യാപ് എഫ്എംസിജി ഓഹരി നിക്ഷേപകര്‍ക്ക് മൂന്ന് വര്‍ഷം കൊണ്ട് 140% റിട്ടേണ്‍ മടക്കിനല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ വര്‍ഷം 8% ആണ് ഇടിഞ്ഞത്. 65,964.47 കോടിയാണ് വിപണി മൂലധനം.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റിസ്, മോത്തിലാല്‍ ഓസ്വാള്‍, കെആര്‍ ചോക്‌സി എന്നീ കമ്പനികളുടെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്‌ധന്റെ ഉപദേശം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റും ഇതെഴുതിയ ലേഖകനും ഉത്തരവാദികളല്ല.