image

2 Feb 2023 6:02 AM GMT

Market

അദാനി എന്റർപ്രൈസസ് എഫ് പിഒ വഴി സമാഹരിച്ച തുക നിക്ഷേപകർക്ക് തിരിച്ചു നൽകും

Mohan Kakanadan

അദാനി എന്റർപ്രൈസസ് എഫ് പിഒ വഴി സമാഹരിച്ച തുക നിക്ഷേപകർക്ക് തിരിച്ചു നൽകും
X

Summary

  • 4.55 കോടി ഓഹരികൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 20,000 കോടി രൂപ സമാഹരിക്കാനായിരുന്നു ലക്ഷ്യം.
  • റീട്ടെയിൽ നിക്ഷേപകർ, കമ്പനിയുടെ ജീവനക്കാർ എന്നിവരിൽ നിന്ന് കാര്യമായ പ്രതികരണം ലഭിച്ചില്ല.


ഡെൽഹി: ഏറെ വിവാദങ്ങൾക്കിടയിലും വിജയകരമായി പൂർത്തിയാക്കിയ അദാനി എന്റർപ്രൈസസിന്റെ (എ ഇ എൽ; AEL) എഫ് പിഒ റദ്ദാക്കിയതായി കമ്പനി പ്രഖ്യാപിച്ചു.

എഫ് പിഒ വഴി സമാഹരിച്ച 20,000 കോടി രൂപ നിക്ഷേപകർക്ക് തിരിച്ചു നൽകുമെന്ന് കമ്പനി അറിയിച്ചു. നിലവിലെ വിപണിയിലെ അദാനി ഗ്രൂപ്പ് നേരിടുന്ന പ്രതിസന്ധികളും അനിശ്ചിതാവസ്ഥയും, കണക്കിലെടുത്ത് നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അതിനാൽ എഫ് പിഒ വരുമാനം തിരികെ നൽകുമെന്നും കമ്പനി ഒരു പ്രസ്താവനയിൽ വ്യക്തമാക്കി.

ജനുവരി 31 ചൊവ്വാഴ്ചയാണ് എഇഎൽ-ന്റെ എഫ് പിഒ സമാപിച്ചത്. 4.55 കോടി ഓഹരികൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 20,000 കോടി രൂപ സമാഹരിക്കാനായിരുന്നു ലക്ഷ്യം. അവസാന ദിനത്തെ റീട്ടെയിൽ ഇതര നിക്ഷേപകരുടെ പിന്തുണയോടെ 4.62 കോടി ഓഹരികൾക്ക് അപേക്ഷ ലഭിച്ചിരുന്നു.

ഇൻസ്റ്റിറ്റ്യുഷണൽ ഇതര നിക്ഷേപകർക്ക് 96.16 ലക്ഷം ഓഹരികളും, ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യുഷണൽ നിക്ഷേപകർക്ക് 1.28 കോടി ഓഹരികളും നീക്കിവച്ചതിൽ പൂർണമായും സബ്സ്ക്രൈബ് ചെയ്യപ്പെട്ടിരുന്നു.

റീട്ടെയിൽ നിക്ഷേപകർ, കമ്പനിയുടെ ജീവനക്കാർ എന്നിവരിൽ നിന്ന് കാര്യമായ പ്രതികരണം ലഭിച്ചില്ല. 2.29 കോടി ഓഹരികളാണ് റീട്ടെയിൽ നിക്ഷേപകരക്കായി നീക്കി വച്ചിരുന്നത്. ഇതിൽ 11 ശതമാനം ഓഹരികൾക്ക് മാത്രമാണ് അപേക്ഷ ലഭിച്ചത്.

ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് കഴിഞ്ഞ അഞ്ചു സെഷനുകളിൽ തുടർച്ചയായി തകർച്ച നേരിടുന്ന അദാനി ഓഹരികൾക്ക് മൊത്തം വിപണി മൂലധനത്തിന്റെ 7 ലക്ഷം കോടി രൂപയിലധികം രൂപ നഷ്ടപ്പെട്ടു. ഓഹരി കൃത്രിമത്വം, അക്കൗണ്ടിംഗ് തട്ടിപ്പ് മുതലായ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഹിൻഡൻബർഗ് റിസേർച്ച് പുറത്തു വിട്ട റിപ്പോർട്ടാണ് അദാനി സാമ്രാജ്യത്തിന്റെ ഗതി തന്നെ മാറ്റി മറിച്ചത്. ഇതിനെതിരെ അദാനി ഗ്രൂപ്പ് 413 പേജുകളടങ്ങിയ മറുപടി പ്രസിദ്ധീകരിച്ചിരുന്നു.

ഇന്ന് രാവിലെ 11.00 മണിക്ക് എഇഎൽ ഓഹരികൾ ഏകദേശം 10 ശതമാനം താഴ്ന്ന് 1948.90 ലാണ് വ്യാപാരം നടക്കുന്നത്.