image

3 Feb 2023 2:00 AM GMT

Stock Market Updates

അദാനി കമ്പനികൾ 52-ആഴ്ച താഴ്ച്ചയിൽ; എങ്കിലും സൂചികകൾ ചെറുത്ത് നിൽക്കുന്നു

Mohan Kakanadan

share market
X

Summary

  • എച് ഡി എഫ് സി ലൈഫ് ഇടിഞ്ഞ് 52-ആഴ്ചത്തെ ഏറ്റവും താഴ്ചയായ 483.05 പോയിന്റ് വരെ എത്തി.
  • 10,000 കോടി രൂപ മുതൽമുടക്കിൽ ഇൻഡസ്‌ൻഡ് ബാങ്കിലെ പങ്കാളിത്തം 26 ശതമാനക്കാൻ ഹിന്ദുജ ഗ്രൂപ്പ്


കൊച്ചി:കഴിഞ്ഞ ഒരാഴ്ചയായി ഓഹരി വിപണി തികച്ചും അസ്ഥിരതയിലാണ്. ഫെഡ് റിസേർവ് പലിശ നിരക്ക് 0.25 ബേസിസ് പോയിന്റ് മാത്രം വർധിപ്പിച്ചത് അല്പം ആശ്വാസം പകർന്നെങ്കിലും ഹിൻഡൻബർഗിന്റെ റിപ്പോർട്ട് വിപണിയെ പിടിച്ചുലച്ചു. അദാനി ഗ്രൂപ്പ് കമ്പനികളെല്ലാം താഴേക്കുള്ള കുത്തൊഴുക്കിൽ പെട്ടു. ഇന്നലെയും അദാനി പോർട്സ് 6.60 ശതമാനം ഇടിഞ്ഞ് 52-ആഴ്ചത്തെ ഏറ്റവും താഴ്ചയായ 424.05 പോയിന്റിലെത്തി. അദാനി എന്റർപ്രൈസസും 26.70 ശതമാനം ഇടിഞ്ഞ് 52-ആഴ്ചത്തെ ഏറ്റവും താഴ്ചയായ 1494.75 പോയിന്റ് വരെ പോയി. ലോകത്തിലെ ധനിക ലിസ്റ്റിൽ നിന്നും ഓരോദിവസവും പുറകോട്ട് പോകുന്ന അദാനിക്ക് ഇതിനകം നഷ്ടമായത് ഏകദേശം 8.2 ലക്ഷം കോടിയിലേറെ രൂപയാണ്. ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച ആശങ്കകൾ പരിഹരിക്കുന്ന ക്രെഡിറ്റ് റിപ്പോർട്ട് ഇന്ന് നൽകാൻ കമ്പനി പദ്ധതിയിടുന്നതായി റോയിട്ടേഴ്‌സ് പറയുന്നു.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യാഴാഴ്ച പലിശനിരക്ക് അരശതമാനം കൂട്ടി 4 ശതമാനത്തിലെത്തി; പണപ്പെരുപ്പം പിടിച്ചു നിർത്താനുള്ള ബാങ്കിന്റെ ശ്രമത്തിനിടയിൽ തുടർച്ചയായ പത്താം നിരക്ക് വർദ്ധനയാണിത്.

ഇന്നലെ, സെൻസെക്സ് 224.16 പോയിന്റ് ഉയർന്ന 59932 24 ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 5.90 പോയിന്റ് താഴ്ന്ന് 17610.40 ൽ എത്തി. ബാങ്ക് നിഫ്റ്റിയാകട്ടെ 156.30 പോയിന്റ് ഉയർന്ന 40669.30-ലാണ് അവസാനിച്ചത്.

എച് ഡി എഫ് സി ലൈഫ് ഇടിഞ്ഞ് 52-ആഴ്ചത്തെ ഏറ്റവും താഴ്ചയായ 483.05 പോയിന്റ് വരെ എത്തി.

സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇന്ന് രാവിലെ 7.30 ന് 68.50 പോയിന്റ് ഉയർന്നാണ് വ്യാപാരം നടക്കുന്നത്. ഇത് ഒരു ഗ്യാപ് അപ് തുടക്കത്തിനുള്ള വേദിയൊരുക്കുന്നുണ്ട്.

ഇന്ന് ബാങ്ക് ഓഫ് ബറോഡ, ഡിവിസ് ലാബ്, ഇമാമി, ഇന്ത്യ സിമന്റ്, ഐടിസി, അയോൺ എക്സ്ചേഞ്ച്, ജെകെ ടയർ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻസ്, മണപ്പുറം, പേടിഎം, റിലയൻസ് ഇൻഫ്രാ, എസ്ബിഐ, ഷിപ്പിംഗ് കോർപ്പറേഷൻ, സൺ ടിവി, ടാറ്റ പവർ, സൈഡസ് ലൈഫ് സയൻസസ് എന്നീ കമ്പനികളുടെ ത്രൈമാസ ഫലങ്ങൾ പുറത്തുവരുന്നുണ്ട്.

കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ആസ്റ്റർ ഡി എം, ധനലക്ഷ്മി ബാങ്ക്, എഫ് എ സി ടി, ജിയോജിത്ത്, കിറ്റെക്സ്, എന്നിവ ചുവപ്പിൽ അവസാനിച്ചപ്പോൾ ബാക്കിയെല്ലാം ഉയർന്നാണ് നിൽക്കുന്നത്.

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇ കണക്കുകൾ പ്രകാരം വ്യാഴാഴ്ച (February 2) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 2,371.36 കോടി രൂപക്ക് അധികം വാങ്ങി. എന്നാൽ, വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -3,065.3 കോടി രൂപക്ക് അധികം വില്പന നടത്തി.

ലോക വിപണി

ഏഷ്യൻ വിപണികൾ ഇന്ന് പൊതുവെ മിശ്രിതമായാണ് ആരംഭിച്ചിട്ടുള്ളത്. തായ്‌വാൻ (-28.71), ചൈന ഷാങ്ങ്ഹായ് (-18.05), ഹോങ്കോംഗ് ഹാങ്ങ് സെങ് (-147.28) എന്നിവയെല്ലാം നഷ്ടത്തിൽ തുടരുന്നു. എന്നാൽ, ജപ്പാൻ നിക്കേ (175.75), ജക്കാർത്ത കോമ്പോസിറ്റ് (28.31), ദക്ഷിണ കൊറിയ കോസ്‌പി (0.76) എന്നിവ നേട്ടത്തിലാണിപ്പോൾ.

ഇന്നലെ യുഎസ്-ൽ ഡൗ ജോൺസ്‌ -39.02 പോയിന്റ് ഇടിഞ്ഞപ്പോൾ എസ് ആൻഡ് പി 500 +60.55 പോയിന്റും നസ്‌ഡേക് +384.50 പോയിന്റും ഉയർന്നു.

യൂറോപ്പിലും നേരിയ നേട്ടത്തിലായിരുന്നു ഇന്നലെ വ്യാപാരം അവസാനിച്ചത്; ഫ്രാങ്ക്ഫർട് ഡി എ എക്സ് (328.45) പാരീസ് യുറോനെക്സ്റ്റ് (89.16), ലണ്ടൻ ഫുട്‍സീ (59.05) എന്നിവ ഉയർന്നു.

വിദഗ്ധാഭിപ്രായം

വിനോദ് നായർ, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് റിസർച്ച് ഹെഡ്: വളർച്ചാധിഷ്‌ഠിത ബജറ്റ്, ക്രൂഡ് വിലയിടിവ്, ആഗോള വിപണിയിലെ കയറ്റിറക്കം എന്നിവയുണ്ടെങ്കിലും, അദാനി പ്രശ്നം മൂലം ആഭ്യന്തര വിപണിക്ക് നേട്ടമുണ്ടാക്കാൻ കഴിയുന്നില്ല. കൂടാതെ, മറ്റ് വളർന്നുവരുന്ന വിപണികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ ഓഹരികളുടെ ഉയർന്ന മൂല്യനിർണ്ണയം പ്രകടനത്തെ ബാധിക്കുന്നു. ഫെഡ്നി റിസേർവ് രക്ക് വർധനയുടെ അവസാന ഘട്ടത്തിലാണെന്ന അനുമാനത്തിൽ ആഗോള വിപണികൾ പോസിറ്റീവ് ആണ്.

രൂപക് ദേ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: നിഫ്റ്റിയുടെ ഉയർന്ന തലത്തിൽ 17750-ൽ ഒരു പ്രതിരോധം ദൃശ്യമാണ്, അതിന് മുകളിൽ നിഫ്റ്റി 17950-ലേക്ക് നീങ്ങിയേക്കാം. താഴെ തട്ടിൽ പിന്തുണ 17450-ൽ ഉറപ്പിച്ചിരിക്കുന്നു, അതിന് താഴെ തിരുത്തൽ പുനരാരംഭിക്കാൻ സാധ്യതയുണ്ട്.

കുനാൽ ഷാ, സീനിയർ ടെക്‌നിക്കൽ ആൻഡ് ഡെറിവേറ്റീവ് അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: ബാങ്ക് നിഫ്റ്റിയുടെ നർണായകമായ തടസ്സം 41000 ആണ്. അത് ലംഘിച്ചാൽ, 41500-ലേക്ക് ഒരു ഷോർട്ട് കവറിംഗിന് സാക്ഷ്യം വഹിക്കും. സൂചിക "ബൈ ഓൺ ഡിപ്പ്" മോഡിൽ തുടരും.

ശ്രദ്ധിക്കേണ്ട ഓഹരികൾ

ബ്രിട്ടാനിയ ഇൻഡസ്ട്രീസിന്റെ (ഓഹരി വില: 4573.05 രൂപ) അറ്റാദായം രണ്ട് മടങ്ങ് വർധിച്ച് 932.40 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 369.18 കോടി രൂപയുടെ അറ്റാദായമാണ് റിപ്പോർട്ട് ചെയ്തിരുന്നത്.

ഹിന്ദുജ ഗ്രൂപ്പിന്റെ പ്രമുഖ കമ്പനിയായ അശോക് ലെയ് ലാൻഡിന്റെ (ഓഹരി വില: 152.05 രൂപ) നികുതി കിഴിച്ചുള്ള ലാഭം 60 മടങ്ങ് വർധിച്ച് മൂന്നാം പാദത്തിൽ 361 കോടി രൂപയായി. കഴിഞ്ഞ വർഷം ഡിസംബർ പാദത്തിൽ 6 കോടി രൂപയുടെ ലാഭമാണ് റിപ്പോർട്ട് ചെയ്തിരുന്നത്

ഡിസംബർ പാദത്തിൽ എച്ച് ഡി എഫ് സിയുടെ (ഓഹരി വില: 2613.30 രൂപ) അറ്റാദായം 13 ശതമാനം വർധിച്ച് 3,691 കോടി രൂപയായി. കഴിഞ്ഞ വർഷം ഇത് മൂന്നാം പാദത്തിൽ 3,260 കോടി രൂപയായിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 29 ശതമാനം ഉയർന്ന് 15,230 കോടി രൂപയായി.

മൂന്നാം പാദത്തിൽ പ്രമുഖ എഫ്എംസിജി കമ്പനിയായ ഡാബർ ഇന്ത്യയുടെ (ഓഹരി വില: 554.45 രൂപ) അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 5.4 ശതമാനം ഇടിഞ്ഞ് 476 കോടി രൂപയായി. എന്നാൽ, പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 3.4 ശതമാനം വർധിച്ച് 3,043.2 കോടി രൂപയായി.

ആഭ്യന്തര ഭക്ഷ്യ വ്യവസായത്തിലെ വളർച്ചയുടെ ഫലമായി ഡിസംബർ പാദത്തിൽ ടാറ്റ കൺസ്യൂമർ പ്രൊഡക്‌ട്‌സ്ന്റെ (ഓഹരി വില: 737.15 രൂപ) അറ്റാദായം 25.63 ശതമാനം വർധിച്ച് 364.43 കോടി രൂപയായി.

ദീപക് ഫെർട്ടിലൈസേഴ്‌സ് (ഓഹരി വില: 654.35 രൂപ) 2022 ഡിസംബറിൽ അവസാനിച്ച പാദത്തിൽ നികുതിക്ക് ശേഷമുള്ള ഏകീകൃത ലാഭം 39.67 ശതമാനം വളർച്ചയോടെ 252.26 കോടി രൂപയായി രേഖപ്പെടുത്തി.

10,000 കോടി രൂപ മുതൽമുടക്കിൽ ഇൻഡസ്‌ൻഡ് ബാങ്കിലെ (ഓഹരി വില: 1075.90 രൂപ) ഓഹരി പങ്കാളിത്തം 15 ശതമാനത്തിൽ നിന്ന് 26 ശതമാനമായി ഉയർത്താൻ ഹിന്ദുജ ഗ്രൂപ്പ് പദ്ധതിയിടുന്നു.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,360 രൂപ (+85 രൂപ)

യുഎസ് ഡോളർ = 82.20 രൂപ (+40 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) 82.49 ഡോളർ (+0.32%)

ബിറ്റ് കോയിൻ = 19,50,190 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക +0.11 ശതമാനം ഉയർന്ന് 101.67 ആയി.