image

26 July 2023 2:26 AM GMT

Equity

ഇടിവില്‍ തുടങ്ങി ഏഷ്യന്‍വിപണികള്‍; ഇന്ത്യന്‍ വിപണിയില്‍ ഇന്ന് ശ്രദ്ധിക്കേണ്ടത്

MyFin Desk

ഇടിവില്‍ തുടങ്ങി ഏഷ്യന്‍വിപണികള്‍; ഇന്ത്യന്‍ വിപണിയില്‍ ഇന്ന് ശ്രദ്ധിക്കേണ്ടത്
X

Summary

  • യുഎസ് വിപണികള്‍ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തില്‍
  • ആഗോള വളര്‍ച്ചാ നിഗമനം കുറച്ചും ഇന്ത്യയെ കുറിച്ചുള്ള നിഗമനം കൂട്ടിയും ഐഎംഎഫ്
  • ഫെഡ് റിസര്‍വ് പ്രഖ്യാപനം നാളെ പുലര്‍ച്ചയോടെ


രണ്ട് ദിവസത്തെ ഇടിവിന് ശേഷം ഫ്ലാറ്റായാണ് ഇന്നലെ സെന്‍സെക്സും നിഫ്റ്റിയും വ്യാപാരം അവസാനിപ്പിച്ചത്. റിസള്‍ട്ട് സീസണില്‍ പുറത്തുവരുന്ന ഫലങ്ങളോടുള്ള പ്രതികരണവും ഫെഡ് റിസര്‍വ് പ്രഖ്യാപനത്തിനു മുന്നോടിയായുള്ള ജാഗ്രതയുമാണ് ഇന്ന് വിപണികളില്‍ പ്രതിഫലിക്കുക. ഇന്ത്യന്‍ സമയം അനുസരിച്ച്, ഇന്ന് രാത്രിയോ നാളെ പുലര്‍ച്ചെയോ ആണ് തങ്ങളുടെ ധനനയം സംബന്ധിച്ച പ്രഖ്യാപനം ഫെഡ് റിസര്‍വ് നടത്തുക.

ഇന്നവെ ബിഎസ്ഇ സെൻസെക്‌സ് 29 പോയിന്റ് താഴ്ന്ന് 66,356ലും നിഫ്റ്റി 8 പോയിന്റ് ഉയർന്ന് 19,681ലുമെത്തി. ഇന്നും ഒരു നിശ്ചിത പരിധിക്കുള്ളിലെ ചാഞ്ചാട്ടം വിപണികളില്‍ തുടരുമെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.

ഇടിവുമായി ഏഷ്യന്‍ വിപണികള്‍

ഇന്ന് പൊതുവില്‍ ഇടിവിലാണ് ഏഷ്യന്‍ വിപണികളില്‍ വ്യാപാരം ആരംഭിച്ചിട്ടുള്ളത്. തായ്‍വാന്‍ , നിക്കെയ്, ഹാങ് സെങ്, ഷാങ് ഹായ് വിപണികളില്‍ ഇടിവിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം ഓസ്ട്രേലിയന്‍ വിപണി നേട്ടത്തിലാണ്. ഫെഡ് റിസര്‍വ് പ്രഖ്യാപനത്തിനു മുമ്പുള്ള ജാഗ്രതയ്ക്കു പുറമേ , ആഗോള വളര്‍ച്ച സംബന്ധിച്ച നിഗമനം അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്) വെട്ടിച്ചുരുക്കിയതും വീണ്ടെടുപ്പ് മന്ദഗതിയിലാകുമെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിലയിരുത്തലും നിക്ഷേപകരുടെ വികാരത്തെ ബാധിച്ചു.

ഈ വര്‍ഷം 3.5 ശതമാനം വളര്‍ച്ച ആഗോള സമ്പദ് വ്യവസ്ഥയ്ക്കുണ്ടാകുമെന്ന മുന്‍നിഗമനം തിരുത്തി 3 ശതമാനമാക്കിയാണ് ഐഎംഎഫ് മാറ്റിയത്. ലോകത്തിന്‍റെ പലഭാഗങ്ങളിലും കാര്‍ഷിക ഉല്‍പ്പാദനത്തില്‍ നേരിടുന്ന വെല്ലുവിളികളും കയറ്റുമതി നിയന്ത്രണങ്ങളും വിതരണ ശൃംഖലകളിലെ തടസങ്ങളും വളര്‍ച്ചയെ പരിമിതമാക്കുകയാണ്.

യൂറോപ്യന്‍ വിപണികള്‍ ഇന്ന് പൊതുവില്‍ നേട്ടത്തിലാണെങ്കിലും ഫ്രാന്‍സിലെ വിപണി നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസിലെ ഡൌ ജോണ്‍സ് , നാസ്‍ഡാഖ്, എസ് & പി 500 എന്നിവയെല്ലാം നേട്ടത്തിലാണ് ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്.

ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലുള്ള ഡെറിവേറ്റിവ് വിപണി ഗിഫ്റ്റ് നിഫ്റ്റി ഇന്ന് ഇടിവോടെയാണ് വ്യാപാരം തുടങ്ങിയിട്ടുള്ളത്.

ശ്രദ്ധാ കേന്ദ്രമാകുന്ന ഓഹരികള്‍

പ്രവര്‍ത്തന വരുമാനം 42 ശതമാനം വാര്‍ഷിക വളര്‍ച്ച നേടിയെന്ന് വ്യക്തമാക്കുന്ന ആദ്യ പാദ ഫലമാണ് ഇന്നലെ ടാറ്റാമോട്ടോര്‍സ് പുറത്തുവിട്ടത്. ക്യു 1 റിസള്‍ട്ട് പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി കമ്പനിയുടെ ഓഹരികള്‍ ഇന്നലെ വിപണിയില്‍ മുന്നേറ്റം പ്രകടമാക്കിയിരുന്നു. ബ്രിട്ടീഷ് യൂണിറ്റായ ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ വരുമാനം ജൂണ്‍ പാദത്തില്‍ 57 ശതമാനം ഉയര്‍ന്ന് 6.9 ബില്യണ്‍ പൗണ്ട് സ്റ്റെര്‍ലിംഗിലെത്തി. ജെഎല്‍ആറിന്‍റെ കുതിപ്പ് ഓഹരി വിപണിയിലും ടാറ്റാമോട്ടോര്‍സിനെ തുണക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ലാർസൻ ആൻഡ് ടൂബ്രോ ജൂണിൽ അവസാനിച്ച പാദത്തിലെ ഏകീകൃത അറ്റാദായം 46.5 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് നേടിയിട്ടുള്ളത്. .ഈ ത്രൈമാസത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 33.6 ശതമാനം വളർച്ച രേഖപ്പെടുത്തി. 10,000 കോടി രൂപയുടെ ഷെയര്‍ ബയ്ബാക്കിനും കമ്പനി തയാറെടുക്കുകയാണ്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 7 ശതമാനം ഇടിവാണ് ഐടിസി-യുടെ ഓഹരി മൂല്യത്തില്‍ സംഭവിച്ചിരിക്കുന്നത്. ഹോട്ടല്‍ ബിസിനസിനെ വിഭജിച്ച് പ്രത്യേക കമ്പനിയാക്കി മാറ്റാനുള്ള ഐടിസി-യുടെ തീരുമാനത്തെ വിപണി സ്വീകരിച്ചിട്ടില്ലെന്നാണ് മനസിലാക്കേണ്ടത്. വിപണി മുൂല്യത്തില്‍ 6 ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തുന്ന ഏഴാമത്തെ കമ്പനിയായി കഴിഞ്ഞയാഴ്ച ഐടിസി മാറിയിരുന്നു.

ഇന്നലെ പുറത്തുവന്ന മറ്റൊരു ആദ്യപാദ ഫലം ഏഷ്യന്‍പെയിന്‍റ്സില്‍ നിന്നാണ് . സംയോജിത അറ്റാദായത്തില്‍ 52 % വളര്‍ച്ച നേടാന്‍ കമ്പനിക്കായിട്ടുണ്ട്. എന്നാല്‍ വില്‍പ്പന വരുമാനത്തില്‍ 6 ശതമാനത്തിന്‍റെ വളര്‍ച്ച മാത്രമാണ് ഉണ്ടായിട്ടുള്ളത്. കമ്പനി ചെയര്‍മാനായി ഒക്റ്റോബര്‍ 1 മുതല്‍ ആര്‍ ശേഷസായി ചുമതലയേല്‍ക്കുമെന്ന പ്രഖ്യാപനവും കമ്പനി നടത്തിയിട്ടുള്ള 4 ശതമാനത്തോളം ഇടിവാണ് ഇന്നലെ ഓഹരി വിപണിയില്‍ കമ്പനി നേരിട്ടിട്ടുള്ളത്.

ടയര്‍ നിര്‍മാതാക്കളായ സിയറ്റിന്‍റെ (CEAT) ആദ്യ പാദത്തിലെ വരുമാനം 4.1 ശതമാനം ഉയർന്ന് 2935 കോടി രൂപയായി. കമ്പനിയുടെ അറ്റാദായം പലമടങ്ങ് വർധിച്ച് 144 കോടി രൂപയായി. ഡിജിറ്റല്‍വത്കരണത്തിനായി 'പ്രൊജക്റ്റ് സംഭവ്' പ്രഖ്യാപിച്ച പൊതുമേഖലാ ബാങ്കായ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരികളും ഇന്ന് ശ്രദ്ധ നേടും.

ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, ടെക് മഹീന്ദ്ര, ശ്രീ സിമന്റ്, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, ഭാരത് പെട്രോളിയം കോർപ്പറേഷൻ, സിപ്ല, പഞ്ചാബ് നാഷണൽ ബാങ്ക്, ആർഇസി, കോൾഗേറ്റ്-പാമോലിവ്, ആദിത്യ ബിർള സൺ ലൈഫ് എഎംസി, ഏജിസ് ലോജിസ്റ്റിക്‌സ്, ഗോഡ്‌ഫ്രെ ഫിലിപ്‌സ് ഇന്ത്യ, എച്ച്‌എഫ്‌സിഎൽ, ജിൻഡാൽ സ്റ്റെയിൻലെസ്, മഹീന്ദ്ര ലൈഫ്‌സ്‌പേസ് ഡെവലപ്പേഴ്‌സ്, നൊവാർട്ടിസ് ഇന്ത്യ, ഒറാക്കിൾ ഫിനാൻഷ്യൽ സർവീസസ് സോഫ്റ്റ്‌വെയർ, പ്രജ് ഇൻഡസ്ട്രീസ്, സിൻജീൻ ഇന്റർനാഷണൽ, ടീംലീസ് സർവീസസ് എന്നിവയുടെ ആദ്യ പാദ ഫലങ്ങള്‍ പുറത്തുവരും.

ഇന്ത്യയുടെ ഡാറ്റകള്‍

ആഗോള വളര്‍ച്ച സംബന്ധിച്ച നിഗമനം വെട്ടിച്ചുരുക്കിയെങ്കിലും ഇന്ത്യയുടെ വളര്‍ച്ച സംബന്ധിച്ച കാഴ്ചപ്പാട് ഉയര്‍ത്തുകയാണ് ഐഎംഎഫിന്‍റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. 5.9 ശതമാനം വളര്‍ച്ച നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ നേടുമെന്ന മുന്‍ നിഗമനം തിരുത്തി 6. 1 ശതമാനം വളര്‍ച്ച എന്നാക്കിയിട്ടുണ്ട്. ചൈനീസ് വിപണിയിലെ മാന്ദ്യവും ഇന്ത്യയിലേക്കുള്ള വിദേശ ഫണ്ട് ഒഴുക്കിനെ പ്രോല്‍സാഹിപ്പിക്കുന്നതാണ്.

ജൂലൈയിലെ പണപ്പെരുപ്പം 6.5 ശതമാനത്തിന് മുകളിലായേക്കുമെന്ന വിലയിരുത്തലുകളും ഇന്നലെ പുറത്തുവന്നിട്ടുണ്ട്. ആര്‍ബിഐ -യുടെ സഹന പരിധിക്ക് പുറത്തേക്ക് പണപ്പെരുപ്പം എത്തുന്നത് ധനനയത്തെ സ്വാധീനിക്കുമോ എന്ന ആശങ്ക നിക്ഷേപകരില്‍ ഒരു വിഭാഗത്തിനുണ്ട്. എങ്കിലും ഉടനടി പലിശ നിരക്കുകള്‍ ഉയര്‍ത്തുന്നതിലേക്ക് കേന്ദ്ര ബാങ്ക് കടക്കില്ലെന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്.

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) ഇന്നലെ 1,088.76 കോടി രൂപയുടെ ഓഹരികൾ വാങ്ങിയെന്നും ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) 333.70 കോടി രൂപയുടെ ഓഹരികൾ വിറ്റുവെന്നും നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (എൻഎസ്‌ഇ) താൽക്കാലിക കണക്കുകൾ കാണിക്കുന്നു.

ഇക്വിറ്റികളില്‍ 230.51 കോടി രൂപയുടെ അറ്റ പിന്‍വലിക്കലാണ് ഇന്നലെ വിദേശ പോര്‍ട്ട്‍ഫോളിയോ നിക്ഷേപകരില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. അതേസമയം ഡെറ്റുകളില്‍ 163.39 കോടിയുടെ അറ്റ നിക്ഷേപം എഫ്‍പിഐകള്‍ നടത്തി.