image

17 Feb 2023 2:30 AM GMT

Stock Market Updates

കമ്പനി ഫലങ്ങളുടെ സീസൺ കഴിഞ്ഞു; ദിശയറിയാതെ ആഭ്യന്തര സൂചികകൾ

Mohan Kakanadan

കമ്പനി ഫലങ്ങളുടെ സീസൺ കഴിഞ്ഞു; ദിശയറിയാതെ ആഭ്യന്തര സൂചികകൾ
X

Summary

  • വ്യാഴാഴ്ച ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 1,577.27 കോടി രൂപക്കും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 1,570.62 കോടി രൂപക്കും ഓഹരികൾ അധികം വാങ്ങി.
  • റിയാലിറ്റി കമ്പനികളിൽ പി എൻ സി ഇൻഫ്ര നഷ്ടത്തിലായപ്പോൾ പുറവങ്കരയും ശോഭയും ഉയർന്നു.


കൊച്ചി: സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി സൂചിക ഇന്ന് രാവിലെ 7.45 ന് -101.00 പോയിന്റ് താഴ്ചയിലാണ് വ്യാപാരം നടത്തുന്നത്. ഇത് ആഭ്യന്തര വിപണിയിൽ ഒരു ഗാപ് ഡൌൺ തുടക്കത്തിന് പ്രേരകമാവാനിടയുണ്ട്. മാത്രമല്ല, അമേരിക്കൻ വിപണികളും ഇന്നലെ കുത്തനെ ഇടിഞ്ഞാണ് അവസാനിച്ചത്.

നിഫ്റ്റിയുടെ ഉയർന്ന തലത്തിൽ പ്രതിരോധം 18150/18300-ൽ ദൃശ്യമാണ്; താഴത്തെ അറ്റത്ത് പിന്തുണ 17950 ലും എന്നാണ് എൽകെപി സെക്യൂരിറ്റീസിന്റെ സീനിയർ ടെക്നിക്കൽ അനലിസ്റ്റ് രൂപക് ദേ പറയുന്നത്.

ഇന്നലെ, 30-ഷെയർ ബിഎസ്ഇ സെൻസെക്സ് 44.42 പോയിന്റ് ഉയർന്ന് 61,319.51 ലും നിഫ്റ്റി 20.00 പോയിന്റ് നേട്ടത്തിൽ 18035.85 ലും എത്തി. എന്നാൽ, ബാങ്ക് നിഫ്റ്റിയാകട്ടെ 99.70 പോയിന്റ് താഴ്ന്ന് 41,631.35-ലാണ് അവസാനിച്ചത്.

നിഫ്റ്റി ഐ ടീയും മെറ്റലും, റീയൽറ്റിയും ഒരു ശതമാനത്തിലധികം ഉയർന്നപ്പോൾ നിഫ്റ്റി ആട്ടോയും, പി എസ് യു ബാങ്കും, ഫിനാൻഷ്യൽ സർവീസസും ഇടിഞ്ഞു.

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇ കണക്കുകൾ പ്രകാരം വ്യാഴാഴ്ച (ഫെബ്രുവരി 16) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 1,577.27 കോടി രൂപക്കും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 1,570.62 കോടി രൂപക്കും ഓഹരികൾ അധികം വാങ്ങി.

കേരള കമ്പനികൾ

ഇന്നലെ കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ആസ്റ്റർ ഡി എം, കൊച്ചിൻ ഷിപ് യാർഡ്, സി എസ് ബി ബാങ്ക്, ഫെഡറൽ ബാങ്ക്, ജിയോജിത്, ഹാരിസൺ മലയാളം, കല്യാൺ ജൂവല്ലേഴ്‌സ്, കിറ്റെക്സ്, വി ഗാർഡ്, വണ്ടർ ല എന്നിവ ഒഴിച്ച് ബാക്കിയെല്ലാം ചുവപ്പിലാണവസാനിച്ചത്.

റിയാലിറ്റി കമ്പനികളിൽ പി എൻ സി ഇൻഫ്ര നഷ്ടത്തിലായപ്പോൾ പുറവങ്കരയും ശോഭയും ഉയർന്നു.

ആഗോള വിപണി

ഏഷ്യൻ വിപണികൾ ഇന്ന് പൊതുവെ നഷ്ടത്തിലാണ് ആരംഭിച്ചിട്ടുള്ളത്. തായ്‌വാൻ (-112.75), ഹോങ്കോംഗ് ഹാങ്ങ് സെങ് (-133.28), ദക്ഷിണ കൊറിയ കോസ്‌പി (-17.26), ജപ്പാൻ നിക്കേ (-165.51), ജക്കാർത്ത കോമ്പോസിറ്റ് (-18.88) എന്നിവ താഴ്ചയിൽ തുടക്കം കുറിച്ചിരിക്കുന്നു. എന്നാൽ, ചൈന ഷാങ്ങ്ഹായ് (8.47) ഉയർച്ചയിലാണ്.

ഇന്നലെ യുഎസ് സൂചികകൾ തകർച്ചയിലേക്ക് കൂപ്പുകുത്തി. ഡൗ ജോൺസ്‌ -431.20 പോയിന്റും എസ് ആൻഡ് പി -57.19 താഴ്ന്നപ്പോൾ നസ്‌ഡേക് -216.76 പോയിന്റും താഴ്ചയിൽ അവസാനിച്ചു.

എന്നാൽ, യൂറോപ്പിൽ സൂചികകൾ ഉയർന്നു; പാരീസ് യുറോനെക്സ്റ്റും (65.30), ലണ്ടൻ ഫുട്‍സീയും (14.70), ഫ്രാങ്ക്ഫർട് ഡി എ എക്‌സും (27.30) നേട്ടം കൈവരിച്ചു.

ശ്രദ്ധിക്കേണ്ട ഓഹരികൾ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മെഷീൻ ലേണിംഗ് (ML), മറ്റ് വളർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവയിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിന് നവരത്‌ന ഡിഫൻസ് പിഎസ്‌യു ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (ഓഹരി വില 97.75 രൂപ) ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസുമായി (IISc) ധാരണാപത്രം ഒപ്പുവച്ചു.

വ്യാവസായിക, ഓട്ടോമോട്ടീവ് പാർട്‌സ് നിർമ്മാതാക്കളായ ഷാഫ്‌ലർ ഇന്ത്യ (ഓഹരി വില 2829.00 രൂപ) 2022 ലെ നാലാം പാദത്തിൽ അറ്റാദായത്തിൽ 21 ശതമാനം വളർച്ച നേടി 231 കോടി രൂപയായി പ്രഖ്യാപിച്ചു. കഴിഞ്ഞ കലണ്ടർ വർഷം ഇതേ പാദത്തിൽ കമ്പനി 190.64 കോടി രൂപ അറ്റാദായം നേടിയിരുന്നു.

ഛത്തീസ്ഗഡിലെ നിക്കൽ, ക്രോമിയം, പ്ലാറ്റിനം എലമെന്റ്സ് ബ്ലോക്കുകളുടെ ലേലത്തിൽ മുന്നിട്ടു വേദാന്ത ലിമിറ്റഡ് (ഓഹരി വില 314.85 രൂപ).

എയ്‌റോസ്‌പേസ് ഗ്രേഡ് സ്റ്റീൽ അലോയ്‌കൾ വികസിപ്പിക്കുന്നതിനും ഉൽപ്പാദിപ്പിക്കുന്നതിനുമായി സർക്കാർ ഉടമസ്ഥതയിലുള്ള എച്ച്എഎല്ലും (ഓഹരി വില 2665.40 രൂപ) ഭാരത് ഫോർജ് ലിമിറ്റഡും (ഓഹരി വില 855.95 രൂപ) കരാർ ഒപ്പുവച്ചു.

ഹിൻഡൻബർഗ് പ്രതിസന്ധിയെത്തുടർന്ന് പുസ്തകങ്ങൾ ഓഡിറ്റ് ചെയ്യാൻ ഗ്രാന്റ് തോൺടൺ ഗ്രൂപ്പിനെ നിയമിച്ചതായി വന്ന വാർത്തകൾ ഒരു 'മാർക്കറ്റ് കിംവദന്തി' യാണ് എന്ന് അദാനി എന്റർപ്രൈസസ് (ഓഹരി വില 1796.60 രൂപ) വ്യാഴാഴ്ച ഒരു സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗിൽ പറഞ്ഞു,

പ്രതിവർഷം 7.97 ശതമാനം കൂപ്പൺ നിരക്കിൽ നോൺ-കൺവേർട്ടിബിൾ ഡിബഞ്ചർ (എൻസിഡി) ഇഷ്യൂ ചെയ്യുന്നതിലൂടെ 10 വർഷത്തെ പണത്തിന്റെ 25,000 കോടി രൂപ സമാഹരിച്ചതായി എച്ച്ഡിഎഫ്സി (ഓഹരി വില 2700.50 രൂപ) അറിയിച്ചു.

ഡി ബി പവറിന്റെ കൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന യൂണിറ്റുകൾ 7,017 കോടി റോപ്പയ്ക്ക് ഏറ്റെടുക്കാനുള്ള അദാനി പവറിന്റെ (ഓഹരി വില 147.80 രൂപ) ഇടപാട് കരാറിൽ ഒപ്പിടാനുള്ള സമയ പരിധി കഴിഞ്ഞതിനാൽ തള്ളപ്പെട്ടു.

എഫ്എംസിജി പ്രമുഖരായ നെസ്ലെ ഇന്ത്യയുടെ (ഓഹരി വില 19628.85 രൂപ) 2022 ഡിസംബർ 31ന് അവസാനിച്ച നാലാം പാദത്തിലെ അറ്റാദായം 65.50 ശതമാനം വർധിച്ച് 628.06 കോടി രൂപയായി.

യുഎസ് ഡോളർ = 82.68 രൂപ (-15 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ ഫ്യൂച്ചേഴ്‌സ് (ബാരലിന്) 85.42 ഡോളർ (-0.05%)

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,200 രൂപ (-40 രൂപ)

ബിറ്റ് കോയിൻ = 20,16,499 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.21 ശതമാനം ഉയർന്ന് 104.14 ന് വ്യാപാരം നടക്കുന്നു.

Tags: