image

21 Feb 2023 1:53 AM GMT

Stock Market Updates

ഫെഡ് മിനിറ്റ്സും കാത്ത്‌ വിദഗ്ധർ; കയറിയും ഇറങ്ങിയും സൂചികകൾ

Mohan Kakanadan

fpis focus on Indian market Last week invested
X

Summary

  • തിങ്കളാഴ്ച ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 86.23 കോടി രൂപയ്‌ക്ക്‌ അധികം വാങ്ങിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -158.95 കോടി രൂപയ്‌ക്ക്‌ അധികം വിറ്റു..
  • സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി സൂചിക ഇന്ന് രാവിലെ 7.15 ന് 4.50 പോയിന്റ് ഉയർന്നാണ് വ്യാപാരം നടത്തുന്നത്.


കൊച്ചി: ദിശയറിയാതെ ഉഴലുകയാണ് വിപണി. വെള്ളിയാഴ്ച ആഗോള വിപണികൾ താഴ്ന്നപ്പോൾ ഇന്നലെ ഇവിടെയും സൂചികകൾ ഇടിഞ്ഞു. ഇന്നലെയും ആഗോള സൂചികകൾ ഒട്ടു മിക്കതും ചുവപ്പിലാണ് അവസാനിച്ചിട്ടുള്ളത്. നാളെ പുറത്തിറങ്ങുന്ന ഫെഡിന്റെ അവസാന മീറ്റിംഗിന്റെ മിനിറ്റ്സുകളാണ് വിദഗ്ധരുടെ അടുത്ത ആശ്രയം. 11 മാസത്തിനുള്ളിൽ 450 ബേസിസ് പോയിന്റുകൾ ഉയർത്തിയതിനു ശേഷം ഇനിയും എത്രത്തോളം ഉയർത്താനാവും അവരുടെ ഉദ്ദേശമെന്ന് വല്ല സൂചനയും ലഭിക്കുമോയെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി സൂചിക ഇന്ന് രാവിലെ 7.15 ന് 4.50 പോയിന്റ് ഉയർന്നാണ് വ്യാപാരം നടത്തുന്നത്.

ഇന്നലെ, വിപണി അവസാനിക്കുമ്പോൾ സെൻസെക്സ് 311.03 പോയിന്റ് താഴ്ന്ന് 60,691.54 ലും നിഫ്റ്റി 99.60 പോയിന്റ് ഇടിഞ്ഞു 17844.60 ലും എത്തി. ബാങ്ക് നിഫ്റ്റിയാകട്ടെ 430.05 പോയിന്റ് താഴ്ന്ന് 40,701.70-ലാണ് അവസാനിച്ചത്.

നിഫ്റ്റി ഐ ടിയും ആട്ടോയുമൊഴികെ എല്ലാ മേഖല സൂചികകളും ഇടിഞ്ഞപ്പോൾ റീയൽറ്റി 1.00 ശതമാനമാണ് താഴ്ന്നത്.

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇ കണക്കുകൾ പ്രകാരം തിങ്കളാഴ്ച (ഫെബ്രുവരി 20) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 86.23 കോടി രൂപയ്‌ക്ക്‌ അധികം വാങ്ങിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -158.95 കോടി രൂപയ്‌ക്ക്‌ ഓഹരികൾ അധികം വിറ്റു..

കേരള കമ്പനികൾ

ഇന്നലെ കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ആസ്റ്റർ ഡി എം, സി എസ് ബി ബാങ്ക്, കല്യാൺ ജൂവല്ലേഴ്‌സ്, മുത്തൂറ്റ് ഫിനാൻസ് എന്നിവ ഒഴിച്ച് ബാക്കിയെല്ലാം ചുവപ്പിലാണവസാനിച്ചത്.

റിയാലിറ്റി കമ്പനികളിൽ പി എൻ സി ഇൻഫ്രയും പുറവങ്കരയും നഷ്ടത്തിലായപ്പോൾ ശോഭ ഉയർന്നു.

ആഗോള വിപണി

ഏഷ്യൻ വിപണികൾ ഇന്ന് പൊതുവെ നഷ്ടത്തിലാണ് ആരംഭിച്ചിട്ടുള്ളത്. തായ്‌വാൻ (-25.32), ഹോങ്കോംഗ് ഹാങ്ങ് സെങ് (-27.46), ജപ്പാൻ നിക്കേ (-50.54), ജക്കാർത്ത കോമ്പോസിറ്റ് (-0.09) എന്നിവ താഴ്ചയിൽ തുടക്കം കുറിച്ചിരിക്കുന്നു. എന്നാൽ, ചൈന ഷാങ്ങ്ഹായ് (+1.29), ദക്ഷിണ കൊറിയ കോസ്‌പി (+3.60),എന്നിവ നേരിയ ഉയർച്ചയിലാണ്.

ഇന്നലെ യുഎസ് സൂചികകളിൽ ഡൗ ജോൺസ്‌ -93.29 പോയിന്റും എസ് ആൻഡ് പി 12.15 പോയിന്റും നസ്‌ഡേക് -68.56 പോയിന്റും താഴ്ചയിൽ അവസാനിച്ചു.

എന്നാൽ, യൂറോപ്പിൽ പാരീസ് യുറോനെക്സ്റ്റും (-12.11),ഫ്രാങ്ക്ഫർട് ഡി എ എക്‌സും (-4.45) ചുവപ്പിലേക്കു വീണപ്പോൾ ലണ്ടൻ ഫുട്‍സീ (+9.95) ഉയർന്നു.

വിദഗ്ധാഭിപ്രായം

രൂപക് ദേ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: നിഫ്റ്റി വീണ്ടും ബെയറുകളുടെ പിൻബലത്തിൽ താഴേക്ക് വഴുതി വീഴുകയാണ്. സൂചിക 18000-ന് താഴെ തുടരുന്നിടത്തോളം ഈ പ്രവണത ദുർബലമായി തുടരാൻ സാധ്യതയുണ്ട്; ഏത് ഉയർച്ചയും വിൽക്കപ്പെടാൻ സാധ്യതയുണ്ട്. 17750-ൽ ഉടനടി പിന്തുണ ദൃശ്യമാണ്; അതിനു താഴെയായാൽ നിഫ്റ്റി 17600 ലേക്ക് നീങ്ങിയേക്കാം. വീണ്ടും 17600 ന് താഴെയുള്ള ഇടിവ് നിഫ്റ്റിയെ 17400 ലേക്ക് നയിച്ചേക്കാം. ഉയർന്ന തലത്തിൽ, 18050 ന് മുകളിലുള്ള നിർണായക ബ്രേക്ക്ഔട്ട് ഉയർന്ന തലങ്ങളിലേക്കുള്ള റാലിയെ പ്രേരിപ്പിച്ചേക്കാം.

കുനാൽ ഷാ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: ബെയറുകൾ ഉയർന്ന തലങ്ങളിൽ ബാങ്ക് നിഫ്റ്റിയെ ആക്രമിക്കുകയാണ്. അതിനാൽ, സൂചിക ദിവസം മുഴുവൻ വിൽപ്പന സമ്മർദ്ദത്തിന് സാക്ഷ്യം വഹിച്ചു. ട്രെൻഡ് നെഗറ്റീവ് ആയി തുടരുന്നു, കൂടാതെ സൂചിക 41,500 ലെവലിന് താഴെയായി തുടരുന്നിടത്തോളം കാലം 'ഉയരുമ്പോൾ വിൽക്കുക' എന്ന സമീപനം നിലനിർത്തണം: അവിടെ കോൾ ഭാഗത്ത് ഉയർന്ന തുറന്ന താൽപ്പര്യം കാണാനാവും. അടുത്ത പിന്തുണ 40000-ൽ ദൃശ്യമാണ്, അവിടെ കുറച്ച് 'പുട്ട് റൈറ്റിംഗ്' ദൃശ്യമാണ്.

ശ്രദ്ധിക്കേണ്ട ഓഹരികൾ

ഇതുവരെയുള്ള ഗ്രീൻ മൊബിലിറ്റി സ്‌പെയ്‌സിലെ ഏറ്റവും വലിയ ഡീലുകളിൽ ഒന്നായി 25,000 XPRES T ഇലക്ട്രിക് വാഹന യൂണിറ്റുകൾ ഉബറിന് നൽകുമെന്ന് ടാറ്റ മോട്ടോഴ്‌സ് (ഓഹരി വില 443.00 രൂപ) അറിയിച്ചു. അതോടെ ഉബർ അതിന്റെ പ്രീമിയം വിഭാഗത്തിൽ ഇലക്ട്രിക് സെഡാനുകൾ ഉപയോഗിക്കുമെന്ന് കമ്പനികൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

ആഭ്യന്തര, അന്താരാഷ്‌ട്ര വിപണിയിലെ വിവിധ ബിസിനസ് വിഭാഗങ്ങളിലായി 3,185 കോടി രൂപയുടെ ഓർഡറുകൾ നേടിയതായി കൽപതരു പവർ ട്രാൻസ്മിഷൻ (ഓഹരി വില512.60 രൂപ) തിങ്കളാഴ്ച അറിയിച്ചു.

യുഎസ് ഹെൽത്ത് റെഗുലേറ്റർ സിപ്ലയുടെ (ഓഹരി വില 964.00 രൂപ)മധ്യ പ്രദേശിലെ പിതാംപൂർ ആസ്ഥാനമായുള്ള നിർമ്മാണ കേന്ദ്രം പരിശോധിച്ചതിന് ശേഷം എട്ട് നിരീക്ഷണങ്ങളുള്ള 'ഫോം 483' പുറത്തിറക്കി.

സംവർദ്ധന മദർസൺ ഇന്റർനാഷണലിന്റെ (ഓഹരി വില 81.95 രൂപ) യൂണിറ്റായ സംവർദ്ധന മദർസൺ ഓട്ടോമോട്ടീവ് സിസ്റ്റംസ് ഗ്രൂപ്പ് ബിവി ഏകദേശം 4,789 കോടി രൂപ എന്റർപ്രൈസ് മൂല്യത്തിൽ ജർമ്മനി ആസ്ഥാനമായുള്ള എസ്എഎസ് ഓട്ടോസിസ്റ്റം ടെക്നിക് ജിഎംബിഎച്ച് ഏറ്റെടുക്കാനുള്ള കരാറിൽ ഒപ്പുവെച്ചതായി അറിയിച്ചു.

സുരക്ഷിതമല്ലാത്ത നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകളുടെ സ്വകാര്യ പ്ലേസ്‌മെന്റ് വഴി നടപ്പ് സാമ്പത്തിക വർഷത്തിൽ (FY23) 1,500 കോടി രൂപ വരെ സമാഹരിക്കാനാണ് ബിപിസിഎൽ (ഓഹരി വില 326.15 രൂപ) പദ്ധതിയിടുന്നത്.

സ്വകാര്യ പ്ലെയ്‌സ്‌മെന്റ് അടിസ്ഥാനത്തിൽ നോൺ-കൺവെർട്ടിബിൾ ബോണ്ടുകൾ ഇഷ്യൂ ചെയ്തതിലൂടെ സർക്കാർ ഉടമസ്ഥതയിലുള്ള ജലവൈദ്യുത ഭീമനായ എൻ‌എച്ച്‌പിസി (ഓഹരി വില 39.00 രൂപ) തിങ്കളാഴ്ച 996 കോടി രൂപ സമാഹരിച്ചു.

യുഎസ് ഡോളർ = 82.73 രൂപ (-9 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ ഫ്യൂച്ചേഴ്‌സ് (ബാരലിന്) 83.87 ഡോളർ (+1.05%)

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,210 രൂപ (-10 രൂപ)

ബിറ്റ് കോയിൻ = 20,76,499 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.04 ശതമാനം ഉയർന്ന് 103.90 ന് വ്യാപാരം നടക്കുന്നു.