image

24 Jan 2023 2:15 AM GMT

Stock Market Updates

ആഗോള വിപണികൾ ഉണരുന്നു; എങ്കിലും വിദേശ നിക്ഷേപകർ വില്പനയിൽ

Mohan Kakanadan

share market
X

Summary

  • സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇന്ന് രാവിലെ 7.45 ന് 96.00 പോയിന്റ് ഉയരത്തിൽ.
  • ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, മാരുതി സുസുക്കി, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവയുടെ ഫല പ്രഖ്യാപനം.


കൊച്ചി: പണപ്പെരുപ്പം മയപ്പെടുത്തുന്നതിന്റെയും ചരക്ക് വിലയിലെ ഇടിവിന്റെയും ചൈന കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെയും സൂചനകൾ ആഗോള സാമ്പത്തിക മാന്ദ്യം ഈ വർഷം ഗുരുതരമായിരിക്കില്ല എന്ന പ്രതീക്ഷ ഉയർത്തുന്നു. കൂടാതെ

ഭാവിയിലെ ഫെഡറൽ റിസർവ് നിരക്ക് വർദ്ധനകൾ ഭയപ്പെട്ടത് പോലെ കൂടിയതാവാൻ സാധ്യതയില്ലെന്ന വിദഗ്ധരുടെ പ്രതീക്ഷകൾ വിപണിയെ മയപ്പെടുത്തിയതിനാൽ തിങ്കളാഴ്ച യൂറോപ്യൻ സൂചികകൾ നേരിയ തോതിൽ ഉയർന്നു.

സെൻസെക്സ് 319.90 പോയിന്റ് ഉയർന്ന്ഇ 60,941.67 ലും നിഫ്റ്റി 90.90 പോയിന്റ് നേട്ടത്തിൽ 18,118.55 ലുമാണ് വ്യപരമവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ നിഫ്റ്റി 18162.60 ലെത്തിയിരുന്നു. ബാങ്ക് നിഫ്റ്റി 314.45 പോയിന്റ് ഉയർന്ന് 42,821.25 ലാണ് അവസാനിച്ചത്.

സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇന്ന് രാവിലെ 8.00 ന് 78.00 പോയിന്റ് ഉയർന്നാണ് വ്യാപാരം നടക്കുന്നത്. ഇത് ഗാപ് അപ് തുടക്കത്തിന് കാരണമായേക്കാം.

ഇന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, എച്ച്‌ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ്, ഇൻഡസ് ടവേഴ്‌സ്, കാവേരി സീഡ് കമ്പനി, മാക്രോടെക് ഡെവലപ്പേഴ്‌സ്, മാരുതി സുസുക്കി, മോത്തിലാൽ ഓസ്‌വാൾ ഫിനാൻഷ്യൽ, നസറ ടെക്‌നോളജീസ്, പിഎൻബി ഹൗസിംഗ് ഫിനാൻഷ്യൽ, എസ്‌ബിഐ കാർഡ്‌സ്, പിഡിലൈറ്റ്, സൗത്ത് ഇന്ത്യൻ ബാങ്ക്, ടാറ്റ കോഫി, യൂക്കോ ബാങ്ക്, ടി വി എസ് മോട്ടോർസ് എന്നീ കമ്പനികളുടെ ത്രൈമാസ ഫലങ്ങൾ പുറത്തുവരുന്നുണ്ട്.

കേരള കമ്പനികൾ

കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ സി എസ് ബി ബാങ്ക്, ഫെഡറൽ ബാങ്ക്, ജ്യോതി ലാബ്, കല്യാൺ ജൂവല്ലേഴ്‌സ്, മണപ്പുറം, മുത്തൂറ്റ് ഫിനാൻസ്, വി ഗാർഡ്, വണ്ടർ ല എന്നിവ പച്ചയിലാണ് അവസാനിച്ചത്.

ആസ്റ്റർ ഡി എം, കൊച്ചിൻ ഷിപ് യാർഡ്, ധനലക്ഷ്മി ബാങ്ക്, എഫ് എ സി ടി, ജിയോജിത്, കേരള കെമിക്കൽസ്, മുത്തൂറ്റ് ക്യാപ്, കിംസ്, കിറ്റെക്‌സ്‌, സൗത്ത് ഇന്ത്യൻ ബാങ്ക്, തുടങ്ങിയവ നഷ്ടത്തിൽ കലാശിച്ചു.

റിയാലിറ്റി കമ്പനികളായ പി എൻ സി ഇൻഫ്രയും ശോഭയും താഴ്ചയിലായിരുന്നു. പുറവങ്കര ഓഹരിയൊന്നിന് 2.40 രൂപ ലാഭം നേടി.

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇ കണക്കുകൾ പ്രകാരം ഇന്നലെ (ജനുവരി 23) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 434.96 കോടി രൂപക്ക് അധികം വാങ്ങിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -219.87 കോടി രൂപക്ക് അധികം വിറ്റു.

ലോക വിപണി

ചൈന, ഹോങ്കോംഗ്, മലേഷ്യ, ദക്ഷിണ കൊറിയ, തായ്‌വാൻ എന്നിവിടങ്ങളിലെ വിപണികൾ പുതുവത്സര അവധി പ്രമാണിച്ച് ഇന്നും അവധിയാണ്. ജപ്പാൻ നിക്കേ 78.00 പോയിന്റ് ഉയർന്നാണ് ആരംഭിച്ചിട്ടുള്ളത്.

വെള്ളിയാഴ്ച യുഎസ് വിപണിയിൽ ഡൗ ജോൺസ്‌ +254.07 പോയിന്റും എസ് ആൻഡ് പി 500 +47.20 പോയിന്റും നസ്‌ഡേക് +223.98 പോയിന്റും ഉയർന്നു.

യൂറോപ്പിലും കാര്യങ്ങൾ വ്യത്യസ്തമായിരുന്നില്ല; ലണ്ടൻ ഫുട്‍സീ (+14.08) ഫ്രാങ്ക്ഫർട് ഡി എ എക്സ് (+69.39), പാരീസ് യുറോനെക്സ്റ്റ് (+36.03) എന്നിവയും പച്ചയിലാണ് അവസാനിച്ചത്.

വിദഗ്ധാഭിപ്രായം

രൂപക് ദേ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: ഇന്നലെ ഒരു ഗ്യാപ്പ് അപ്പ് സ്റ്റാർട്ടിന് ശേഷം നിഫ്റ്റി ഒരു ശ്രേണിയിലേക്ക് നീങ്ങി; അവസാനം, ഒരു ഡോജി പാറ്റേൺ രൂപപ്പെട്ടു. എന്നിരുന്നാലും, ഈ പ്രവണത ഹ്രസ്വകാലത്തേക്ക് പോസിറ്റീവായി തുടരും. ഉയർന്ന തലത്തിൽ, 18200-ന് മുകളിൽ ക്ലോസ് ചെയ്യുമ്പോൾ മുന്നോട്ടുള്ള ഒരു നീക്കം കാണാം; താഴത്തെ അറ്റത്തുള്ള പിന്തുണ 17950 ൽ കാണുന്നുണ്ട്.

കുനാൽ ഷാ, സീനിയർ ടെക്‌നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: ഇന്നലെ ബാങ്ക് നിഫ്റ്റി സൂചിക 42700 എന്ന റെസിസ്റ്റൻസ് ലെവലിന് മുകളിൽ ഒരു തകർപ്പൻ പ്രകടനത്തിന് സാക്ഷ്യം വഹിച്ചു. ഇൻഡെക്സ് 42400 ലെവലിൽ ഉടനടി പിന്തുണയോടെ ബൈ-ഓൺ-ഡിപ്പ് മോഡിൽ തുടരുന്നു. ഇത് ബുള്ളുകൾക്ക് ഒരു തടയായി പ്രവർത്തിക്കും. കോൾ റൈറ്റിംഗ് നിരീക്ഷിക്കപ്പെടുന്ന 43000-ൽ ഒരു അപ്‌സൈഡ് ഹർഡിൽ ദൃശ്യമാണ്, അത് കടന്നാൽ, മുകൾ ഭാഗത്ത് ഒരു ഷോർട്ട് കവർ കാണുന്നുണ്ട്.

ശ്രദ്ധിക്കേണ്ട ഓഹരികൾ

നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ഐഡിഎഫ് സി ഫസ്റ്റ് ബാങ്കിന്റെ (ഓഹരി വില: 87.00 രൂപ) ലാഭം രണ്ട് മടങ്ങ് വർധിച്ച് 605 കോടി രൂപയായി. പ്രവർത്തന വരുമാനത്തിലെ മുന്നേറ്റമാണ് വളർച്ചയ്ക്ക് സഹായകമായത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഡിസംബർ പാദത്തിൽ ബാങ്ക് 281 കോടി രൂപയുടെ ലാഭമാണ് റിപ്പോർട്ട് ചെയ്തിരുന്നത്.

2022-23 മൂന്നാം പാദത്തിൽ കനറാ ബാങ്കിന്റെ (ഓഹരി വില: 323.05 രൂപ) അറ്റാദായത്തിൽ 92 ശതമാനത്തിന്റെ വർധന. അറ്റാദായം മുൻ വർഷം ഡിസംബർ പാദത്തിൽ ഉണ്ടായിരുന്ന 1,502 കോടി രൂപയിൽ നിന്ന് 2,881 കോടി രൂപയായി ഉയർന്നു.

പലിശ വരുമാനത്തിലെ വർധനയും കിട്ടാക്കടങ്ങളുടെ കുറവും മൂലം 2022 ഡിസംബറിൽ അവസാനിച്ച പാദത്തിൽ ആക്‌സിസ് ബാങ്കിന്റെ (ഓഹരി വില: 932.70 രൂപ) ലാഭം 62 ശതമാനം വർധിച്ച് 5,853 കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിൽ അതിന്റെ അറ്റാദായം 3,614 കോടി രൂപയായിരുന്നു.

റിയൽറ്റി സ്ഥാപനമായ പുറവങ്കര ലിമിറ്റഡ്ന്റെ (ഓഹരി വില: 91.25 രൂപ) ഡിസംബറിൽ അവസാനിച്ച പാദത്തിലെ വിൽപ്പന 20 ശതമാനം വർദ്ധനവോടെ 796 കോടി രൂപയായി.

2022 ഡിസംബർ 31ന് അവസാനിച്ച മൂന്നാം പാദത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഐഡിബിഐ ബാങ്ക് (ഓഹരി വില: 54.90 രൂപ) അറ്റാദായം 60 ശതമാനം വർധിച്ച് 927 കോടി രൂപയായി.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,235 രൂപ (+10 രൂപ)

യുഎസ് ഡോളർ = 81.38 രൂപ (+21 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) 88.22 ഡോളർ (+0.03%)

ബിറ്റ് കോയിൻ = 19,21,611 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക -0.10 ശതമാനം താഴ്ന്ന് 101.68 ആയി.