image

16 Jan 2023 7:48 AM GMT

Market

രണ്ടാഴ്ച്ചയ്ക്കിടെ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 15,000 കോടി രൂപ

MyFin Desk

രണ്ടാഴ്ച്ചയ്ക്കിടെ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 15,000 കോടി രൂപ
X

Summary

  • ഡിസംബറില്‍ 11,119 കോടി രൂപയുടെയും, നവംബറില്‍ 36,239 കോടി രൂപയും നിക്ഷേപമാണ് പിന്‍വലിച്ചത്.


ഡെല്‍ഹി: ലോകത്തിന്റെ ചില ഭാഗങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ ആശങ്കകള്‍ക്കും, യുഎസിലെ മാന്ദ്യഭീതിയ്ക്കും ഇടയില്‍ വിദേശ നിക്ഷേപകര്‍ ജനുവരിയിലെ ആദ്യ രണ്ടാഴ്ച്ചയില്‍ ഏകദേശം 15,000 കോടി രൂപയുടെ ആഭ്യന്തര ഓഹരികള്‍ വിറ്റഴിച്ചു. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി ഇന്ത്യന്‍ ഓഹരി വിപണികളോട് ജാഗ്രത പുലര്‍ത്തുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ആഗോളതലത്തിലും, ആഭ്യന്തരമായും പണപ്പെരുപ്പത്തില്‍ കുറവ് വരുമ്പോള്‍ എഫ്പിഐകളുടെ ഒഴുക്ക് അസ്ഥിരമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി കൊട്ടക് സെക്യൂരിറ്റീസ് ഇക്വിറ്റി റിസര്‍ച്ച് മേധാവി ശ്രീകാന്ത് ചൗഹാന്‍ പറഞ്ഞു.

ഡിപ്പോസിറ്ററികളില്‍ നിന്നുള്ള കണക്കുകളനുസരിച്ച് ജനുവരി രണ്ട് മുതല്‍ 13 വരെയുള്ള കാലയളവില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണികളില്‍ നിന്ന് 15,068 കോടി രൂപ പിന്‍വലിച്ചു. ഡിസംബറില്‍ 11,119 കോടി രൂപയുടെയും, നവംബറില്‍ 36,239 കോടി രൂപയും നിക്ഷേപം പിന്‍വലിച്ചതിനുശേഷം, ജനുവരിയില്‍ ഇതുവരെയുള്ള 10 വ്യാപാര ദിനങ്ങളില്‍ രണ്ട് ദിവസം മാത്രമാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ അറ്റ വാങ്ങലുകാരായത്.

ആഗോളതലത്തിലുള്ള കേന്ദ്രബാങ്കുകള്‍, പ്രത്യേകിച്ച് യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയത്, അസ്ഥിരമായ ക്രൂഡ് വില, റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം മൂലം ചരക്ക് വില ഉയര്‍ന്നത് എന്നിവയെല്ലാം 2022 ല്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും എഫ്പിഐകള്‍ 1.21 ലക്ഷം കോടി രൂപ പിന്‍വലിക്കാന്‍ കാരണമായി. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളെ അപേക്ഷിച്ച് എഫ്പിഐകളുടെ നിക്ഷേപത്തിന്റെ കാര്യത്തില്‍ ഏറ്റവും മോശം വര്‍ഷമായിരുന്നു 2022.

എഫ്പിഐകള്‍ ഇന്ത്യയിലെ നിക്ഷേപം വിറ്റഴിക്കുകയും ചൈന, ഹോങ്കോംഗ്, ദക്ഷിണ കൊറിയ തുടങ്ങിയ വിപണികളില്‍ നിക്ഷേപം നടത്തുകയും ചെയ്യുന്നുവെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ അഭിപ്രായപ്പെട്ടു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും (ഡിഐഐ) റീട്ടെയില്‍ നിക്ഷേപകരും ഓഹരികള്‍ വാങ്ങുന്നവരും, വാങ്ങാന്‍ താല്‍പ്പര്യമുള്ളവരുമായതിനാല്‍, സമീപ കാലത്ത് വിപണി ദുര്‍ബലമാണെന്ന് തോന്നുമെങ്കിലും എഫ്പിഐ വില്‍പ്പന വിപണിയില്‍ ശക്തമായ തിരുത്തലിന് കാരണമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിസംബറില്‍ ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 5.72 ശതമാനമായി കുറഞ്ഞതും, നവംബറില്‍ വ്യാവസായികോത്പാദനം 7.1 ശതമാനമായി ഉയര്‍ന്നതും ബുള്ളുകള്‍ക്ക് അടിസ്ഥാനപരമായി പിന്തുണ നല്‍കുന്ന ആഭ്യന്തര ഘടകങ്ങളാണ്. ഓഹരികള്‍ക്കു പുറമേ ജനുവരിയിലെ ആദ്യ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ എഫ്പിഐകള്‍ 957 കോടി രൂപയുടെ ഡെറ്റ് സെക്യൂരിറ്റികളും വിറ്റഴിച്ചു. ഇന്ത്യയ്ക്കു പുറമേ, ഈ മാസം ഇതുവരെ ഇന്തോനേഷ്യയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ വരവ് കുറഞ്ഞിരുന്നു. എന്നാല്‍, ഫിലിപ്പീന്‍സ്, ദക്ഷിണ കൊറിയ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലെക്കുള്ള നിക്ഷേപം വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.