image

29 Feb 2024 12:16 PM GMT

Equity

നിക്ഷേപിക്കേണ്ടത് തിരഞ്ഞെടുപ്പിന് മുൻപ്...കൗതുക കണക്കുകളുമായി ഫ്രാങ്ക്‌ളിൻ ടെംപിൾടൺ

MyFin Desk

what are the market expectations for modis third step
X

Summary

  • തിരഞ്ഞെടുപ്പിന് ശേഷം വിപണി മികച്ച മുന്നേറ്റങ്ങൾ നൽകാറുണ്ട്
  • കേരള - ബീഹാർ ചർച്ചകൾ തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തുന്നോ?


വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പിന്റെ പാതയിലാണ് രാജ്യം. ഇന്ത്യൻ രാഷ്ട്രീയത്തിൽ തുടർച്ചയായ മൂന്നാം വട്ടവും മോദി പ്രഭാവം അലയടിച്ചുകൊണ്ടിരിക്കുമ്പോൾ, ഇന്ത്യൻ ഓഹരിവിപണിയും ആഹ്ലാദം പങ്കുവെക്കുന്നു. സംസ്ഥാന തിരഞ്ഞെടുപ്പുകൾ നൽകിയ ആത്മവിശ്വാസവും എൻഡിഎ സർക്കാരിന് ലഭിക്കുന്ന അനുകൂല സ്വീകരണങ്ങളും ഏതാനും മാസങ്ങളിലായി നിഫ്റ്റി,സെൻസെക്സ് സൂചികകളിലും നിഴലിക്കുന്നു. വരാനിരിക്കുന്ന മാറ്റങ്ങളെ പ്രയോജനകരമാക്കാൻ തിരഞ്ഞെടുപ്പിന് മുമ്പ് നിക്ഷേപിക്കുന്നതാണ് ഉചിതമെന്നു നിക്ഷേപ മാനേജ്‌മെൻ്റ് കമ്പനിയായ ഫ്രാങ്ക്ലിൻ ടെമ്പിൾടൺ അഭിപ്രായപ്പെടുന്നത്. തിരഞ്ഞെടുപ്പിന്റെ വിപണി ചരിത്രം വിലയിരുത്തുമ്പോൾ നിഫ്റ്റി സൂചിക 2004 (16.1%), 2009 (38.7%), 2014 (14.7%) തിരഞ്ഞെടുപ്പിന് ശേഷമുള്ള ഒരു വർഷത്തിനിടയിൽ സ്ഥിരമായി, പോസിറ്റീവ് റിട്ടേൺ നൽകിയിട്ടുണ്ട്. മിക്ക സ്റ്റോക്ക് മാർക്കറ്റ് നേട്ടങ്ങളും തിരഞ്ഞെടുപ്പിന് മുമ്പാണ് സംഭവിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പ് ഫല തീയതി വരെയുള്ള നാല് മാസങ്ങളിൽ (88 ട്രേഡിംഗ് ദിവസങ്ങൾ) ശരാശരി 10 ശതമാനം വരുമാനം വിപണി നൽകിയിട്ടുണ്ട്.

എന്നാൽ കഴിഞ്ഞ ഏഴ് തിരഞ്ഞെടുപ്പുകൾ ഉൾക്കൊള്ളുന്ന എഫ്ടിയുടെ വിശകലനത്തിൽ, 2004-ലെ തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും വിപണി ഇടിഞ്ഞതായി സൂചിപ്പിക്കുന്നു. അടൽ ബിഹാരി വാജ്‌പേയിയുടെ കീഴിൽ ബി.ജെ.പി. നേതൃത്വത്തിലുള്ള ഗവൺമെൻ്റ് വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷകൾക്ക് വിരുദ്ധമായി, കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് (യുപിഎ) വിജയിച്ചു. തിരഞ്ഞെടുപ്പിന് ശേഷമുള്ള ഒരു മാസത്തിൽ (22 വ്യാപാര ദിനങ്ങൾ) നിഫ്റ്റി സൂചികയിൽ 13.75 ശതമാനം ഇടിവുണ്ടായി. എന്നിരുന്നാലും, ശക്തമായ സാമ്പത്തിക സൂചകകങ്ങളെ അടിസ്ഥാനപ്പെടുത്തി വിപണി അടുത്ത വർഷം വീണ്ടെടുത്തു. കാര്യമായ അസ്ഥിരത നിലനിന്ന കാലത്തെ തെരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള രണ്ട് വർഷ സമയങ്ങളിൽ 108 ശതമാനമെന്ന (44 ശതമാനം വാർഷിക നേട്ടം) ഏറ്റവും ഉയർന്ന നേട്ടം വിപണി നൽകി. 2009 ൽ ആവട്ടെ യുപിഎയുടെ വിജയവും, ശക്തമായ ഒരു സഖ്യത്തിൻ്റെ രൂപീകരണവും വിപണിയെ റാലിയിലേക്ക് നയിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ നിഫ്റ്റി 23.1 ശതമാനം ഉയർന്നു.

2014 മുതലായ 10 വർഷങ്ങളിലായി നിഫ്റ്റി സൂചിക 250 ശതമാനത്തിലധികം നേട്ടം നൽകിയിട്ടുണ്ട്. ഇതേ കാലയളവിലായി, ഭാരതീയ ജനതാ പാർട്ടി (ബിജെപി) അധികാരം നിലനിർത്തി. നിലവിലെ സർവേകൾ സൂചിപ്പിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി അദ്ദേഹത്തിൻ്റെ പാർട്ടിയെ വീണ്ടും അധികാരത്തിലേക്ക് തിരിചെത്തിക്കുമെന്നാണ്. പ്രതിപക്ഷ ശക്തികൾ ഒത്തുചേർന്നുള്ള ഇന്ത്യ സഖ്യത്തിന്റെ വെല്ലുവിളി ശിഥിലമായി തുടരുകയാണെന്ന് ഫ്രാങ്ക്‌ളിൻ റിപോർട്ടുകൾ സൂചിപ്പിക്കുന്നു. സാമൂഹ്യക്ഷേമ പരിപാടികളുടെ വിപുലീകരണത്തിലൂടെയും, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിനായി രാജ്യത്തെ പൊതു ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ കാര്യക്ഷമമായി വിനിയോഗിക്കുന്നതിലുടെയും, ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിലെ വിവേചനം കുറച്ചുകൊണ്ട്, കാര്യമായ മെച്ചപ്പെടുത്തലുകൾ നിലവിലെ സർക്കാർ നടപ്പിലാക്കിയതായി എഫ്ടി എടുത്തുകാട്ടി. പാചക വാതക സിലിണ്ടറുകളുടെ സബ്‌സിഡി മുതൽ ഭവന സബ്‌സിഡി വരെ വ്യാപിച്ചുകിടക്കുന്ന മുന്നൂറിലധികം പ്രോഗ്രാമുകൾ ഏകദേശം 950 ദശലക്ഷം വ്യക്തികളിൽ എത്തിയിട്ടുണ്ട്. ഇതിനായി 2017 മുതൽ സർക്കാർ മൊത്തം 270 ബില്യൺ യുഎസ് ഡോളർ ചിലവഴിച്ചു. ശുചിത്വ സൗകര്യങ്ങൾ, ഗ്രാമീണ വൈദ്യുതീകരണം, ഭവന നിർമ്മാണം തുടങ്ങിയ സംരംഭങ്ങൾ ജനപ്രീതി വർധിപ്പിച്ചു.

കൂടാതെ, കോർപ്പറേറ്റ് നികുതി നിരക്കുകളിലെ കുറവ്, ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണം, ഇൻഷുറൻസ്, പ്രതിരോധ മേഖലകളിലെ വിദേശ നിക്ഷേപത്തിൻ്റെ വർദ്ധിപ്പിച്ച പരിധി തുടങ്ങിയ സംരംഭങ്ങളെ നിക്ഷേപകർ സ്വാഗതം ചെയ്തിട്ടുണ്ട്. ഫെബ്രുവരിയിലെ ഇടക്കാല ബജറ്റിലൂടെ 2025 സാമ്പത്തിക വർഷത്തിൽ ധനകമ്മി ലക്ഷ്യം കുറക്കാനുള്ള തീരുമാന പ്രഖ്യാപനം സാമ്പത്തിക അച്ചടക്കത്തോടുള്ള പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു. കൂടാതെ ഇടക്കാല ബജറ്റിൽ നിഴലിച്ചു നിന്നത് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള പാർട്ടിയുടെ ആത്മവിശ്വാസമായിരുന്നു. ഇനിയുള്ള ചോദ്യമിതാണ്, മൂന്നാം ചുവടും പിഴക്കാതെ മോദി സർക്കാർ അധികാരത്തിലെത്തിയാൽ പ്രതീക്ഷിക്കേണ്ടത് എന്ത്?

സാമ്പത്തിക പരിഷ്‌കരണങ്ങളുടെയും വികസന സംരംഭങ്ങളുടെയും ആക്കം കൂട്ടുന്നതിലും, തുടങ്ങി വെച്ച പദ്ധതികളുടെ പൂർത്തീകരണത്തിലും മൂന്നാം മോദി സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചേക്കും. എഫ്ടി റിപ്പോർട്ട് അനുസരിച്ചു നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ആകർഷിക്കുന്നതിനുള്ള "മെയ്ക്ക് ഇൻ ഇന്ത്യ" ഡ്രൈവ് സർക്കാർ തുടരുമെന്ന് നിക്ഷേപകർ മുൻകൂട്ടി കാണുന്നു. പുതിയ തൊഴിൽ നിയമങ്ങളും അടിസ്ഥാന സൗകര്യ വികസനപദ്ധതികളും നടപ്പാക്കുമെന്ന് എഫ്ടി പ്രതീക്ഷിക്കുന്നു. വിദേശ നിക്ഷേപം ആകർഷിക്കുന്നതിന് ഇത് രണ്ടും അനിവാര്യമായതിനാൽ തന്നെ ഇടക്കാല ബജറ്റിൽ 130 ബില്യൺ ഡോളർ വകയിരുത്തിയത് തെളിവായി കണക്കാക്കാം. വൈദ്യുതിവിലയുമായി ബന്ധപ്പെട്ട തീരുമാനങ്ങളാണ് മറ്റൊന്ന്. നിലവിൽ സംസ്ഥാന താരിഫ് ക്രമീകരണ ബോഡികളാണ് ഇപ്പോഴും വൈദ്യുത പവർ വില നിയന്ത്രിക്കുന്നത്. 2007 ൽ വിപ്ലവകരമായ ജിഎസ്ടി അവതരിപ്പിച്ചെങ്കിലും വൈദ്യുതി, എണ്ണ, വാതകം, റിയൽ എസ്റ്റേറ്റ്, മദ്യം എന്നിവയെ ഉൾപ്പെടുത്തിയിട്ടില്ല. നിലവിലെ അഞ്ച് ജിഎസ്ടി നിരക്കുകൾ ഒറ്റ നിരക്കിലേക്ക് കുറയ്ക്കണമെന്ന് നിക്ഷേപകർ വാദിക്കുന്നുണ്ട്. കൂടാതെ, പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തിനും, മുൻഗണനാ മേഖലകൾക്ക് സർക്കാർ നൽകുന്ന വായ്പകൾ നിർത്തലാക്കാനും അവർ വാദിക്കുന്നുവെന്ന് എഫ്ടി കൂട്ടിച്ചേർത്തു. അന്താരാഷ്‌ട്ര നിക്ഷേപകർക്ക് ഇന്ത്യയിലേക്ക് നിക്ഷേപക മനസുണ്ടെങ്കിലും ഉയർന്ന പ്രതീക്ഷകളും നില നിൽക്കുന്നുണ്ട്. അതിനാൽ തെരഞ്ഞെടുപ്പിന് ശേഷമുള്ള നയം നടപ്പിലാക്കൽ നിക്ഷേപകരുടെ ആത്മവിശ്വാസം വളർത്തുന്നതിന് പ്രധാനമാണ്.

2024 ലെ തിരഞ്ഞെടുപ്പ് 'ആവർത്തിക്കാത്ത അവസര'മെന്നാണ് ഫ്രാങ്ക്‌ളിൻ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത 5 വർഷത്തിനുള്ളിൽ രാജ്യം സാക്ഷിയാകുന്ന ജനസംഖ്യാ മാറ്റങ്ങളുടെയും അത് അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്രീയ പ്രാതിനിധ്യത്തിൻ്റെ ചട്ടക്കൂടുമാണ് എഫ്ടി വരച്ചുകാട്ടാൻ ശ്രമിക്കുന്നത്. അസമമായ ജനസംഖ്യാ വളർച്ച ഇന്ത്യൻ തിരഞ്ഞെടുപ്പിന്റെ ഡൈനാമിക്സിനെയും ഒപ്പം രാഷ്ട്രീയ - സാമ്പത്തിക നയ ദിശയെയും സമൂലമായി മാറ്റുമെന്ന് നിക്ഷേപസ്ഥാപനം അഭിപ്രായപ്പെട്ടു. താരതമ്യേന അതിവേഗം വളരുന്ന ജനസംഖ്യയാണ് ഇന്ത്യയിലേത്. എന്നാൽ ഇന്ത്യയ്ക്കുള്ളിൽ പ്രാദേശികമായ വ്യത്യാസങ്ങൾ ജനസംഖ്യാ വളർച്ചയിലുമുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഫെർട്ടിലിറ്റി നിരക്ക് ഗണ്യമായ കുറവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് കേരളത്തിന്റെ ഫെർട്ടിലിറ്റി നിരക്ക് 1.5 ശതമാനം ആണ്. വികസിത രാജ്യമായ നോർവേയുടെ 1.4 ശതമാനത്തിന് ഏറെ അടുത്ത്! വടക്ക്, ബീഹാറിൻ്റെ ഫെർട്ടിലിറ്റി നിരക്ക് 3.4 ശതമാനമാണ്.

ഇന്ത്യ അടക്കമുള്ള ജനാധിപത്യ രാജ്യങ്ങളുടെ പൊതു സവിശേഷത ജനസംഖ്യയുടെ അടിസ്ഥാനത്തിൽ രാഷ്ട്രീയ അധികാരം അനുവദിക്കുന്ന സമ്പ്രദായമാണ്. എന്നാൽ 1976-ൽ, "അടിയന്തരാവസ്ഥ" കാലത്ത്, 1971 ലെ സെൻസസ് അനുസരിച്ച്, ഓരോ സംസ്ഥാനവും കൈവശം വച്ചിരുന്ന സീറ്റുകളുടെ എണ്ണം മരവിപ്പിക്കുന്ന ഒരു ഭരണഘടനാ ഭേദഗതി പാർലമെൻ്റ് പാസാക്കി. മരവിപ്പിക്കൽ 2000-ൽ അവസാനിക്കേണ്ടതായിരുന്നു, പക്ഷേ അത് 2026 വരെ നീട്ടി. കഴിഞ്ഞ 50 വർഷത്തെ ജനസംഖ്യാമാറ്റങ്ങൾ വളരെ പ്രധാനമാണ്. ഉദാഹരണത്തിന്, ബീഹാറിലെ (ജനസംഖ്യ 95 ദശലക്ഷം) പ്രാതിനിധ്യം കേരളത്തേക്കാൾ (ജനസംഖ്യ 28 ദശലക്ഷം) കുറവാണ്. ഭാവിയിൽ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ അധികാര സന്തുലിതാവസ്ഥയെ പരിവർത്തനപ്പെടുത്തുന്ന സുപ്രധാന മാറ്റങ്ങൾ ഉണ്ടാകുമെന്ന് എഫ്ടി വിശ്വസിക്കുന്നു. ഇത്തരം മാറ്റങ്ങൾ സർക്കാർ നയങ്ങളെയും ബാധിക്കുമെന്നതിനാൽ നിക്ഷേപകർ ഇതിനെ പ്രാമുഖ്യത്തോടെയാണ് വീക്ഷിക്കുന്നത്.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല