image

23 Feb 2024 9:52 AM GMT

Equity

ബാങ്കിങ് ഓഹരികൾ ഡൗൺഗ്രേഡ് ചെയ്തു ഗോൾഡ്മാൻ സാച്ച്സ്; ടാർഗറ്റ് വിലകളിൽ അശുഭ സൂചന

MyFin Desk

ബാങ്കിങ് ഓഹരികൾ ഡൗൺഗ്രേഡ് ചെയ്തു ഗോൾഡ്മാൻ സാച്ച്സ്; ടാർഗറ്റ് വിലകളിൽ അശുഭ സൂചന
X

Summary

  • യെസ് ബാങ്ക് അടക്കമുള്ള ഓഹരികൾ ഡൗൺഗ്രേഡ് ചെയ്തു
  • മാർജിനുകളിലെ തുടർച്ചയായ സമ്മർദ്ദം, ലോൺ വളർച്ചയിലെ മന്ദത എന്നിവ വെല്ലുവിളികൾ


ഇന്ത്യൻ ഫിനാൻഷ്യൽ സർവീസ് മേഖലയിലെ ശക്തമായ വളർച്ചയുടെയും ഉയർന്ന ലാഭക്ഷമതയുടെയും കാലം അവസാനിച്ചെന്ന മുന്നറിയിപ്പുമായി ആഗോള ബ്രോക്കറേജ് കമ്പനിയായ ഗോൾഡ്മാൻ സാച്ച്സ്. 2020 സാമ്പത്തിക വർഷം മുതൽ സാക്ഷ്യം വഹിച്ച കുതിപ്പ് സമീപ കാലത്തിലേക്ക് ഉണ്ടാവില്ലന്നാണ് ബ്രോക്കറേജ് റിപ്പോർട്ടുകൾ. കൂടാതെ ഫിനാൻഷ്യൽ സർവീസ് മേഖല കൂടുതൽ വെല്ലുവിളികൾ നേരിടുമെന്നും ബ്രോക്കറേജ് കൂട്ടിച്ചേർക്കുന്നു. ബാങ്കിംഗ് ഭീമൻമാരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക് എന്നിവയുടെ ഓഹരികളാണ് ബ്രോക്കറേജ് ഡൗൺഗ്രേഡ് ചെയ്തത്. നൽകുന്ന ഓഹരിവിലകൾ കാര്യമായ കുതിപ്പിന് ഓഹരികൾക്കാവില്ലെന്ന സൂചനകളാണ് നൽകുന്നത്.

കോവിഡിന് ശേഷം പലിശ നിരക്കിൽ ഉണ്ടായ വർധനവും ഉയർന്ന നിക്ഷേപ-ലോൺ വളർച്ചകളും കിട്ടാക്കടം താഴ്ന്നതും ബാങ്കിങ് ഓഹരികളെ മികച്ച മുന്നേറ്റത്തിലേക്ക് നയിച്ചിരുന്നു. ഉയർന്ന റിട്ടേൺ ഓൺ അസ്സെറ്റ്സ് 2020 മുതൽ നടപ്പു സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദം വരെയായി ബാങ്കുകൾ രേഖപെടുത്തിയിരുന്നു. മാർജിനുകളിലെ തുടർച്ചയായ സമ്മർദ്ദം, ലോൺ വളർച്ചയിലെ മന്ദത,എന്നിവ കാരണങ്ങളായി ചൂണ്ടികാണിച്ചു കൊണ്ട് റിട്ടേൺ ഓൺ അസ്സെറ്റ്സ് മിതമായ പുരോഗതി മാത്രമേ മുന്നോട്ടേക്ക് രേഖപെടുത്തുവെന്നു ബ്രോക്കറേജ് വിശ്വസിക്കുന്നു. മാർജിനിലെ സമ്മർദ്ദം 2025 സാമ്പത്തിക വർഷം വരെ തുടർന്നേക്കാം. ഘടനാപരമായ മാറ്റങ്ങൾ ഫണ്ട് കോസ്റ്റ് ചിലവുകൾ ഉയരുന്നതിനു കാരണമാക്കുന്നു. കൺസ്യൂമർ ലിവറെജ് ഉയരുന്നത് അസ്സെറ്റ് ക്വാളിറ്റിയെ ബാധിച്ചേക്കാം. പ്രത്യേകിച്ച് സുരക്ഷിതമല്ലാത്ത വായപ്കളിലെ ക്രെഡിറ്റ് കോസ്റ്റ് വർദ്ധിക്കുന്നതിനും ഇത് സാധ്യത ഉയർത്തുന്നു. കൂടാതെ, ഉയർന്ന വേതന പണപ്പെരുപ്പം മൂലം ബാങ്കുകൾക്ക് പ്രവർത്തന ചെലവിൽ സമ്മർദ്ദം അനുഭവപ്പെടുമെന്നും ഭാവിയിലെ നിക്ഷേപ വളർച്ചയ്ക്കായി വിതരണ ശൃംഖല വിപുലീകരിക്കേണ്ടതുണ്ടെന്നും ഗോൾഡ്മാൻ സാച്ച്സ് പറഞ്ഞു.

എന്നിരുന്നാലും കേന്ദ്ര ബാങ്കുകൾ പ്രതീക്ഷിക്കുന്നതിലും മുൻപ് പലിശ നിരക്ക് കുറക്കാനുള്ള തീരുമാനത്തിലേക്ക് എത്തി ചേരുകയാണെങ്കിൽ ബാങ്കുകളുടെ പണലഭ്യത സംബന്ധിച്ചു ആശ്വാസം ലഭിക്കും. കൂടാതെ CRR/SLR മുഖേന പണലഭ്യത ലഘൂകരിക്കാനുള്ള സെൻട്രൽ ബാങ്കിൻ്റെ ഏതെങ്കിലും നടപടികൾ നിക്ഷേപ വളർച്ചയെ സഹായിക്കുമെന്നും പ്രത്യേകിച്ചു പ്രൈവറ്റ് ബാങ്കുകൾക്ക് ഗുണകരമാവുമെന്നും ബ്രോക്കറേജ് കൂട്ടിച്ചേർക്കുന്നു.

എസ്ബിഐ ഓഹരികൾക്ക് ന്യൂട്രൽ റേറ്റിംഗ് നൽകികൊണ്ട് 741 രൂപയാണ് ടാർഗറ്റ് ആയി നൽകിയിരിക്കുന്നത്. ഐസിഐസിഐ ബാങ്കിൻ്റെ ലാഭക്ഷമതയും മിതമായിരിക്കുമെന്ന് ന്യൂട്രൽ റേറ്റിംഗ് നൽകി കൊണ്ട് ബ്രോക്കറേജ് സൂചിപ്പിക്കുന്നു. നൽകിയിരിക്കുന്ന ടാർഗറ്റ് വില 1086 രൂപയാണ്. കഴിഞ്ഞ ഒരു വർഷമായി 65% റിട്ടേൺസ് നൽകികൊണ്ട് നിക്ഷേപകരുടെ പ്രിയ ഓഹരിയായി മാറിയ യെസ് ബാങ്കിന്റെയും ഫണ്ടമെന്റൽ ഘടകങ്ങൾ സമ്മർദ്ദം നേരിടുന്നുണ്ട്. സെൽ റേറ്റിംഗ് നൽകികൊണ്ട് 16 രൂപയാണ് ടാർഗറ്റ് ആയി നൽകിയിരിക്കുന്നത്. അതായത് നിലവിലെ ഓഹരിവിലയിൽ നിന്ന് 39% ഇടിവാണ് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല