image

3 Jan 2023 3:28 AM GMT

Stock Market Updates

ഇന്ത്യയുടെ വളർച്ച ലോക രാജ്യങ്ങളെ കടത്തിവെട്ടുമെന്ന് പഠനങ്ങൾ

Mohan Kakanadan

Stock Market
X

Summary

  • ഈ വർഷം വെല്ലുവിളികൾ നിറഞ്ഞതായിരിക്കാൻ സാധ്യതയുണ്ടെങ്കിലും ഉപഭോക്തൃ ആവശ്യം, മെച്ചപ്പെട്ട കോർപ്പറേറ്റ് പ്രകടനം, കുറയുന്ന പണപ്പെരുപ്പം എന്നിവ മൂലം 2023-ൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ സുസ്ഥിരമായിരിക്കുമെന്ന് അസോചം സെക്രട്ടറി ജനറൽ ദീപക് സൂദ് പറയുന്നു.
  • രാവിലെ 8.45-നു സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി -34.00 പോയിന്റ് താഴ്ചയിലാണ് വ്യാപാരം നടത്തുന്നത്. ആഭ്യന്തര വിപണിയിൽ ഒരു ഗാപ് ഡൌൺ തുടക്കത്തിനുള്ള സാധ്യത ഇത് തുറക്കുന്നു.
  • എൻഎസ്ഇ കണക്കുകൾ പ്രകാരം ഇന്നലെ (ജനുവരി 2) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 743.35 കോടി രൂപയ്ക്ക് ഓഹരികൾ അധികം വാങ്ങിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -212.57 കോടി രൂപയുടെ അറ്റ വില്പനക്കാരായി.


കൊച്ചി: ആഗോള സമ്പദ്‌വ്യവസ്ഥയുടെ മൂന്നിലൊന്ന് ഈ വർഷം മാന്ദ്യത്തിലായിരിക്കുമെന്ന് ഐഎംഎഫ് (ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്) മേധാവി ക്രിസ്റ്റലീന ജോർജീവ പറഞ്ഞു, യുഎസും യൂറോപ്യൻ യൂണിയനും ചൈനയും നേരിടാൻ പോകുന്നത് കഴിഞ്ഞ വർഷത്തേക്കാൾ കഠിനമായ പ്രശ്നങ്ങളായിരിക്കുമെന്നാണ് ഞായറാഴ്ച ഒരു സിബിഎസ് വാർത്താ പരിപാടിക്കിടെ അവർ മുന്നറിയിപ്പ് നൽകിയത്.

എന്നാൽ, ഈ വർഷം വെല്ലുവിളികൾ നിറഞ്ഞതായിരിക്കാൻ സാധ്യതയുണ്ടെങ്കിലും ഉപഭോക്തൃ ആവശ്യം, മെച്ചപ്പെട്ട കോർപ്പറേറ്റ് പ്രകടനം, കുറയുന്ന പണപ്പെരുപ്പം എന്നിവ മൂലം 2023-ൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ സുസ്ഥിരമായിരിക്കുമെന്ന് അസോചം സെക്രട്ടറി ജനറൽ ദീപക് സൂദ് പറയുന്നു.

2022-23 (ഏപ്രിൽ-സെപ്റ്റംബർ) ആദ്യ പകുതിയിൽ ഇന്ത്യ 9.7 ശതമാനം വളർച്ച രേഖപ്പെടുത്തിയാതായി കണക്കുകൾ കാണിക്കുന്നു. അതെ സമയം ഇന്തോനേഷ്യയിൽ 5.6 ശതമാനവും യുകെയിൽ 3.4 ശതമാനവും മെക്സിക്കോയിൽ 3.3 ശതമാനവും യൂറോ മേഖലയിൽ 3.2 ശതമാനവും. , ഫ്രാൻസിൽ 2.5 ശതമാനവും, ചൈനയിൽ 2.2 ശതമാനവും യുഎസ്എയിൽ 1.8 ശതമാനവും, ജപ്പാനിൽ 1.7 ശതമാനവും മാത്രമായിരുന്നു വളർച്ച.

രാവിലെ 8.45-നു സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി -34.00 പോയിന്റ് താഴ്ചയിലാണ് വ്യാപാരം നടത്തുന്നത്. ആഭ്യന്തര വിപണിയിൽ ഒരു ഗാപ് ഡൌൺ തുടക്കത്തിനുള്ള സാധ്യത ഇത് തുറക്കുന്നു.

കേരള കമ്പനികൾ

കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ സിഎസ്ബി ബാങ്ക്, മണപ്പുറം, മുത്തൂറ്റ് ക്യാപിറ്റൽ, മുത്തൂറ്റ് ഫിനാൻസ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വണ്ടർല എന്നിവ പച്ചയിലാണ് അവസാനിച്ചത്. എന്നാൽ ആസ്റ്റർ ഡി എം, കൊച്ചിൻ ഷിപ് യാർഡ്, ഫെഡറൽ ബാങ്ക്, കല്യാൺ ജൂവല്ലേഴ്‌സ്, കിംസ്, കിറ്റെക്സ്, വി ഗാർഡ്, എന്നിവ നഷ്ടത്തിൽ കലാശിച്ചു.

റിയാലിറ്റി കമ്പനികളായ പുറവങ്കരയും, പി എൻ സി ഇൻഫ്രയും ശോഭയും നേട്ടത്തിലായിരുന്നു.

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇ കണക്കുകൾ പ്രകാരം ഇന്നലെ (ജനുവരി 2) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 743.35 കോടി രൂപയ്ക്ക് ഓഹരികൾ അധികം വാങ്ങിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -212.57 കോടി രൂപയുടെ അറ്റ വില്പനക്കാരായി.

ലോക വിപണി

ഇന്ന് ഏഷ്യൻ വിപണികൾ പൊതുവെ ഉയർച്ചയിലാണ് ആരംഭിച്ചിട്ടുള്ളത്. ചൈന ഷാങ്ഹായ് (15.56), തായ്‌വാൻ (9.87) ഹോങ്കോങ് ഹാങ്‌സെങ് (104.07), ജക്കാർത്ത കോമ്പസിറ്റ് (32.57) എന്നിവ നേട്ടത്തിൽ വ്യാപാരം തുടരുമ്പോൾ, സൗത്ത് കൊറിയൻ കോസ്‌പി (-16.89) മാത്രം ഇടിഞ്ഞിട്ടുണ്ട്.

വെള്ളിയാഴ്ച ആഗോള വിപണികൾ തകർച്ചയിലേക്ക് ഇറങ്ങിയ ദിവസമായിരുന്നു. ഡൗ ജോൺസ്‌ ഇൻഡസ്ട്രിയൽ ആവറേജ് (-73.55), എസ് ആൻഡ് പി 500 (-9.78, നസ്‌ഡേക് കോമ്പസിറ്റ് (-11.60) എന്നിവ ഴ്ചയിലായിരുന്നു. ഇന്നലെ പുതു വർഷം പ്രമാണിച്ചു അമേരിക്കൻ വിപണികൾക്ക് അവധിയായിരുന്നു.

ഇന്നലെ വ്യാപാരത്തിൽ യൂറോപ്പിൽ ഫ്രാങ്ക്ഫർട് ഡി എ എക്സ് (145.67), പാരീസ് യുറോനെക്സ്റ്റ് (120.81), ലണ്ടൻ ഫുട്‍സീ (-60.98) എന്നിവ ഇടിഞ്ഞു.

ശ്രദ്ധിക്കേണ്ട ഓഹരികൾ

റിലയൻസ് കാപ്പിറ്റൽ (ഓഹരി വില: 8.85 രൂപ) ഏറ്റെടുക്കാൻ ടോറന്റ് ഗ്രൂപ്പും ഹിന്ദുജ ഗ്രൂപ്പും സമർപ്പിച്ച ബിഡുകൾ ഇന്ന് ചർച്ച ചെയ്യും അഹമ്മദാബാദ് ആസ്ഥാനമായുള്ള ടോറന്റ് ഗ്രൂപ്പ് 8,640 കോടി രൂപയുടെ ബിഡ് ആണ് സമർപ്പിച്ചിട്ടുള്ളത്.

വേദാന്ത ഗ്രൂപ്പ് സ്ഥാപനമായ ഹിന്ദുസ്ഥാൻ സിങ്ക് (ഓഹരി വില: 325.10 രൂപ) തിങ്കളാഴ്ച തങ്ങളുടെ ഖനനം ചെയ്ത ലോഹ ഉൽപ്പാദനം നടപ്പു സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ഒരു ശതമാനം ഉയർന്ന് 2,54,000 ടണ്ണായി രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 2,52,000 ടൺ ആയിരുന്നു.

2022 ഡിസംബറിൽ മാരുതി സുസുക്കി (ഓഹരി വില: 8403.30 രൂപ) യുടെ ഉൽപ്പാദനം 17.96 ശതമാനം കുറഞ്ഞ് 1,24,722 യൂണിറ്റിലെത്തിയതായി കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. ഒരു വർഷം മുമ്പ് ഇതേ മാസത്തിൽ കമ്പനിയുടെ മൊത്തം ഉൽപ്പാദനം 1,52,029 യൂണിറ്റായിരുന്നു.

സീ എന്റർടൈൻമെന്റ് എന്റർപ്രൈസ് (ഓഹരി വില: 243.10 രൂപ) തങ്ങൾക്ക് നൽകാനുള്ള 211.41 കോടി രൂപവീഴ്ച വരുത്തിയതായി ഇന്ത്യൻ പെർഫോമിംഗ് റൈറ്റ് സൊസൈറ്റി ലിമിറ്റഡ് ഒരു റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

സർക്കാർ ഉടമസ്ഥതയിലുള്ള ഊർജ ഭീമനായ എൻടിപിസി (ഓഹരി വില: 168.00 രൂപ) യുടെ വൈദ്യുതി ഉൽപ്പാദനം ഈ സാമ്പത്തിക വർഷം ഏപ്രിൽ-ഡിസംബർ മാസങ്ങളിൽ 11.6 ശതമാനം വർധിച്ച് 295.4 ബില്യൺ യൂണിറ്റായി (ബിയു) ഉയർന്നു. രാജ്യത്തെ വൈദ്യുതിയുടെ നാലിലൊന്ന് എൻടിപിസിയാണ് നൽകുന്നത്

സ്വകാര്യ ബാങ്കുകളായ ഐസിഐസിഐ ബാങ്ക് (ഓഹരി വില:902.45 രൂപ), എച്ച്‌ഡിഎഫ്‌സി ബാങ്ക് (ഓഹരി വില: 1628.70 രൂപ) എന്നിവയ്‌ക്കൊപ്പം സർക്കാർ ഉടമസ്ഥതയിലുള്ള എസ്‌ബിഐയും (ഓഹരി വില: 612.20 രൂപ) ആഭ്യന്തര വ്യവസ്ഥാപിത പ്രാധാന്യമുള്ള ബാങ്കുകളായി അല്ലെങ്കിൽ 'പരാജയപ്പെടാൻ കഴിയാത്തത്ര വലിയ' സ്ഥാപനങ്ങളായി തുടരുന്നതായി ആർബിഐ തിങ്കളാഴ്ച പറഞ്ഞു.

ബജാജ് ഓട്ടോ (ഓഹരി വില: 3573.95 രൂപ) 2022 ഡിസംബറിൽ 2,81,486 യൂണിറ്റുകളോടെ മൊത്തം വിൽപ്പനയിൽ 22 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2021 ഡിസംബറിൽ കമ്പനി മൊത്തം 3,62,470 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തിയിരുന്നു.

തമിഴ്‌നാട്ടിലെ ഈറോഡിൽ സ്ഥിതി ചെയ്യുന്ന ഇൻഡോ ഷെൽ മോൾഡ് ലിമിറ്റഡിന്റെ സ്റ്റെപ്പ്-ഡൗൺ സബ്‌സിഡിയറിയായ ജെഎസ് ഓട്ടോ കാസ്റ്റ് ഫൗണ്ടറി ഏറ്റെടുക്കുമെന്ന് വാഹന ഘടക നിർമാതാക്കളായ ഭാരത് ഫോർജ് ലിമിറ്റഡ് (ഓഹരി വില: 884.05 രൂപ) തിങ്കളാഴ്ച അറിയിച്ചു.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,035 രൂപ (-25 രൂപ)

യുഎസ് ഡോളർ = 82.78 രൂപ (-17 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) 85.43 ഡോളർ (-0.56%)

ബിറ്റ് കോയിൻ = 14,45,000 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക +0.06 ശതമാനം താഴ്ന്ന് 103.33 ആയി.

ഐ പി ഓ

പോളിമർ നിർമ്മാതാക്കളായ സഹ് പോളിമേഴ്‌സ്ന്റെ (Sah Polymers) ഐ പി ഓ തിങ്കളാഴ്ച രണ്ടാം ദിവസം 2.37 തവണ സബ്‌സ്‌ക്രൈബുചെയ്‌തു. എൻഎസ്ഇ ഡാറ്റ പ്രകാരം 56,10,000 ഓഹരികൾക്കെതിരെ 1,33,06,420 ഓഹരികൾക്കാണ് ഐപിഒയ്ക്ക് ബിഡ് ലഭിച്ചത്. ജനുവരി 4-ന് (നാളെ) അവസാനിക്കുന്ന 66 കോടി രൂപയുടെ ഇഷ്യൂവിന് ഒരു ഷെയറിന് ₹61 മുതൽ ₹65 വരെയാണ് വില. ഉദയ്‌പൂർ ആസ്ഥാനമായുള്ള കമ്പനി, പ്രാഥമികമായി പോളിപ്രൊഫൈലിൻ, പോളിയെത്തിലീൻ ബാഗുകൾ, നെയ്ത ചാക്കുകൾ, നെയ്ത തുണിത്തരങ്ങൾ, പോളിമർ അധിഷ്ഠിത ഉൽപ്പന്നങ്ങൾ എന്നിവയാണ് നിർമിക്കുന്നത്.