image

24 Nov 2022 2:00 AM GMT24 Nov 2022 2:00 AM GMT

Equity

സിങ്കപ്പൂർ നിഫ്റ്റിയുടെ മുന്നേറ്റത്തിൽ പ്രതീക്ഷയോടെ സെൻസെക്‌സും നിഫ്റ്റിയും

Mohan Kakanadan

സിങ്കപ്പൂർ നിഫ്റ്റിയുടെ മുന്നേറ്റത്തിൽ പ്രതീക്ഷയോടെ സെൻസെക്‌സും നിഫ്റ്റിയും
X

Summary

ഉയർന്ന പണപ്പെരുപ്പത്തിനെതിരെ പോരാടുന്നതിന് 0.75 ശതമാനം നിരക്ക് വർദ്ധന അനിവാര്യമാണെന്ന് നവംബർ 2-ന് നടന്ന ഫെഡ് യോഗം അംഗീകരിച്ചെങ്കിലും ഇനിയുള്ള കാലങ്ങളിൽ നിരക്ക് വർദ്ധനയുടെ വേഗത കുറയ്ക്കണമെന്ന് അവർ ആവശ്യപ്പെട്ടതായുള്ള കരട് രേഖ ഇന്നലെ പുറത്തുവന്നത് യുഎസ്‌ നിക്ഷേപകരെ ആവേശഭരിതരാക്കി.


കൊച്ചി: 2023-ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 5.9 ശതമാനം വളർച്ച മാത്രമെ കൈവരിക്കുകയുള്ളെന്ന വാൾസ്ട്രീറ്റ് ബ്രോക്കറേജ് ഗോൾഡ്‌മാൻ സാച്ച്‌സിന്റെ വാക്കുകളുടെ ഭാരം പേറിയാണ് ഇന്ന് വിപണി തുറക്കുന്നത്. നേരത്തെ കണക്കാക്കിയ 6.9 ശതമാനത്തേക്കാൾ കുറവാണിത്. കൂടാതെ റിസർവ് ബാങ്ക് ഡിസംബറിൽ റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റും 2023 ഫെബ്രുവരിയിൽ 35 ബേസിസ് പോയിന്റും വർദ്ധിപ്പിക്കുമെന്നാണ് അവരുടെ അഭിപ്രായം. ഇതോടെ അടുത്ത വർഷം ഫെബ്രുവരിയോടെ റിപ്പോ നിരക്ക് 6.75 ശതമാനമാകും. ഇതെല്ലം പണപ്പെരുപ്പം പിടിച്ചു കെട്ടാനുള്ള തന്ത്രങ്ങളാണെങ്കിലും ആഭ്യന്തര കണക്കുകൾ നിക്ഷേപകർക്ക് ആശ്വാസം നൽകുന്നുണ്ട്. വർധിച്ച ആദായനികുതി, കസ്റ്റംസ് ഡ്യൂട്ടി, ജിഎസ്‌ടി എന്നിവയുടെ പിൻബലത്തിൽ നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ നികുതി പിരിവ് ബജറ്റ് എസ്റ്റിമേറ്റിനേക്കാൾ ഏകദേശം 4 ലക്ഷം കോടി രൂപ കവിയുമെന്ന് റവന്യൂ സെക്രട്ടറി തരുൺ ബജാജ് ബുധനാഴ്ച പറഞ്ഞു.

ഉയർന്ന പണപ്പെരുപ്പത്തിനെതിരെ പോരാടുന്നതിന് 0.75 ശതമാനം നിരക്ക് വർദ്ധന അനിവാര്യമാണെന്ന് നവംബർ 2-ന് നടന്ന ഫെഡ് യോഗം അംഗീകരിച്ചെങ്കിലും ഇനിയുള്ള കാലങ്ങളിൽ നിരക്ക് വർദ്ധനയുടെ വേഗത കുറയ്ക്കണമെന്ന് അവർ ആവശ്യപ്പെട്ടതായുള്ള കരട് രേഖ ഇന്നലെ പുറത്തുവന്നത് യുഎസ്‌ നിക്ഷേപകരെ ആവേശഭരിതരാക്കി. യോഗത്തിൽ പങ്കെടുത്ത 19 ഉദ്യോഗസ്ഥരും ഈ മാസം നിരക്ക് ഉയർത്താനുള്ള തീരുമാനത്തെ പിന്തുണച്ചിരുന്നു. ഡിസംബർ 13-14 ന് നടക്കുന്ന അടുത്ത ഫെഡ് യോഗത്തിൽ നിരക്കുകൾ 0.5 ശതമാനം മാത്രമെ വർധിപ്പിക്കാനിടയുള്ളെന്ന് പല ഫെഡ് ഗവർണർമാരും സൂചിപ്പിച്ചിട്ടുണ്ട്.

സിങ്കപ്പൂർ എസ്ജിഎക്സ് നിഫ്റ്റി നേരിയ ഉയർച്ചയിലാണ് ഇന്ന് ആരംഭിച്ചിട്ടുള്ളത്. രാവിലെ 7.15-നു 81.00 പോയിന്റ്ലാണ് വ്യാപാരം നടക്കുന്നത്.

ഇന്നലെ സെന്‍സെക്‌സ് 91.62 പോയിന്റ് വര്‍ധിച്ച് 61,510.58 ലും, നിഫ്റ്റി 23.05 പോയിന്റ് നേട്ടത്തില്‍ 18,267.25 ലും ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റിയാകട്ടെ 52-ആഴ്ചത്തെ ഏറ്റവും ഉയർച്ചയിൽ എത്തിയ ശേഷം 42,729.10-ൽ അവസാനിച്ചു.

ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ ചൊവ്വാഴ്ചയും 413.75 കോടി രൂപക്ക് അധികം വാങ്ങിയതും ആശ്വാസമായി. എന്നാൽ, വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്നലെയും -789.86 കോടി രൂപക്ക് അധികം വിറ്റു; നവംബർ മാസം ഇതുവരെ അവർ 9,757.42 കോടി രൂപയുടെ അറ്റ നിക്ഷേപകരായി തുടരുകയാണ്. എന്നാൽ, 2022 ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ ഇന്ത്യയിലേക്കുള്ള ഇക്വിറ്റി നിക്ഷേപത്തിൽ നേരിട്ടുള്ള വിദേശ നിക്ഷേപം 14 ശതമാനം കുറഞ്ഞ് 2,690 കോടി ഡോളറായതായി ഡിപ്പാർട്മെൻറ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റെർണൽ ട്രേഡ് കണക്കുകൾ വ്യക്തമാക്കുന്നു.

വിദഗ്ധാഭിപ്രായം

എൽകെപി സെക്യൂരിറ്റീസിലെ സീനിയർ ടെക്നിക്കൽ & ഡെറിവേറ്റീവ് അനലിസ്റ്റ് കുനാൽ ഷാ പറയുന്നു: ഇൻഡെക്സ് ലോവർ എൻഡ് സപ്പോർട്ട് 18,200-18,150-ൽ ദൃശ്യമാണ്, ഇത് കാളകൾക്ക് തലയണയായി പ്രവർത്തിക്കും. 18500 ലെവലിലേക്കുള്ള മുന്നേറ്റം തുടരാൻ കാളകൾക്ക് 18,350 ലെവൽ നിർണ്ണായകമായി മറികടക്കേണ്ടതുണ്ട്.

"സപ്പോർട്ട് ലെവലുകൾ നിലനിൽക്കുന്നിടത്തോളം ബാങ്ക് നിഫ്റ്റി സൂചിക ബൈ-ഓൺ-ഡിപ്പ് മോഡിൽ തുടരും. മൊമെന്റം ഓസിലേറ്ററുകൾ ബൈ സോണിലാണ്, ഇത് സൂചികയുടെ കരുത്ത് സ്ഥിരീകരിക്കും."

ലോക വിപണി

ഇന്ന് രാവിലെ ഏഷ്യൻ വിപണികളെല്ലാം നേട്ടത്തിലാണ് തുടങ്ങിയിട്ടുള്ളത്. ടോക്കിയോ നിക്കെ (350.26), തായ്‌വാൻ (73.74), സൗത്ത് കൊറിയൻ കോസ്‌പി (16.01) ജക്കാർത്ത കോമ്പസിറ്റ് (23.53), ഷാങ്ഹായ് (15.05), ഹാങ്‌സെങ് (211.23) എന്നിവ പച്ചയിലാണ്.

ബുധനാഴ്ച യൂറോപ്പിൽ ഫ്രാങ്ക്ഫർട് ഡി എ എക്‌സും (+5.24) പാരീസ് യുറോനെക്സ്റ്റും (+21.56) ലണ്ടൻ ഫുട്‍സീയും (+12.40) പിടിച്ചു കയറി.

അമേരിക്കന്‍ വിപണികളും ഇന്നലെ ഉയരത്തിലായിരുന്നു. നസ്‌ഡേക് കോമ്പസിറ്റും (+110.91) എസ് ആൻഡ് പി 500 (+23.68) ഉം ഡൗ ജോൺസ്‌ ഇന്ടസ്ട്രിയൽ ആവറേജും (+95.96) വർധിച്ചു. ഇന്ന് താങ്ക്സ് ഗിവിങ് ദിവസം പ്രമാണിച്ചു യുഎസ് സ്റ്റോക്ക്-ബോണ്ട് വിപണികൾക്കു അവധിയാണ്.

ശ്രദ്ധിക്കേണ്ട ഓഹരികൾ

പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ഓവർസീസ് ബാങ്ക് (ഓഹരി വില 23.10 രൂപ) സേവിംഗ്‌സ്, ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ടുകൾ ഒരുമിച്ച് തുറക്കാൻ താൽപ്പര്യമുള്ള ക്ലയന്റുകൾക്ക് സേവനം നൽകുന്നതിനായി ബ്രോക്കിംഗ് പങ്കാളിയായ എസ്എംസി ഗ്ലോബലുമായി കരാറിൽ ഏർപ്പെട്ടതായി അറിയിച്ചു.

കെപിഐടി ടെക്നോളജീസിനെ (ഓഹരി വില 727.00 രൂപ) ഫ്രഞ്ച് ഓട്ടോ ഗ്രൂപ്പായ റെനോ അതിന്റെ അടുത്ത തലമുറ സോഫ്റ്റ്‌വെയർ നിർവചിക്കപ്പെട്ട വാഹന പ്രോഗ്രാമിനായി തന്ത്രപരമായ സോഫ്റ്റ്‌വെയർ സ്കെയിലിംഗ് പങ്കാളിയായി തിരഞ്ഞെടുത്തു.

ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് (ഓഹരി വില 28.55 രൂപ) ചില സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് മുതിർന്ന പൗരന്മാർക്ക് 8.75 ശതമാനം വരെ വർധിപ്പിച്ചു.

സൈഡസ് ലൈഫ് സയൻസിനു (ഓഹരി വില 394.05 രൂപ) ആമാശയത്തിലെയും കുടലിലെയും അൾസർ ചികിത്സിക്കുന്നതിനുള്ള ഫാമോടിഡിൻ കുത്തിവയ്പ്പിന്റെ ജനറിക് പതിപ്പ് വിപണനം ചെയ്യുന്നതിന് യുഎസ് ഹെൽത്ത് റെഗുലേറ്ററിൽ നിന്ന് അന്തിമ അനുമതി ലഭിച്ചു.

യുഎസ് വിപണിയിൽ കീമോതെറാപ്പി-ഇൻഡ്യൂസ്ഡ് ന്യൂട്രോപീനിയക്കു ഉപയോഗിക്കാവുന്ന റിസ്‌ന്യൂട്ട എന്ന മരുന്ന് വാണിജ്യവത്കരിക്കുന്നതിന് എവിവേ ബയോടെക്കുമായി ലൈസൻസിംഗ് കരാറിൽ ഏർപ്പെട്ടതായി അരബിന്ദോ ഫാർമ (ഓഹരി വില 459.65 രൂപ) ബുധനാഴ്ച അറിയിച്ചു.

നളന്ദ ഇന്ത്യ ഫണ്ട് ഹെവി ഇലക്ട്രിക്കൽ ഉപകരണ നിർമ്മാതാക്കളായ വോൾട്ടാംപ് ട്രാൻസ്‌ഫോർമേഴ്സിന്റെ (ഓഹരി വില 2689.85 രൂപ) 4.2 ശതമാനം ഓഹരികൾ 111 കോടി രൂപയ്ക്ക് തുറന്ന വിപണി ഇടപാടിലൂടെ വിട്ടു.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 4,825 രൂപ (-10 രൂപ).

യുഎസ് ഡോളർ = 81.93 രൂപ (+0.26 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) = 85.05 ഡോളർ (+0.47%)

ബിറ്റ് കോയിൻ = 14,39,999 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.27 ശതമാനം ഇടിഞ്ഞു 105.74 ആയി