image

25 Feb 2024 5:33 AM GMT

Equity

വിലക്കയറ്റം, വളർച്ച നിരക്ക്,ഓട്ടോ സെയിൽസ് കണക്കുകൾ; ഇന്ത്യൻ വിപണിക്ക് തിരക്ക് പിടിച്ച ആഴ്ച

MyFin Research Desk

foreign investors following the sale, everything you need to know about financial stocks
X

Summary

  • പണപ്പെരുപ്പം സംബന്ധിച്ചുള്ള ജാഗ്രത ചൂണ്ടിക്കാട്ടി ആർബിഐ
  • രാജ്യത്തിൻറെ സമ്പദ്‌വ്യവസ്ഥ സെപ്റ്റംബർ പാദത്തിൽ 7.6% നേട്ടം കൈവരിച്ചു
  • തിരഞ്ഞെടുപ്പ് പടിക്കലെത്തി നിൽക്കേ മാക്രോ ഡാറ്റ എങ്ങനെ സ്വാധീനം ചെലുത്തും ?


കഴിഞ്ഞ ആഴ്ചയിൽ മാക്രോ ഇക്കണോമിക് തലത്തിൽ ആഭ്യന്തര വിപണിക്ക് നിർണായകമായത് ആർബിഐ മിനിറ്റ്സിന്റെ പ്രസിദ്ധികരണമായിരുന്നു. ഫെബ്രുവരി മീറ്റിങ്ങിന്റെ മിനിറ്റ്സ് അനുസരിച്ച്, പണപ്പെരുപ്പം സംബന്ധിച്ചുള്ള ജാഗ്രത തന്നെയാണ് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞുവയ്ക്കുന്നത്. ഉപഭോക്‌തൃ വിലക്കയറ്റം ആശ്വാസകരമായി തുടരുമ്പോഴും പ്രധാന പണപ്പെരുപ്പം നിയന്ത്രിക്കാൻ ഭക്ഷ്യവില സമ്മർദ്ദങ്ങളെ എംപിസി ശ്രദ്ധാപൂർവ്വം നിരീക്ഷിക്കും. ജിയോപൊളിറ്റിക്കൽ സംഭവങ്ങളും വിതരണ ശൃംഖലയിലെ അവയുടെ സ്വാധീനവും ഒപ്പം ചരക്ക് വിലയും പണപ്പെരുപ്പത്തിൻ്റെ അപകടസാധ്യതകളുടെ പ്രധാന ഉറവിടങ്ങളാണെന്ന് സെൻട്രൽ ബാങ്ക് ചൂണ്ടികാട്ടുന്നുണ്ട്

എന്നാൽ ആർബിഐയുടെ 2025 സാമ്പത്തിക വർഷത്തിലെ വളർച്ച-പണപ്പെരുപ്പ പ്രവചനങ്ങൾ (growth-inflation forecast) ഗോൾഡിലോക്സ് സെനാരിയോയിലേക്ക് (Goldilocks scenario) വിരൽചൂണ്ടുന്നത് ആശ്വാസകരമാണ്. 4.5% പണപ്പെരുപ്പവും 7% വളർച്ചാ പ്രവചനവുമുള്ള സമ്പദ്‌വ്യവസ്ഥയ്ക്ക് അനുയോജ്യമായ സന്തുലിതമായ സമ്പദ്‌വ്യവസ്ഥയാണ് നിലവിലുള്ളതെന്ന് ഇത് സൂചിപ്പിക്കുന്നത്. ആഗോള വെല്ലുവിളികൾക്കിടയിലും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ നിലവിൽ ശക്തമായ വളർച്ചാ പാതയിലാണെന്ന് ഏറ്റവും പുതിയ നയയോഗത്തിൻ്റെ മിനിറ്റ്സ് അടിവരയിടുന്നു.

നിർണായകമായ ത്രൈമാസ ജിഡിപി (Quarterly GDP) കണക്കുകളിലേക്കാണ് വരുന്ന വാരം വിപണി കടക്കുന്നത്. രാജ്യത്തിൻറെ സമ്പദ്‌വ്യവസ്ഥ സെപ്റ്റംബർ പാദത്തിൽ മുൻവർഷത്തെ 6.2 ശതമാനത്തിൽ നിന്ന് പ്രവചനങ്ങളെ മറികടന്നുകൊണ്ടുള്ള 7.6% കുതിപ്പിനാണ് സാക്ഷ്യം വഹിച്ചത്. അതേസമയം, മൂന്നാം പാദത്തിൽ ജിഡിപി വളർച്ച 7 ശതമാനത്തിനു താഴെ കണക്കാക്കുന്നത് ആശങ്കയ്ക്ക് ഇടനൽകുന്നു. ബാങ്ക് ഓഫ് ബറോഡയുടെ റിപ്പോർട്ടുകൾ പ്രകാരം 2023 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പാദത്തിൽ 6.4% ജിഡിപി വളർച്ചയാണ് പ്രവചിക്കുന്നത്. കാർഷിക, വ്യാവസായിക മേഖലകളിലെ മന്ദഗതിയിലുള്ള പ്രകടനം റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. സേവന മേഖല വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുമ്പോഴും ഭൂരിഭാഗം വിശകലന വിദഗ്ദ്ധരും സമാന വളർച്ച പ്രവചനമാണ് മുന്നോട്ട് വയ്ക്കുന്നത്. അതുകൊണ്ടു തന്നെ 29നു പുറത്തുവരുന്ന കണക്കുകൾ വിപണിയിൽ ചലനം സൃഷ്ടിച്ചേക്കാം. അന്നേ ദിവസം തന്നെ ഫെഡറൽ ധനക്കമ്മി റിപ്പോർട്ടുകളും അറിയാം. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ 9 മാസക്കാലയളവിലെ ഇന്ത്യയുടെ ധനകമ്മി 9.82 ലക്ഷം കോടി രൂപയായി കുറഞ്ഞു. 2024 സാമ്പത്തിക വർഷത്തിൽ മൊത്തം ലക്ഷ്യമിട്ട ധനകമ്മിയുടെ 55 ശതമാനമാണിത്. മുൻവർഷം ഇതേകാലയളവിൽ ധനകമ്മി 9.9 ലക്ഷം കോടി രൂപയായിരുന്നു. ധനകമ്മി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 5.9 ശതമാനമായി കുറയ്ക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. മൊത്തം വരുമാനം മെച്ചപ്പെട്ടതും ചെലവുകൾ കുറച്ചതുമാണ് ധനകമ്മി നിയന്ത്രിക്കാൻ സഹായിച്ചത്.

ഫെബ്രുവരി 29, മാർച്ച് 1 തീയതികളിൽ വരാനിരിക്കുന്ന ഇന്ത്യയുടെ ഇൻഫ്രാസ്ട്രക്ചർ ഉൽപ്പാദന കണക്കുകൾ നിക്കേ എസ്&പി ഗ്ലോബൽ മാനുഫാക്റ്ററിങ്‌ പിഎംഐ എന്നിവ നിർമാണമേഖലകളുടെ പ്രവർത്തനം വ്യക്തമാക്കും. മാർച്ച് ആദ്യം പുറത്തു വരുന്ന രാജ്യത്തിൻറെ ഫോറെക്സ് കണക്കുകൾ രാജ്യത്തിൻ്റെ സാമ്പത്തിക ചലനാത്മകതയെയും ആഗോള സാമ്പത്തിക സാഹചര്യങ്ങളെയും പ്രതിഫലിപ്പിക്കും. ഫെബ്രുവരി 16ലെ കണക്കനുസരിച്ച് ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 1.13 ബില്യൺ ഡോളർ കുറഞ്ഞ് രണ്ട് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിച്ചേർന്നു. നിലവിൽ 616.1 ബില്യൺ ഡോളറാണ് കരുതൽ ശേഖരം.

നിഫ്റ്റി വീണ്ടും പുതിയ റെക്കോർഡുകൾ ഭേദിച്ചു മുന്നോട്ടു പോവുമ്പോൾ റിയൽറ്റി ഓഹരികളായിരുന്നു ഔട്ട്പെർഫോമൻസ് കാഴ്ചവച്ചത്. ഗോദ്‌റെജ്‌ പ്രോപ്പർട്ടീസ്, ഫിയോണിക്സ് മിൽസ് എന്നീ ഓഹരികൾ ആറ് ശതമാനത്തിലധികം പ്രതി വാര നേട്ടം നൽകി. ഫുട്സി ഓൾ വേൾഡ് ഇൻഡക്സിൽ ഉൾപെടുത്തിയതും ഫിയോണിക്സിന്റെ കുതിപ്പിന് ആക്കം കൂട്ടിയിരുന്നു. സൂചികയിൽ ഉൾപ്പെടുത്തിയ മറ്റു ഓഹരികളിലും മുന്നേറ്റം പ്രകടമായിരുന്നു. നിഫ്റ്റിയുടെ കുതിപ്പിന് വലിയ പിന്തുണ നൽകി കൊണ്ട് ഈ ആഴ്ചയും റിലയൻസ് വിപണിയിൽ താരമായി. പ്രത്യേകിച്ച് വെള്ളിയാഴ്ചത്തെ സെഷനിൽ പുതിയ ഉയരത്തിലേക്ക് എത്തിച്ചേരാൻ ഓഹരിക്ക് സാധിച്ചിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ തദ്ദേശീയമായ സംഭാവന നൽകുന്നതിനുള്ള ആദ്യ ചുവടു മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് പ്രഖ്യാപിച്ചത് റാലിക്ക് കരുത്തായി. ഒപ്പം 2 ലക്ഷം കോടി വിപണി മൂല്യം മറികടന്ന ജിയോഫിൻ ഓഹരികൾ 22.8% നേട്ടവും നിക്ഷേപകർക്ക് നൽകി. പെയിന്റ് ബിസിനസിലേക്ക് ചുവടു വക്കാൻ തീരുമാനിച്ച ഗ്രാസിം ഇൻഡസ്‌ട്രിയും ഈ ആഴ്ച 4% നേട്ടം നിക്ഷേപകർക്ക് നൽകി. എന്നാൽ കരിമ്പിന്റെ ന്യായവില (Fair and Remunerative Price) ഉയർത്തി കൊണ്ടുള്ള സർക്കാരിന്റെ നടപടി പഞ്ചസാര കമ്പനികൾക്ക് തിരിച്ചടിയായി.

ബ്രോക്കറേജുകൾ ജാഗ്രത സ്റ്റാൻസ് (cautious stance) സ്വീകരിച്ചു കൊണ്ട് ഡൗൺഗ്രേഡ് ചെയ്ത ഓയിൽ മാർക്കറ്റിങ് കമ്പനികളും സമ്മർദ്ദത്തിലായി. സോണി ഗ്രൂപ്പുമായി ലയനം ഉണ്ടാകുമെന്നും ഇല്ലെന്നും അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടയിൽ സീ (zee) എന്റർടൈന്റ്‌മെന്റ് ഓഹരികൾ 5%ത്തിന്റെ ഇടിവാണ് പ്രതിവാര അടിസ്ഥാനത്തിൽ നേരിട്ടത്.

ആർബിഐ ശാസനങ്ങൾ കൊണ്ട് തളർന്ന പേടിഎം ഈ വാരത്തിൽ 20 ശതമാനത്തിന്റെ നേട്ടം കാഴ്ച വച്ചു. യുപിഐ സേവനങ്ങൾ നൽകുന്നതിന് പേടിഎമ്മുമായി സഹകരിക്കാൻ താല്പര്യം കാണിച്ചു കൊണ്ട് ആക്സിസ് ബാങ്ക് രംഗത്ത് വന്നത് ഓഹരി ഉയരാൻ കാരണമായി. ആക്സിസ് ബാങ്കിന് പുറമെ എച്ഡിഎഫ്സി ബാങ്ക്, യെസ് ബാങ്ക് എന്നിവരും യുപിഐ സേവനങ്ങൾ നൽകുന്നതിന് പേടിഎമ്മുമായി സഹകരിക്കുന്നതിനുള്ള തേർഡ്-പാർട്ടി ആപ്പ്ളിക്കേഷൻ എൻപിസിഐക്കു (NPCI) സമർപ്പിച്ചിട്ടുണ്ട്. അതിനാൽ വരുന്ന ആഴ്ചയിൽ പേടിഎം ഓഹരി കൈവശമുള്ള നിക്ഷേപകർ ജാഗരൂകരായി തുടർന്നേക്കാം. ഇന്ത്യൻ ഫിനാൻഷ്യൽ സർവീസ് മേഖലയിലെ ശക്തമായ വളർച്ചയുടെയും ഉയർന്ന ലാഭക്ഷമതയുടെയും കാലം അവസാനിച്ചെന്ന മുന്നറിയിപ്പുമായി ആഗോള ബ്രോക്കറേജ് കമ്പനിയായ ഗോൾഡ്മാൻ സാച്ച്സ് ബാങ്കിങ് ഭീമന്മാരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക് എന്നിവയുടെ റേറ്റിംഗ് കുറച്ചിരുന്നു. കാര്യമായ കുതിപ്പിന് ഓഹരികൾക്കാവില്ല എന്ന ബ്രോക്കറേജിന്റെ സൂചനയും വരും വാരത്തിൽ ഓഹരികളുടെ പ്രകടനത്തെ സ്വാധീനിക്കുമോ എന്ന് വിലയിരുത്തേണ്ടതുണ്ട്. കൂടാതെ മാർച്ച് ഒന്നിന് പുറത്തു വരാനിരിക്കുന്ന ഓട്ടോ സെയിൽസ് കണക്കുകൾ ഓട്ടോ ഓഹരികളിലേക്കുള്ള നിക്ഷേപക ശ്രദ്ധ ആകർഷിക്കും. കഴിഞ്ഞ കുറച്ചു സെഷനുകളിലായി ഔട്ട്പെർഫോമൻസ് കാഴ്ചവച്ചു കൊണ്ട് പല ഓട്ടോ ഓഹരികളും ഇതിനോടകം തന്നെ ബുള്ളിഷ് ട്രെൻഡിൽ തുടരുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

വരുന്ന ആഴ്ചയിലും രണ്ടു മെയിൻ ബോർഡ് ഐപിഓ-കളാണ് വരാനിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായി ഇവി ചാർജർ നിർമാണ വിഭാഗത്തിൽ കടന്നുവന്ന എക്സികോം ടെലി-സിസ്റ്റംസ് ലിമിറ്റഡ് ഐപിഓ ഫെബ്രുവരി 27നാണു ആരംഭിക്കുന്നത്. ഒപ്പം സ്റ്റെബിലൈസറുകൾ നിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന പ്ലാറ്റിനം ഇൻഡസ്ട്രീസ് ലിമിറ്റഡും അന്നേ ദിവസം ഐപിഓയുമായി എത്തും.

കഴിഞ്ഞ ആഴ്ച വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ 1939.4 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. എന്നാൽ ആഭ്യന്തര നിക്ഷേപകർ 3532.82 കോടി രൂപയുടെ ഓഹരികൾ വാങ്ങുകയും ചെയ്തിട്ടുണ്ട്.