image

2 March 2024 5:34 PM GMT

Equity

ജിഡിപി വളർച്ച യഥാർത്ഥമോ? ഓട്ടോ സെയിൽസിലെ ട്രെൻഡുകൾ എന്ത്?...അറിയാം സുപ്രധാന മാക്രോ ഡാറ്റകൾ

MyFin Research Desk

The market goes up and down and continues to fluctuate
X

Summary

  • വരാനിരിക്കുന്ന ആഴ്ചയിൽ വിപണിയെ സ്വാധീനിക്കുന്ന സുപ്രധാന മാക്രോ ഡാറ്റകൾ അറിയാം
  • ഫെബ്രുവരി മാസത്തിലെ വാഹനവില്പനയിൽ മുമ്പന്മാർ ആര്?


ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ കരുത്താണ് ജിഡിപി, ജിഎസ്ടി കണക്കുകൾ പോയ വാരം പങ്കുവെച്ചത്. ലോകത്തിലെ തന്നെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുന്നു എന്ന വ്യക്തമായ അടയാളപ്പെടുത്തലാണ് രാജ്യത്തിന്റെ ജിഡിപി കണക്കുകൾ നൽകിയത്. ഉത്പ്പാദന, നിർമാണ മേഖലകൾ അതിവേഗം വളർന്നപ്പോൾ കാർഷിക മേഖല ഇടിവ് കാണിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിൻ്റെ മൂന്നാം പാദത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം പ്രതീക്ഷകളെ മറികടന്നു കൊണ്ട് 8.4 ശതമാനമായി ഉയർന്നതും, ഖനനം, ഉൽപ്പാദനം, നിർമാണ മേഖലകളിലെ കുതിച്ചുചാട്ടവുമെല്ലാം സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും മികച്ച വളർച്ച കൈവരിക്കുന്നു എന്ന് അരക്കിട്ടുറപ്പിക്കുകയാണ്. നിർമ്മാണ മേഖലയുടെ വളർച്ചാ നിരക്ക് 10.7 ശതമാനമായും ഉത്പ്പാദന മേഖലയുടെ വളർച്ചാ നിരക്ക് 8.5 ശതമാനവുമായി. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ശക്തിയും അതിൻ്റെ സാധ്യതകളിലേക്കുമാണ് ഈ വലിയ മുന്നേറ്റം വിരൽചൂണ്ടുന്നത് എന്നാണ് ജിഡിപി കണക്കുകൾക്ക് ശേഷം പ്രധാനമന്ത്രി പ്രതികരിച്ചത്.

ജിഡിപി കണക്കുകളിൽ വൈരുധ്യങ്ങളോ?

അതെ സമയം നീണ്ട 11 വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രസിദ്ധികരിച്ച രാജ്യത്തിന്റെ ഹൌസ്ഹോൾഡ് കൺസംപ്ഷൻ എക്സ്പെന്റിചർ സർവ്വേ വിരുദ്ധാഭിപ്രായങ്ങൾ മുന്നോട്ടേക്ക് വെക്കുന്നു. പണപ്പെരുപ്പത്തെ അടിസ്ഥാനമാക്കിയുള്ള റിയൽ കൺസംപ്ഷൻ 3% വളർച്ച മാത്രമാണ് രേഖപ്പെടുത്തിയത്. കൂടാതെ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ (PLFS) ഡാറ്റ അടിസ്ഥാനപ്പെടുത്തിയുള്ള കഴിഞ്ഞ നാല് വർഷത്തെ റിയൽ ഇൻകം (Real Income) കാര്യമായ വളർച്ച രേഖപ്പെടുത്തിയിട്ടില്ല. ചെലവുകളുടെ (Expenditure side of GDP) വശത്ത് ജിവിഎ വളർച്ചയിലെ കുത്തനെയുള്ള ഇടിവ് അറ്റ പരോക്ഷ നികുതികളുടെ ഗണ്യമായ വർദ്ധനവിനെ സൂചിപ്പിക്കുന്നു. ഇറക്കുമതിയിലെ കുറവ് രാജ്യത്തിന്റെ എക്സ്ടെർണൽ ഡെഫിസിറ്റ് കുറക്കുകയും ജിഡിപിയിലെ ആഘാതം മയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആഭ്യന്തര ഉപഭോഗ ഡിമാൻഡിലെ ഇടിവ് സൂചിപ്പിക്കുന്നത് സ്വകാര്യ കാപെക്‌സ് ദുർബലമാണെന്നും സർക്കാർ കാപെക്‌സിന് മേലുള്ള അമിത ആശ്രയം തുടരുന്നു എന്നുമാണ്.

ഗ്രാമീണ സമ്മർദത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും ഗ്രാമീണ ഉപഭോഗത്തിലെ വളർച്ച നഗര വളർച്ചയെക്കാൾ കൂടുതലാണ്. നാഷണൽ സാമ്പിൾ സർവേ ഓഫീസിൻ്റെ ഏറ്റവും പുതിയ പഠനമനുസരിച്ച് കുടുംബങ്ങളുടെ പ്രതിശീർഷ പ്രതിമാസ ചെലവ് (Per Capita Monthly Household Expenditure) 2011-12 നെ അപേക്ഷിച്ച് 2022-23 ൽ ഇരട്ടിയിലധികമായിട്ടുണ്ട്. ശരാശരി ഗ്രാമീണ പ്രതിമാസ ഉപഭോഗ ചെലവ് (Rural Average Monthly Consumption Expenditure) 2011-12 വർഷത്തിലെ 1,430 രൂപയിൽ നിന്ന് ഒരു ദശകത്തിനിപ്പുറം 164% വർധനയോടെ 3,773 രൂപയായി ഉയർന്നതായി സർവേ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. അതേസമയം ഭക്ഷ്യ ചെലവിൻ്റെ വിഹിതത്തിൽ ഇടിവ് സൂചിപ്പിക്കുമ്പോഴും, രാജ്യത്തെ കാർഷിക കുടുംബങ്ങളുടെ പ്രതിമാസ പ്രതിശീർഷ ഉപഭോക്തൃ ചെലവ് (Monthly Per Capita Consumer Expenditure) അഥവാ എംപിസിഇ (MPCE) ഗ്രാമീണ കുടുംബങ്ങളുടെ മൊത്തത്തിലുള്ള ശരാശരിയേക്കാൾ താഴെയാണ് എന്നത് ആശങ്കയ്ക്ക് ഇടനൽകുകയാണ്. രാജ്യത്തെ ദാരിദ്ര്യത്തിന്റെ തോത് കണക്കാക്കാൻ ഉപയോഗിക്കുന്ന ഒരു പ്രധാന സൂചകമാണ് എംപിസിഇ. കൃഷി വരുമാനമാർഗമാക്കിയ കുടുംബങ്ങളുടെ ശരാശരി പ്രതിമാസ പ്രതിശീർഷ ഉപഭോക്തൃ ചെലവ് നിലവിൽ 3,702 രൂപയായി തുടരുകയാണ്. അതേസമയം ഗ്രാമീണ മേഖലയിലെ മറ്റുകുടുംബങ്ങളുടേത് 3773 രൂപയാണ്.

പിഎംഐ കണക്കുകളുടെ ട്രെൻഡ്

ശക്തമായ ഡിമാൻഡ് മൂലം ഫെബ്രുവരിയിൽ ഇന്ത്യയുടെ ഉൽപ്പാദന മേഖലയുടെ വളർച്ച അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയത് വരും ആഴ്ചയിൽ വിപണിക്ക് കരുത്ത് പകർന്നേക്കും. ഫാക്‌ടറി ഉൽപ്പാദനത്തിലും വിൽപ്പനയിലും കുത്തനെയുള്ള കുതിച്ചുചാട്ടത്തിനിടയിൽ, ആഭ്യന്തരവും ബാഹ്യവുമായ ഡിമാൻഡിൻ്റെ പിന്തുണയോടെയാണ് ഈ നേട്ടം. ആഴ്ചയിലെ അവസാനദിനം വന്ന പ്രതിമാസ എച്എസ്ബിസി മാനുഫാക്ച്ചറിങ് പിഎംഐ ജനുവരിയിലെ 56.5 ൽ നിന്ന് ഫെബ്രുവരിയിൽ 56.9 ആയി ഉയർച്ച പ്രകടമാക്കി. സെപ്തംബർ 2023 ന് ശേഷം മേഖലയുടെ ഏറ്റവും ശക്തമായ പുരോഗതിയെയാണിത് സൂചിപ്പിക്കുന്നത്.

വരുന്ന വാരത്തിൽ മാർച്ച് 5 നു വരുന്ന പ്രതിമാസ നിക്കേ സർവീസസ് പിഎംഐ കണക്കുകളും 6 നു വരുന്ന മണി സപ്ലൈ കണക്കുകളുമാണ് നിർണ്ണായകം. ജനുവരിയിലെ 61.80 പോയിൻ്റിൽ നിന്ന് ഫെബ്രുവരിയിൽ ഇന്ത്യയിലെ സർവീസസ് പിഎംഐ 62 പോയിൻ്റായി ഉയർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2024 ഫെബ്രുവരി 9-ന് അവസാനിച്ച രണ്ടാഴ്‌ചയ്‌ക്കുള്ളിൽ മണി സപ്ലൈ ഒരു വർഷം മുമ്പുള്ളതിൽ നിന്ന് 11.3% ഉയർന്ന് 244.7 ട്രില്യൺ രൂപയുമായി.

ഫെബ്രുവരി 23 ന് അവസാനിച്ച ആഴ്ചയിലെ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 2.98 ബില്യൺ ഡോളർ ഉയർന്ന് 619.07 ബില്യൺ ഡോളറിലെത്തിയിട്ടുണ്ട്. ഫെബ്രുവരി 16 ന് അവസാനിച്ച ആഴ്ചയിൽ 1.13 ബില്യൺ ഡോളറിന്റെ കുറവ് രേഖപെടുത്തിയിടത്ത് നിന്നുമാണ് നിലവിലെ നേട്ടം. ഒപ്പം വിദേശ കറൻസി ആസ്തി 2.41 ബില്യൺ ഡോളർ വർധിച്ച് 548.19 ബില്യൺ ഡോളറിലെത്തി. 2021 ഒക്ടോബറിൽ, ആയിരുന്നു രാജ്യത്തിൻ്റെ കരുതൽശേഖരം എക്കാലത്തെയും ഉയർന്ന നിരക്കായ 645 ബില്യൺ ഡോളറിലെത്തിയത് .

ഓട്ടോ സെയിൽസ് കണക്കുകളിൽ ടോപ് ഗിയറിൽ ആര്?

ഫെബ്രുവരി മാസത്തിലും വാഹന വില്പന ഉജ്ജ്വലമായി തുടർന്നുവെന്നാണ് ഓട്ടോ സെയിൽസ് കണക്കുകൾ പങ്കുവെക്കുന്ന ചിത്രം. പാസഞ്ചർ വെഹിക്കിൾ, ഇരുചക്ര വാഹനങ്ങൾ എന്നിവ ശക്തമായ വളർച്ച രേഖപ്പെടുത്തിയപ്പോൾ വാർഷികാടിസ്ഥാനത്തിൽ ഇടിവാണ് ട്രാക്ടർ സെഗ്മെന്റ് പ്രകടമാക്കിയത്. ഇരുചക്രവാഹന മേഖലയിലെ കയറ്റുമതി വീണ്ടെടുക്കൽ വേഗത്തിൽ തുടരുമ്പോൾ ആഭ്യന്തര വിൽപ്പന മികച്ച രീതിയിൽ മുന്നോട്ടു പോകുന്നു. കൊമേഴ്സ്യൽ വാഹന മേഖലയിൽ ബസ് വിഭാഗം ഇരട്ട അക്കവളർച്ച തുടരുന്നു. അതേസമയം തിരഞ്ഞെടുപ്പിനു മുന്നോടിയായി ട്രക്ക് സെഗ്മെൻറ് ദുർബലമാണ്. താരതമ്യം ചെയ്യുമ്പോൾ വാർഷികാടിസ്ഥാനത്തിൽ കഴിഞ്ഞവർഷത്തെ ഉയർന്ന സംഖ്യകളും (High Base) ഇതിന് കാരണമാണ്. ആഭ്യന്തര ട്രാക്ടർ വിൽപ്പനയിലെ വോളിയം കുറവായിരുന്നെങ്കിലും കമ്പനികൾ നൽകിയിരുന്ന എസ്റ്റിമേറ്റുകൾക്കും ഗൈഡൻസിനു ഒപ്പം സംഖ്യകൾ ചേർന്നുനിന്നു. മാരുതി സുസുക്കി, എം ആൻഡ് എം, ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോർപ്പ്, ഐഷർ മോട്ടോഴ്‌സ്, അശോക് ലെയ്‌ലാൻഡ് എന്നിവയിൽ ബ്രോക്കറേജ് കമ്പനിയായ എസ്ബിഐ സെക്യൂരിറ്റീസ് അനുകൂലമായി നില നില്കുന്നു.

സജീവം പ്രാഥമിക വിപണി

മൂന്ന് മെയിൻ ബോർഡ് ഐപിഒകളാണ് പ്രാഥമിക വിപണിയിലേക്ക് വരുന്ന ആഴ്ച എത്തിച്ചേരുക. ഇന്റഗ്രേറ്റഡ് മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻസ്, കസ്റ്റമർ ഡാറ്റ അനാലിസിസ്, ഫുൾ സർവീസ് മാർക്കറ്റ് റിസർച്ച്, എന്നീ സേവനങ്ങൾ നൽകുന്ന ആർ കെ സ്വാമി ലിമിറ്റഡ് (RK Swamy) ആണ് അക്കൂട്ടത്തിൽ ഒന്ന്. മാർച്ച് 4 നാണ് കമ്പനിയുടെ ഐപിഒ ആരംഭിക്കുന്നത്. 423.56 കോടി രൂപയാണ് കമ്പനി സ്വരൂപിക്കുക. സിങ്ക് ഓക്‌സൈഡ് നി‌മാതാക്കളായ ജെജി കെമിക്കൽസ് ലിമിറ്റഡ് (JG Chemicals Limited) മാർച്ച് 5നു വിപണിയിലെത്തും. സെറാമിക്‌സ്, പെയിൻ്റ്സ് ആൻഡ് കോട്ടിംഗുകൾ, ഫാർമസ്യൂട്ടിക്കൽസ്, കോസ്‌മെറ്റിക്‌സ്, ഇലക്‌ട്രോണിക്‌സ്, ബാറ്ററികൾ, അഗ്രോകെമിക്കലുകൾ മുതലായ ഉത്പന്നങ്ങളിൽ ഇതിന്റെ ഉപയോഗം വരുന്നുണ്ട്. 251.19 കോടി സമാഹരിക്കാൻ ലക്ഷ്യമിടുന്ന കമ്പനി ₹210 to ₹221 രൂപയാണ് പ്രൈസ് ബാൻഡ് ആയി നിശ്ചയിച്ചിട്ടുള്ളത്. മറ്റൊരു പ്രധാന കമ്പനി ഗോപാൽ സ്നാക്ക്സ് ലിമിറ്റഡ് (Gopal Snacks Limited) ആണ്. മാർച്ച് 6 ആം തിയതി ആരംഭിക്കുന്ന ഐപിഒ വഴി 650 കോടി രൂപയാണ് സമാഹരിക്കുക. വെസ്റ്റേൺ സ്നാക്ക്സ് ഉൾപ്പെടെയുള്ള പ്രൊഡക്റ്റുകൾ ഉത്പാദിപ്പിക്കുന്ന എഫ്എംസിജി കമ്പനിയാണിത്.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല