image

20 Feb 2023 10:30 AM GMT

Stock Market Updates

വിപണികൾ തകർച്ച തുടരുന്നു; നിഫ്റ്റി 18000 -ത്തിനു താഴെ

Mohan Kakanadan

share market down
X

Summary

  • നിഫ്റ്റി 50-ലെ 20 ഓഹരികൾ ഉയർന്നപ്പോൾ 30 എണ്ണം താഴ്ചയിലായിരുന്നു.
  • അദാനി എന്റർപ്രൈസസ് ഇന്നും 6.37 ശതമാനം താഴ്ചയിൽ 1613.00-ലാണവസാനിച്ചത്.


കൊച്ചി: ആഗോള വിപണികളുടെ ചുവടു പിടിച്ച് ആഭ്യന്തര വിപണികൾ ഇന്ന് തുടക്കം മുതൽ താഴ്ചയിൽ തന്നെയായിരുന്നു. ഒടുവിൽ വിപണി അവസാനിക്കുമ്പോൾ സെൻസെക്സ് 311.03 പോയിന്റ് താഴ്ന്ന് 60,691.54 ലും നിഫ്റ്റി 99.60 പോയിന്റ് ഇടിഞ്ഞു 17844.60 ലും എത്തി. ബാങ്ക് നിഫ്റ്റിയാകട്ടെ 430.05 പോയിന്റ് താഴ്ന്ന് 40,701.70-ലാണ് അവസാനിച്ചത്.

നിഫ്റ്റി ഐ ടിയും ആട്ടോയുമൊഴികെ എല്ലാ മേഖല സൂചികകളും ഇടിഞ്ഞപ്പോൾ റീയൽറ്റി 1.00 ശതമാനമാണ് താഴ്ന്നത്.

നിഫ്റ്റി 50-ലെ 20 ഓഹരികൾ ഉയർന്നപ്പോൾ 30 എണ്ണം താഴ്ചയിലായിരുന്നു.

നിഫ്റ്റിയിൽ ഇന്ന് ഡിവിസ് ലാബ്, അൾട്രാടെക് സിമന്റ്, ടെക് മഹിന്ദ്ര, ഹിൻഡാൽകോ, പവർ ഗ്രിഡ് എന്നിവ നേട്ടം കൈവരിച്ചു. അൾട്രാടെക് സിമന്റ് 52 ആഴ്ചത്തെ ഏറ്റവും ഉയർന്ന 7492.00 വരെയെത്തി. എന്നാൽ, അദാനി എന്റർപ്രൈസസ്, സിപ്ല, ബ്രിട്ടാനിയ, ബി പി സി എൽ, യു പി എൽ എന്നിവ കനത്ത നഷ്ടം രേഖപ്പെടുത്തി. അദാനി എന്റർപ്രൈസസ് ഇന്നും 6.37 ശതമാനം താഴ്ചയിൽ 1613.00-ലാണവസാനിച്ചത്. സിപ്ല ശതമാനത്തിലേറെ ഇടിഞ്ഞു.

ഇന്ന് കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ആസ്റ്റർ ഡി എം, സി എസ് ബി ബാങ്ക്, കല്യാൺ ജൂവല്ലേഴ്‌സ്, മുത്തൂറ്റ് ഫിനാൻസ് എന്നിവ ഒഴിച്ച് ബാക്കിയെല്ലാം ചുവപ്പിലാണവസാനിച്ചത്.

റിയാലിറ്റി കമ്പനികളിൽ പി എൻ സി ഇൻഫ്രയും പുറവങ്കരയും നഷ്ടത്തിലായപ്പോൾ ശോഭ ഉയർന്നു.

ജിയോജിത് ഫിനാൻഷ്യൽ സർവീസസ് റിസർച്ച് തലവൻ വിനോദ് നായർ പറഞ്ഞു: ബുധനാഴ്ചത്തെ ഫെഡ് മിനിറ്റുകൾ പുറത്തിറങ്ങുന്നതിന് മുന്നോടിയായി ഓഹരികൾ തകർന്നുകൊണ്ടിരിക്കുകയാണ്. നാണയപ്പെരുപ്പത്തിനെതിരെ ഫെഡറൽ റിസേർവ് കർക്കശമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോള ഓഹരി വിപണിയിൽ ഇത് ഗുരുതരമായ സ്വാധീനം ചെലുത്താൻ സാധ്യതയില്ല. എന്നിരുന്നാലും, നിരന്തരമായ ഉയർന്ന പലിശനിരക്കുകളുടെ അനന്തരഫലങ്ങൾ ഡിമാൻഡിലും വരുമാന വീക്ഷണത്തിലും മാന്ദ്യത്തിന് കാരണമാകുന്നു, അതിനാൽ സമീപകാലത്തേക്ക് നീക്കങ്ങൾ ജാഗ്രതയോടെയായിരിക്കും.

സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി -73.00 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. എന്നാൽ, മറ്റ് ഏഷ്യൻ വിപണികളെല്ലാം ഇന്ന് നേരിയതോതിൽ ഉയർന്നിട്ടുണ്ട്.

യൂറോപ്യൻ വിപണികളിൽ പാരീസും ഫ്രാങ്ക്ഫർട്ടും ലണ്ടൻ ഫുട്‍സീയും ഇന്ന് നഷ്ടത്തിലാണ് തുടക്കം.

വെള്ളിയാഴ്ച യുഎസ് സൂചികകളിൽ ഡൗ ജോൺസ്‌ 129.84 പോയിന്റ് ഉയർന്നപ്പോൾ എസ് ആൻഡ് പി -11.32 പോയിന്റും നസ്‌ഡേക് -68.56 പോയിന്റും താഴ്ചയിൽ അവസാനിച്ചു.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് 41,680 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,210 രൂപയായിട്ടുണ്ട്. വെള്ളിയാഴ്ച്ച പവന് 160 രൂപ കുറഞ്ഞ് 41,440 രൂപയായിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 96 രൂപ കുറഞ്ഞ് 45,464 രൂപയായി. ഗ്രാമിന് 12 രൂപ കുറഞ്ഞ് 5,683 രൂപയായി. ഇന്ന് വെള്ളിവിലയിലും ഇടിവുണ്ടായിട്ടുണ്ട്.

എട്ട് ഗ്രാമിന് 80 പൈസ കുറഞ്ഞ് 573.60 രൂപയും ഗ്രാമിന് 10 പൈസ കുറഞ്ഞ് 71.70 രൂപയുമാണ് വിപണി വില.

ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 16 പൈസ ഉയര്‍ന്ന് 82.66 എന്ന നിലയിലെത്തി.

ക്രൂഡ് ഓയിൽ 0.31 ശതമാനം ഉയർന്ന് ബാരലിന് 83.80 രൂപയായി.

മാർക്കറ്റിലെ പുതിയ വിശേഷങ്ങളുമായി നാളെ വീണ്ടും എത്താം.