image

23 Feb 2024 8:32 AM GMT

Equity

പേടിഎം ഓഹരികളിൽ നിക്ഷേപമുള്ള മ്യൂച്വൽ ഫണ്ടുകൾ ഇവ;നിങ്ങളുടെ നിക്ഷേപം സുരക്ഷിതമോ?

MyFin Desk

Is mutual fund investment in Paytm shares a concern
X

Summary

  • പേടിഎം ഓഹരികൾ 60 ശതമാനം ഇടിവ് നേരിട്ടു
  • പത്തിലധികം മ്യൂച്വൽ ഫണ്ടുകൾക്ക് ഗണ്യമായ നിക്ഷേപം
  • ഏതാനും ചില മ്യൂച്വൽ ഫണ്ടുകൾ പേടിഎം ഒഴിവാക്കി


ആർബിഐ പിടി മുറുക്കിയപ്പോൾ പേടിഎം ഓഹരികൾ ജനുവരി അവസാന ആഴ്ച മുതൽ 60 ശതമാനം ഇടിവ് നേരിട്ടു. പിന്നീട് കഴിഞ്ഞ ആഴ്ചകളിലായി 13% തിരിച്ചു കയറിയെങ്കിലും ആഘാതത്തിൽ തന്നെയാണ് നിക്ഷേപകർ. പലപ്പോളും ഓഹരികളിൽ ഉണ്ടാകുന്ന ഇത്തരം ഇടിവുകൾ നിക്ഷേപകർക്ക് പാഠമാണ്. പേടിഎം ഓഹരിയിൽ നേരിട്ടു നിക്ഷേപം നടത്തിയവർ തലക്ക് കൈകൊടുത്തിരിക്കുമ്പോൾ, മ്യുച്വൽ ഫണ്ട് സഹി ഹേ എന്ന് ആശ്വസിക്കാൻ വരട്ടെ... ഏകദേശം പത്തിലധികം മ്യൂച്വൽ ഫണ്ടുകൾക്ക് ഗണ്യമായ നിക്ഷേപം പേടിഎം ഓഹരികളിൽ ഉണ്ടെന്നു ഫിസ്ഡം റിസർച്ചിൽ നിന്നുള്ള ഡാറ്റ വെളിപ്പെടുത്തുന്നു.

2023 ഡിസംബറിൽ നിന്ന് 2024 ജനുവരിയിൽ പേടിഎമ്മിലെ മ്യൂച്വൽ ഫണ്ട് വ്യവസായത്തിൻ്റെ ഓഹരി പങ്കാളിത്തം 41% വർദ്ധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിൻ്റെ (OCL) അഫിലിയേറ്റ് ആയ പേടിഎം പേയ്‌മെൻ്റ് ബാങ്കിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രവർത്തന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് മുൻപായിരുന്നു മ്യൂച്വൽ ഫണ്ട് ഹൗസുകൾ പേറ്റിഎം ഓഹരികൾ കൂട്ടിച്ചേർത്തത്. 2024 ജനുവരിയിലെ കണക്കനുസരിച്ച് ഓഹരിയിലേക്കുള്ള മ്യൂച്വൽ ഫണ്ട് ഇൻഡസ്ട്രിയുടെ മൊത്തം നിക്ഷേപം 3384 കോടി രൂപയാണ്.

2024 ജനുവരി വരെ ലഭ്യമായ കണക്കുകൾ പ്രകാരം നിപ്പോൺ മ്യൂച്വൽ ഫണ്ട്, മിറേ മ്യൂച്വൽ ഫണ്ട്, മോത്തിലാൽ ഓസ്വാൾ മ്യൂച്വൽ ഫണ്ട് എന്നിവയാണ് ഏറ്റവുമധികം നിക്ഷേപം പേടിഎമിൽ നടത്തിയ ഫണ്ട് ഹൗസുകൾ. സമാന കാലയളവിൽ ബറോഡ ബിഎൻപി പാരിബാസ്, നവി മ്യൂച്വൽ ഫണ്ട് എന്നീ പുതിയ 2 മ്യൂച്വൽ ഫണ്ട് കമ്പനികളും അവരുടെ പോർട്ട്ഫോളിയോകളിൽ പേടിഎമ്മിനെ സജീവമായി ഉൾപ്പെടുത്തിയിരുന്നു. അതേസമയം, മോത്തിലാൽ ഓസ്വാൾ എംഎഫ്, യുടിഐ എംഎഫ്, ഫ്രാങ്ക്ലിൻ ടെമ്പിൾടൺ എംഎഫ്, ജെഎം എംഎഫ്, നിപ്പോൺ ഇന്ത്യ എംഎഫ് എന്നിവയും പേടിഎമ്മിലെ ആത്മവിശ്വാസം നിക്ഷേപരൂപത്തിൽ പ്രകടമാക്കി.

മിറേ മ്യൂച്വൽ ഫണ്ട് ഒമ്പത് സ്കീമുകളിൽ പേടിഎം ഓഹരികൾക് മുൻ‌തൂക്കം നൽകിയപ്പോൾ, നിപ്പോൺ ഇന്ത്യ എട്ട് സ്കീമുകളിലും, മോത്തിലാൽ ഓസ്വാൾ നാല് സ്കീമുകളിലും ഓഹരികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. യുടിഐ മ്യൂച്വൽ ഫണ്ട് മൂന്ന് സ്കീമുകളിലും, ആദിത്യ ബിർള സൺലൈഫ് എംഎഫ് ആറ് സ്കീമുകളിലും പേടിഎം ഓഹരികളെ ചേർത്തിട്ടുണ്ട്. ഇതിനു വിപരീതമായി 2024 ജനുവരിയിൽ എച്എസ്ബിഎസ് എഎംസി സ്കീമുകളിൽ നിന്നും പേടിഎം നിക്ഷേപങ്ങൾ പൂർണമായും ഒഴിവാക്കി. ക്വാണ്ട് മ്യൂച്വൽ ഫണ്ട് പേടിഎം എക്സ്പോഷർ 72.4% കുറച്ചു, ആദിത്യ ബിർള സൺലൈഫ് എംഎഫ് ആവട്ടെ എക്സ്പോഷർ 10% കുറച്ചു. എസ്‌ബിഐ മ്യൂച്വൽ ഫണ്ട്, എഡൽവീസ് മ്യൂച്വൽ ഫണ്ട്, കൊട്ടക് മ്യൂച്വൽ ഫണ്ട്, ടാറ്റ മ്യൂച്വൽ ഫണ്ട്, ഐസിഐസിഐ മ്യൂച്വൽ ഫണ്ട്, ബന്ധൻ മ്യൂച്വൽ ഫണ്ട്, ഗ്രോ മ്യൂച്വൽ ഫണ്ട് എന്നിവയുൾപ്പെടെ നിരവധി മ്യൂച്വൽ ഫണ്ടുകൾ ജനുവരിയിൽ പേടിഎമ്മിൽ സജീവമായ നിക്ഷേപം നടത്തിയിരുന്നില്ല. എന്നിരുന്നാലും പേടിഎം ഓഹരികൾ പോർട്ട്ഫോളിയോയിൽ ഉൾപ്പെടുത്തിയ സ്കീമുകളുടെ എണ്ണം എഴുപതിൽ നിന്നും എഴുപത്തി ഏഴിലേക്ക്‌ ജനുവരി മാസത്തിൽ ഉയർന്നു.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.