image

28 Dec 2022 1:41 AM GMT

Stock Market Updates

സിംഗപ്പൂർ താഴ്ചയിൽ; എങ്കിലും ചൈനയുടെ കോവിഡ് നയം വിപണിക്ക് അനുകൂലമാവാം

Mohan Kakanadan

Stock Market
X

Summary

  • രാവിലെ 7.10-നു സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി -79.00 പോയിന്റ് താഴ്ചയിലാണ് വ്യാപാരം നടത്തുന്നത്. ആഭ്യന്തര വിപണിയിൽ ഒരു ഗാപ് ഡൌൺ തുടക്കത്തിനുള്ള സാധ്യത ഇത് തുറക്കുന്നു.
  • പൊതുകടം ഈ സാമ്പത്തിക വർഷം ജൂൺ അവസാനത്തെ 145.72 ലക്ഷം കോടി രൂപയിൽ നിന്ന് സെപ്റ്റംബർ അവസാനത്തോടെ 147.19 ലക്ഷം കോടി രൂപയായി ഉയർന്നു എന്നാണ് ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത്.


കൊച്ചി: കൊവിഡ് നിയന്ത്രണങ്ങളിൽ ചൈന അയവുവരുത്തുന്നു എന്ന റിപ്പോർട്ടുകളെ തുടർന്ന് വർഷത്തിന്റെ അവസാന ദിനങ്ങളിൽ ഓഹരി വിപണി ഊർജം വീണ്ടെടുക്കുന്നതായാണ് കാണുന്നത്. ചൈനയുടെ ഉയർന്ന് വരാവുന്ന ആവശ്യം കണക്കിലെടുത്ത് ആഗോള ഡിമാൻഡ് വർധിക്കുമെന്ന പ്രതീക്ഷയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില മൂന്നാഴ്ചത്തെ ഏറ്റവും ഉയരത്തിൽ ബാരലിന് 84.83 ഡോളറിലെത്തി. കോവിഡ് വ്യാപനം കൂടുന്നതിന്റെ ആശങ്കയിലായിരുന്നു കഴിഞ്ഞയാഴ്ച ആഗോള വിപണികൾ.

എന്നാൽ, ഇന്ത്യൻ വിപണിയെ സംബന്ധിച്ച ആശങ്കാജനകമായ ഒരു കാര്യം 2022 ഡിസംബർ 27 വരെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരി വിപണിയിൽ -1,21,642.12 കോടി രൂപയുടെ അധിക വില്പന നടത്തിയിട്ടുണ്ട് എന്നതാണ്. 2021-ൽ അവർ 25,750.20 കോടി രൂപയുടെ അധിക വാങ്ങൽ നടത്തിയിരുന്നു എന്നാണ് സെൻട്രൽ ഡെപ്പോസിറ്ററിയുടെ കണക്കുകൾ പറയുന്നത്. ഇത് ഇന്ത്യൻ വിപണി വിദേശികൾക്ക് ആകര്ഷകമല്ലാതാകുന്നു എന്നതിന്റെ ഒരു സൂചനയായി കണക്കാക്കാം.

ആഭ്യന്തരമായി നോക്കിയാൽ ബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി 5.8 ശതമാനമായി കുറഞ്ഞതായി ഇന്നലെ ആർ ബി ഐ പ്രസ്താവിച്ചു. എന്നാൽ നിലവിലെ മാക്രോ ഇക്കണോമിക് അന്തരീക്ഷം ബാങ്കുകളെ ബാധിക്കുമെന്ന് 2022 സാമ്പത്തിക വർഷത്തിനായുള്ള 'ഇന്ത്യയിലെ ബാങ്കിംഗിന്റെ ട്രെൻഡുകളും പുരോഗതിയും' എന്ന ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ സെൻട്രൽ ബാങ്ക് വ്യക്തമാക്കി. നിഫ്റ്റി പി എസ് യു ബാങ്ക് സൂചിക ഇന്നലെ 1.29 ശതമാനം ഉയർന്നിരുന്നു.

എന്നാൽ, പൊതുകടം ഈ സാമ്പത്തിക വർഷം ജൂൺ അവസാനത്തെ 145.72 ലക്ഷം കോടി രൂപയിൽ നിന്ന് സെപ്റ്റംബർ അവസാനത്തോടെ 147.19 ലക്ഷം കോടി രൂപയായി ഉയർന്നു എന്നാണ് ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത്.

ഇന്നലെ സെന്‍സെക്‌സ് 361.01 പോയിന്റ് നേട്ടത്തില്‍ 60,927.43 ലും, നിഫ്റ്റി 117.70 പോയിന്റ് ഉയര്‍ച്ചയോടെ 18,132.30 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്ക് നിഫ്റ്റി 229.35 പോയിന്റ് ഉയർന്ന് 42859.50 ൽ അവസാനിച്ചു.

രാവിലെ 7.10-നു സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി -79.00 പോയിന്റ് താഴ്ചയിലാണ് വ്യാപാരം നടത്തുന്നത്. ആഭ്യന്തര വിപണിയിൽ ഒരു ഗാപ് ഡൌൺ തുടക്കത്തിനുള്ള സാധ്യത ഇത് തുറക്കുന്നു.

കേരള കമ്പനികൾ

കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ധനലക്ഷ്മി ബാങ്കും ഫെഡറൽ ബാങ്കും ഫാക്റ്റും ജിയോജിത്തും ജ്യോതി ലാബും ഹാരിസൺ മലയാളവും കല്യാൺ ജുവെല്ലേഴ്സും കേരള സോൾവെന്റും കിറ്റെക്‌സും മണപ്പുറവും, മുത്തൂറ്റ് ക്യാപിറ്റലും മുത്തൂറ്റ് ഫൈനാൻസും സൗത്ത് ഇന്ത്യൻ ബാങ്കും ഇന്നലെ നേട്ടത്തിൽ അവസാനിച്ചു.

ആസ്റ്റർ ഡി എമ്മും, കൊച്ചിൻ ഷിപ് യാഡും, സിഎസ്‌ബി ബാങ്കും, എച് എം ടീയും, കിംസും, വി ഗാർഡും, വണ്ടർ ലയും ചുവപ്പിലേക്ക് വീണിട്ടുണ്ട്. റീയൽട്ടി കമ്പനികളായ ശോഭയും പി എൻ സി ഇൻഫ്രയും നേട്ടത്തിലായപ്പോൾ പുറവങ്കരയും തിങ്കളാഴ്ചത്തെ അതെ നിലയിൽ തുടർന്നു.

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇ കണക്കുകൾ പ്രകാരം ഇന്നലെ (ഡിസംബർ 27) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 621.81 കോടി രൂപയ്ക്ക് ഓഹരികൾ അധികം വാങ്ങിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -867.65 കോടി രൂപയുടെ വില്പനക്കാരായി.

വിദഗ്ധാഭിപ്രായം

രൂപക് ദേ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: നിഫ്റ്റി 18,070 ന് മുകളിൽ തുടരുന്നിടത്തോളം, ട്രെൻഡ് പോസിറ്റീവ് ആയി കാണപ്പെടുന്നു. ഉയർന്ന മൂല്യത്തിൽ, സൂചിക 18,350 ലേക്ക് ഉയർന്നേക്കാം. താഴെത്തട്ടിൽ പിന്തുണ 18,070/17,950 എന്ന നിലയിലാണ്.

കുനാൽ ഷാ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: ബുള്ളുകൾക്ക് ഇന്നലെ ബാങ്ക് നിഫ്റ്റിയിൽ 42,400 പിന്തുണ നിലനിർത്താൻ കഴിഞ്ഞു. എന്നാൽ, മുകൾ തട്ടിൽ 43,000 ൽ ഒരു തടസ്സം നേരിട്ടതിനാൽ അവിടെ 'കോൾ' ഭാഗത്ത് താൽപ്പര്യം കാണപ്പെട്ടു. 'ബൈ-ഓൺ-ഡിപ്പ്' രീതിയിൽ 42,000-43,000 എന്ന വിശാലമായ ശ്രേണിയിൽ വ്യാപാരം തുടരാം. 43,000-ന് മുകളിൽ സുസ്ഥിരമായ ഒരു മുന്നേറ്റം 44,000 മാർക്കിലേക്ക് കുത്തനെയുള്ള ഒരു ഷോർട്ട് കവറിംഗിന് സാക്ഷ്യം വഹിക്കും.

ആഗോള വിപണി

ഇന്ന് ഏഷ്യൻ വിപണികളിൽ ഹോങ്കോങ് ഹാങ്‌സെങ് (-86.16), സൗത്ത് കൊറിയൻ കോസ്‌പി (-49.53), തായ്‌വാൻ (-126.88) ജപ്പാൻ നിക്കേ (-204.39) എന്നിവയെല്ലാം ഇടിഞ്ഞിട്ടുണ്ട്. എന്നാൽ, ജക്കാർത്ത കോമ്പസിറ്റ് (87.22), ചൈന ഷാങ്ഹായ് (30.01) എന്നെ സൂചികകൾ ഉയർച്ചയിലാണ്.

ചൊവ്വാഴ്ച അമേരിക്കൻ വിപണിയിൽ ഡൗ ജോൺസ്‌ ഇൻഡസ്ട്രിയൽ ആവറേജ് (+37.63) നേട്ടത്തിലായപ്പോൾ എസ് ആൻഡ് പി 500 (-15.57), നസ്‌ഡേക് കോമ്പസിറ്റ് (-144.64) എന്നിവ താഴ്ന്നു.

യൂറോപ്പിൽ ഫ്രാങ്ക്ഫർട് ഡി എ എക്സ് (+54.17), പാരീസ് യുറോനെക്സ്റ്റ് (+45.76), ലണ്ടൻ ഫുട്‍സീ (+3.73) എന്നിവ പച്ചയിൽ അവസാനിച്ച ഒരു ദിവസമായിരുന്നു ഇന്നലെ.

ശ്രദ്ധിക്കേണ്ട ഓഹരികൾ

ഇൻഡോവിൻഡ് എനർജി (ഓഹരി വില 14.55 രൂപ) ചൊവ്വാഴ്ച 3.58 കോടി ഇക്വിറ്റി ഷെയറുകൾ 43.07 കോടി രൂപയ്ക്ക് അവകാശ വിതരണം നടത്താൻ അംഗീകാരം നൽകി. ഇഷ്യുവിന്റെ റെക്കോർഡ് തീയതി 2023 ജനുവരി 13 ആയിരിക്കുമെന്ന് ഒരു ബിഎസ്ഇ ഫയലിംഗിൽ കമ്പനി അറിയിച്ചു. ഓരോ അഞ്ച് ഇക്വിറ്റി ഷെയറിനും രണ്ട് ഓഹരികൾ വീതം നൽകും.

ഇക്വിറ്റി, ബോണ്ട് ഇഷ്യു എന്നിവ ഉൾപ്പെടെ വിവിധ മാർഗങ്ങളിലൂടെ 250 കോടി രൂപ വരെ സമാഹരിക്കുന്നതിനുള്ള നിർദ്ദേശം പരിഗണിക്കാൻ ഡിസംബർ 30 ന് ബോർഡ് യോഗം ചേരുമെന്ന് പഞ്ചാബ് ആൻഡ് സിൻഡ് ബാങ്ക് (ഓഹരി വില 32.75 രൂപ) അറിയിച്ചു.

ഇന്ത്യയിൽ വിവിധ രോഗങ്ങളെക്കുറിച്ച് ജീനോമിക് അധിഷ്ഠിത ഗവേഷണം നടത്തുന്നതിന് ജീനോമിക്സ് ബയോടെക് സ്ഥാപനമായ അനുവയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടതായി മാക്സ് ഹെൽത്ത്കെയർ (ഓഹരി വില 437.70 രൂപ) അറിയിച്ചു.

അദാനി ഗ്രൂപ്പിന്റെ തെർമൽ പവർ പ്ലാന്റിന്റേത് ഉൾപ്പെടെ 1,034.13 കോടി രൂപയുടെ മൂന്ന് പദ്ധതികൾ നേടിയെടുത്തതായി പവർ മെക്ക് പ്രോജക്ട്സ് (ഓഹരി വില 2007.55 രൂപ) അറിയിച്ചു.

സുവെൻ ഫാർമസ്യൂട്ടിക്കൽസിന്റെ (ഓഹരി വില 490.40 രൂപ) പ്രൊമോട്ടറായ ജസ്തി കുടുംബം കമ്പനിയുടെ 50.1 ശതമാനം ഓഹരി 6,313.08 കോടി രൂപയ്ക്ക് ആഗോള സ്വകാര്യ ഇക്വിറ്റി നിക്ഷേപകരായ അഡ്വെന്റ് ഇന്റർനാഷണലിന് വിൽക്കുന്നതായി റെഗുലേറ്ററി ഫയലിംഗിൽ പറയുന്നു.

അദാനി ടോട്ടൽ ഗ്യാസിൽ നിന്ന് ടൈപ്പ്-IV കോമ്പോസിറ്റ് സിലിണ്ടറിൽ നിന്ന് നിർമ്മിച്ച സിഎൻജി കാസ്കേഡുകൾ വിതരണം ചെയ്യുന്നതിനായി ടൈം ടെക്നോപ്ലാസ്റ്റിന് (ഓഹരി വില 88.65 രൂപ) 75 കോടി രൂപയുടെ ഓർഡർ ലഭിച്ചു.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (ഓഹരി വില 32.35 രൂപ) ഈ സാമ്പത്തിക വർഷം ബേസൽ III കംപ്ലയിന്റ് ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 1,500 കോടി രൂപ വരെ സമാഹരിക്കും.

ഈ സാമ്പത്തിക വർഷം പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ (ഓഹരി വില 221.25 രൂപ) 700 ദശലക്ഷം ടൺ ഉൽപ്പാദന ലക്ഷ്യം കൈവരിക്കുമെന്ന് കമ്പനി ചെയർമാൻ പ്രമോദ് അഗർവാൾ പറഞ്ഞു. ആഭ്യന്തര കൽക്കരി ഉൽപാദനത്തിന്റെ 80 ശതമാനവും കോൾ ഇന്ത്യ ആണ് നിർവഹിക്കുന്നത്.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 4,995 രൂപ (0 രൂപ)

യുഎസ് ഡോളർ = 82.85 രൂപ (+20 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) 84.83 ഡോളർ (+1.08%)

ബിറ്റ് കോയിൻ = 14,26,999 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക +0.08% ശതമാനം ഉയർന്ന് 103.98 ആയി.

ഐപിഒ

റേഡിയന്റ് ക്യാഷ് മാനേജ്‌മെന്റ്ന്റെ പ്രാരംഭ ഓഹരി വിൽപ്പന അവസാന ദിവസമായ ചൊവ്വാഴ്ച വെറും 53 ശതമാനം മാത്രം സബ്‌സ്‌ക്രൈബു ചെയ്‌തു. എൻഎസ്ഇ ഡാറ്റ പ്രകാരം 388 കോടി രൂപയുടെ ഐ പി ഒ-യ്ക്ക് 2,74,29,925 ഓഹരികൾക്കെതിരെ 1,45,98,150 ഓഹരികൾക്കാണ് ബിഡ് ലഭിച്ചത്. ഒരു ഷെയറിന് ₹94-99 രൂപയായിരുന്നു പ്രൈസ് ബാൻഡ്.