image

20 Jan 2023 2:30 AM GMT

Equity

വിപണി താഴേക്ക്; എങ്കിലും മാർച്ചോടെ നിഫ്റ്റി 19,250 -ലെത്തുമെന്ന് ബിഎൻപി പാരിബസ്

Mohan Kakanadan

share market
X

Summary

  • സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇന്ന് രാവിലെ 8.00 ന് 19.00 പോയിന്റ് ഉയർന്നാണ് വ്യാപാരം നടക്കുന്നത്
  • 2023-ൽ ഇന്ത്യ 3.7 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറും: ആർ ബി ഐ
  • ദാരിദ്ര്യത്തെയും വിദേശ സഹായത്തേയും കേന്ദ്രീകരിച്ചുള്ള ചർച്ചകളുടെ ദിവസങ്ങൾ കഴിഞ്ഞു: മോഡി


കൊച്ചി: സ്വാതന്ത്ര്യം ലഭിച്ച ശേഷം ആദ്യമായി വലിയ സ്വപ്‌നങ്ങളും അവ സാക്ഷാത്കരിക്കാനുള്ള ശേഷിയുമുള്ള ഒരു “പുതിയ ഇന്ത്യ” ഇപ്പോൾ ഉയർന്നു വന്നിരിക്കയാണെന്നും, ദാരിദ്ര്യത്തെയും വിദേശ സഹായത്തേയും കേന്ദ്രീകരിച്ചുള്ള ചർച്ചകളുടെ ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ മുംബയിൽ 38,000 കോടിയിലധികം ചെലവേറിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിൽ, ഇന്ത്യ അടിസ്ഥാന സൗകര്യ വികസനത്തിൽ നിക്ഷേപം തുടരുകയാണ്; ഇത് വികസിത രാഷ്ട്രമായി മാറുന്നതിനുള്ള മുന്നേറ്റമാണ്, രാജ്യത്തിൻറെ ആഭ്യന്തര വളർച്ചയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം തുടര്ന്നു.

ഫ്രഞ്ച് ബ്രോക്കറേജായ ബിഎൻപി പാരിബസ് വ്യാഴാഴ്ച ഇന്ത്യൻ വിപണി തങ്ങൾ കാര്യമായി ശ്രദ്ധിക്കുന്നതായും എന്നാൽ, ഇപ്പോഴത്തെ ഓഹരി വിലകൾ വളരെ ഉയർന്നതാണെന്നും പറഞ്ഞു. എങ്കിലും, 2024 മാർച്ചോടെ നിഫ്റ്റി 19,250 പോയിന്റിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അവർ അറിയിച്ചു. ഓഹരികളിൽ നിന്ന് മിതമായ വരുമാനം മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂവെന്നും ജാഗ്രത നിലനിർത്തണമെന്നും അവരുടെ '2023 ലെ വീക്ഷണ'ത്തിൽ എഴുതി.

ഇതിനെ പിന്താങ്ങും വിധമായിരുന്നു ആർബിഐയുടെ റിപ്പോർട്ടും. 2023-ൽ ഇന്ത്യ 3.7 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി യുകെയെ പിന്തള്ളി ലോകത്തിലെ അഞ്ചാമത്തെ വലിയ രാജ്യമായി മാറുമെന്നും ഇന്ത്യയുടെ മാക്രോ ഇക്കണോമിക് സ്‌റ്റെബിലിറ്റി രൂഢമൂലമായിക്കൊണ്ടിരിക്കുകയാണെന്നുമാണ് കേന്ദ്ര ബാങ്കിന്റെ ജനുവരി ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ച 'സാമ്പത്തികാവസ്ഥ' എന്ന ലേഖനത്തിൽ പറയുന്നത്.

എന്നാൽ, ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് മേത്ത പറയുന്നത് 'പണപ്പെരുപ്പത്തിന്റെ ഏറ്റവും മോശം അവസ്ഥ ഒരുപക്ഷേ പിന്നിട്ടുവെങ്കിലും ഗ്രാമീണ വിപണികളിലെ വിൽപ്പന വളർച്ച നേടുന്നതിന് ഒരുപാട് ദൂരം പോകാനുണ്ടെ'ന്നാണ്.

ആഗോളമായി, അത്ര ശോഭനമായ വാർത്തകളല്ല വരുന്നത്. യുഎസ് തൊഴിൽ വകുപ്പിന്റെ ഇന്നലെ പ്രസിദ്ധീകരിച്ച റിപ്പോർട്ട്, പ്രതിവാര തൊഴിലില്ലായ്മ അപേക്ഷകൾ പ്രതീക്ഷിച്ചതിലും കുറവാണെന്ന് കാണിക്കുന്നു; ഇത് തൊഴിൽ വിപണി ഉറച്ചുനിൽക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. ജനുവരി 14ന് അവസാനിച്ച ആഴ്ചയിൽ തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായുള്ള പ്രാരംഭ അപേക്ഷകൾ 15,000 കുറഞ്ഞ് 190,000 ആയി, സെപ്തംബർ മുതലുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. സാമ്പത്തിക വിദഗ്ധർ ഏറ്റവും പുതിയ ആഴ്ചയിൽ 214,000 അപേക്ഷകർ ഉണ്ടാവുമെന്ന് കണക്കു കൂട്ടിയിരുന്നു. ഇത് ഫെഡറൽ റിസേർവിനെ വീണ്ടും നിരക്കുകൾ ശക്തമായി ഉയർത്താൻ പ്രേരിപ്പിക്കുമോ എന്നാണ് ഭയം.

ജപ്പാന്റെ കാര്യത്തിലാകട്ടെ, ഇന്ന് രാവിലെ പുറത്തിറങ്ങിയ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോയിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത് പ്രധാന ഉപഭോക്തൃ വില സൂചിക ഡിസംബറിൽ 41 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയെന്നാണ്; അതായത് നവംബറിലെ 3.7 ശതമാനത്തിൽ നിന്ന് ഡിസംബറിൽ 4 ശതമാനത്തിലേക്ക്, 1981 ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് സൂചിക. ഇത് പണനയം കർശനമാക്കാൻ ബാങ്ക് ഓഫ് ജപ്പാനിൽ സമ്മർദ്ദം ചെലുത്തിയേക്കും.

ഇന്നലെ സെൻസെക്സ് 187.31 പോയിന്റ് ഇടിഞ്ഞ് 60,858.43 ലും നിഫ്റ്റി 57.50 പോയിന്റ് നഷ്ടത്തിൽ 18,107.85 ലുമാണ് വ്യപരാമവസാനിപ്പിച്ചത്.

സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇന്ന് രാവിലെ 8.00 ന് 22.50 പോയിന്റ് ഉയർന്നാണ് വ്യാപാരം നടക്കുന്നത് ഇത് ഗാപ് അപ് തുടക്കത്തിന് വേദിയൊരുക്കുന്നുണ്ട്.

ഇന്ന് ബന്ധൻ ബാങ്ക്, കോഫോർജ്, എച്ച്ഡിഎഫ്സി ലൈഫ്, ജെ എസ് ഡബ്ല്യു എനർജി, ജെ എസ് ഡബ്ല്യു സ്റ്റീൽ, പെട്രോനെറ്റ്, ആർ ബി എൽ ബാങ്ക്, റിലയൻസ്, റിലയൻസ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ, യൂണിയൻ ബാൻ തൻല പ്ലാറ്റ്ഫോം എന്നീ കമ്പനികളുടെ ത്രൈമാസ ഫലങ്ങൾ പുറത്തുവരുന്നുണ്ട്.

കേരള കമ്പനികൾ

കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ആസ്റ്റർ ഡി എം, സി എസ് ബി ബാങ്ക്, കല്യാൺ ജൂവല്ലേഴ്‌സ്, മുത്തൂറ്റ് ക്യാപ്, വി ഗാർഡ്, വണ്ടർ ല എന്നിവ പച്ചയിലാണ് അവസാനിച്ചത്.

കൊച്ചിൻ ഷിപ് യാർഡ്, എഫ് എ സി ടി, ജിയോജിത്, ജ്യോതി ലാബ്, കേരള കെമിക്കൽസ്, മുത്തൂറ്റ് ഫിനാൻസ്, ധനലക്ഷ്മി ബാങ്ക്, ഫെഡറൽ ബാങ്ക്, കിംസ്, കിറ്റെക്‌സ്‌, മണപ്പുറം, മുത്തൂറ്റ് ഫിനാൻസ്, സൗത്ത് ഇന്ത്യൻ ബാങ്ക്, തുടങ്ങിയവ നഷ്ടത്തിൽ കലാശിച്ചു.

റിയാലിറ്റി കമ്പനികളായ പി എൻ സി ഇൻഫ്രയും പുറവങ്കരയും ശോഭയും താഴ്ചയിലായിരുന്നു.

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇ കണക്കുകൾ പ്രകാരം ഇന്നലെ (ജനുവരി 19) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ -128.96 കോടി രൂപക്ക് അധികം വിറ്റപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 399.98 കോടി രൂപക്ക് അധികം വാങ്ങി.

ലോക വിപണി

ഇന്ന് ഏഷ്യൻ വിപണികൾ പൊതുവെ നേട്ടത്തിലാണ് ആരംഭിച്ചിട്ടുള്ളത്. ഹോങ്കോങ് ഹാങ്‌സെങ് (146.34), ചൈന ഷാങ്ഹായ്, (18.60), ജപ്പാൻ നിക്കേ (41.30), തായ്‌വാൻ വെയ്റ്റഡ് (5.92), ജക്കാർത്ത കോമ്പസിറ്റ് (54.12) എന്നിവ നേട്ടത്തിലാണ് തുടക്കം കുറിച്ചിരിക്കുന്നത്. സൗത്ത് കൊറിയൻ കോസ്‌പി (-4.61) മാത്രം നേരിയ നഷ്ടത്തിൽ നിൽക്കുന്നു.

ഇന്നലെ യുഎസ് വിപണിയിൽ ഡൗ ജോൺസ്‌ -252.40 പോയിന്റും എസ് ആൻഡ് പി 500 -30.01 പോയിന്റും നസ്‌ഡേക് -104.74 പോയിന്റും ഇടിഞ്ഞു. .

യൂറോപ്പിലും കാര്യങ്ങൾ വ്യത്യസ്തമായിരുന്നില്ല; ലണ്ടൻ ഫുട്‍സീ (-83.41) ഫ്രാങ്ക്ഫർട് ഡി എ എക്സ് (-261.44), പാരീസ് യുറോനെക്സ്റ്റ് (-131.52) എന്നിവയെല്ലാം ചുവപ്പിലാണ് അവസാനിച്ചത്.

വിദഗ്ധാഭിപ്രായം

വിനോദ് നായർ, ഗവേഷണ വിഭാഗം മേധാവി, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്: ആഗോള വിപണികളിലെ നെഗറ്റിവ് പ്രവണത ഇന്നലെ ആഭ്യന്തര സൂചികകളെയും ബാധിച്ചു. ദുർബലമായ യുഎസ് ഉപഭോക്തൃ ഡാറ്റയും ഫെഡ് റിസേർവ് അംഗങ്ങളുടെ തണുപ്പൻ അഭിപ്രായങ്ങളും നിക്ഷേപകരെ ആശങ്കയിലാഴ്ത്തി. മാന്ദ്യത്തെക്കുറിച്ചുള്ള ഭയം ആഗോള വിപണികളെ താഴേക്ക് വലിച്ചിഴച്ചു.

കുനാൽ ഷാ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: ബാങ്ക് നിഫ്റ്റി സൂചിക നേരിയ ഉയർച്ചയിൽ ഇന്നലെ ക്ലോസ് ചെയ്യുന്നതിന് മുമ്പ് ഇടുങ്ങിയ പരിധിക്കുള്ളിലാണ് വ്യാപാരം നടത്തിയത്. അത് 41800-ന് മുകളിൽ തുടരുന്നിടത്തോളം വികാരം പോസിറ്റീവായി തുടരും. മൊമെന്റം ഇൻഡിക്കേറ്റർ ദൈനംദിന ചാർട്ടിൽ പോസിറ്റീവ് ക്രോസ്ഓവറിലാണ്. 41800 ന് താഴെ പോകുന്നത് വരെ വരെ നിലവിലെ ട്രെൻഡ് തുടരാനാണ് സാധ്യത. മുകൾ തട്ടിൽ 42500 ൽ ഒരു പ്രതിരോധം ദൃശ്യമാണ്.

ശ്രദ്ധിക്കേണ്ട ഓഹരികൾ

B2B ഇ-കൊമേഴ്‌സ് കമ്പനിയായ ഇന്ത്യമാർട്ട് ഇന്റർമെഷ് ലിമിറ്റഡ് (ഓഹരി വില: 4479.50 രൂപ) 2022 ഡിസംബർ 31 ന് അവസാനിച്ച മൂന്നാം പാദത്തിൽ അതിന്റെ ഏകീകൃത അറ്റാദായം 60.68 ശതമാനം വർധിച്ച് 112.8 കോടി രൂപയായി വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു.

ഹിന്ദുസ്ഥാൻ യുണിലിവർ (ഓഹരി വില: 2649.75 രൂപ) 2022 ഡിസംബർ 31 ന് അവസാനിച്ച മൂന്നാം പാദത്തിൽ അതിന്റെ ഏകീകൃത അറ്റാദായത്തിൽ 7.9 ശതമാനം വർദ്ധനവ് 2,481 കോടി രൂപയായി വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു.

അടുത്ത 12-18 മാസത്തേക്ക് 900 കോടി രൂപയുടെ കാപെക്‌സ് പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്ന് ജൂബിലന്റ് ഫുഡ് വർക്ക്‌സ് (ഓഹരി വില: 510.50 രൂപ) വ്യാഴാഴ്ച അറിയിച്ചു.

മെച്ചപ്പെട്ട ആസ്തി നിലവാരവും പ്രൊവിഷനുകളിലെ ഇടിവും മൂലം എ യു സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ (ഓഹരി വില: 621.25 രൂപ) 2022-23 ഒക്‌ടോബർ-ഡിസംബർ കാലയളവിലെ അറ്റാദായം 30 ശതമാനം ഉയർന്ന 393 കോടി രൂപയായി.

ഏകദേശം 4,688 കോടി രൂപ ഇടപാടിൽ യുഎസ് ആസ്ഥാനമായുള്ള കൺസേർട്ട് ഫാർമസ്യൂട്ടിക്കൽസ് ഏറ്റെടുക്കാനുള്ള കരാറിൽ ഒപ്പുവച്ചതായി സൺ ഫാർമസ്യൂട്ടിക്കൽ (ഓഹരി വില: 1040.55 രൂപ) വ്യാഴാഴ്ച അറിയിച്ചു.

വേദാന്ത ഗ്രൂപ്പ് സ്ഥാപനമായ ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡിന്റെ (ഓഹരി വില: 377.55 രൂപ) 2022 ഡിസംബർ 31 ന് അവസാനിച്ച പാദത്തിലെ അറ്റാദായം 20 ശതമാനം ഇടിഞ്ഞ് 2,156 കോടി രൂപയായി.

ഫിലിം എക്സിബിഷൻ സ്ഥാപനമായ പിവിആർ ലിമിറ്റഡ് (ഓഹരി വില: 1677.90 രൂപ) ഡിസംബർ 31 ന് അവസാനിച്ച മൂന്നാം പാദത്തിൽ 16.15 കോടി രൂപയുടെ ഏകീകൃത അറ്റാദായം റിപ്പോർട്ട് ചെയ്തു.

ഇവികൾക്കായുള്ള സംസ്ഥാനത്തിന്റെ വ്യാവസായിക പ്രോത്സാഹന പദ്ധതിക്ക് കീഴിൽ പൂനെയിൽ 10,000 കോടി രൂപയുടെ ഇലക്ട്രിക് വാഹന പ്ലാന്റ് സ്ഥാപിക്കാനുള്ള നിർദ്ദേശത്തിന് മഹാരാഷ്ട്ര സർക്കാർ അംഗീകാരം നൽകിയതായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര (ഓഹരി വില: 1318.00 രൂപ) വ്യാഴാഴ്ച അറിയിച്ചു.

2022 ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ ഏഷ്യൻ പെയിന്റ്‌സ് (ഓഹരി വില: 2853.40 രൂപ) വ്യാഴാഴ്ച ഏകീകൃത അറ്റാദായം 6.4 ശതമാനം വർധിച്ച് 1,097.06 കോടി രൂപയായി.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,200 രൂപ (0 രൂപ)

യുഎസ് ഡോളർ = 81.37 രൂപ (-8 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) 86.64 ഡോളർ (+0.56%)

ബിറ്റ് കോയിൻ = 17,85,999 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക +0.01 ശതമാനം ഉയർന്ന് 101.83 ആയി.