image

17 Feb 2024 3:24 PM GMT

Equity

വിപണി വീണ്ടുമൊരു സർവകാല നേട്ടത്തിലേക്കോ|അടുത്ത ആഴ്ച ഇന്ത്യൻ വിപണിക്ക് എങ്ങനെ?

MyFin Research Desk

The market is back to an all-time high
X

Summary

  • നിഫ്റ്റിക്കു അനലിസ്റ്റുകൾ നൽകുന്ന നിർദേശങ്ങൾ അറിയാം
  • യൂറോസോണിലെ പണപ്പെരുപ്പവും ജപ്പാനിലെ മാന്ദ്യവും എങ്ങോട്ട്?
  • ആഗോള വിപണികൾക്ക് യുഎസ് സൂചികകൾ നിർണായകം
  • ആർബിഐ മിനിട്സിൽ നിക്ഷേപകർ അറിയേണ്ടത്


ശക്തമായ ആഗോള സൂചനകളും ആഭ്യന്തര ഡാറ്റകളും പ്രധാന ഇന്ത്യൻ ഓഹരി സൂചികകളെ പോയ വാരത്തിൽ ഒരു ശതമാനത്തിൽ അധികം നേട്ടത്തിൽ എത്തിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ആദ്യമായി നിഫ്റ്റി സൂചിക 22000-ത്തിനു മുകളിൽ വ്യാപാരം അവസാനിപ്പിച്ചു. ജനുവരിയിൽ പണപ്പെരുപ്പം കുറഞ്ഞതും വ്യാവസായിക ഉത്പാദന സൂചിക മെച്ചപ്പെട്ടതും വിപണിക്ക് ശക്തി പകർന്നു. ഓട്ടോ, പിഎസ്‌യു ബാങ്ക്. ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ മുൻനിരപ്രകടനം കാഴ്ച വെച്ചപ്പോൾ മെറ്റൽ, മീഡിയ, എഫ്എംസിജി സൂചികകൾ അര ശതമാനം മുതൽ ഒന്നര ശതമാനത്തിനടുത്ത ഇടിവ് പ്രകടമാക്കി.

ആഗോള വിപണികൾക്ക് യുഎസ് സൂചികകൾ നിർണായകം

യു എസ് പണപ്പെരുപ്പത്തിലെ അപ്രതീക്ഷിതമായ വർദ്ധനവ് വാരാദ്യത്തിൽ സൂചികകളെ ഇടിവിലേക്കു നയിച്ചു. എന്നാൽ അനുകൂലമായ റീറ്റെയ്ൽ സെയിൽസ് ഡാറ്റയും ജോബ്‌ലെസ് ക്ലെയിംസ് ഡാറ്റയും വിപണികളിലെ ബുള്ളിഷ് സെന്റിമെന്റ് നിലനിർത്തുന്നതിന് സഹായിച്ചു. പക്ഷെ വാരാന്ത്യത്തിൽ പുറത്തു വന്ന പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്സ് അപ്രതീക്ഷിത വളർച്ച കൈവരിച്ചത് കനത്ത വിൽപ്പന സമ്മർദ്ദം സൂചികകൾക്ക് മേൽ ഏർപ്പെടുത്തി. ഉയർന്ന പണപ്പെരുപ്പവും പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്സ് ഡാറ്റയും നില നിൽക്കുന്ന സാഹചര്യത്തിൽ ഫെബ്രുവരി 21ന് പുറത്തു വരുന്ന ഫെഡ് മിനിറ്റ്സ് നിർണായകമാണ്. റാഫേൽ ബോസ്‌റ്റിക്‌, മിഷേൽ ഡബ്ള്യു ബൗമാൻ തുടങ്ങിയ ഫെഡ് അംഗങ്ങളുടെ പ്രസ്താവനകളും വിപണിയിൽ ചലനങ്ങൾ സൃഷ്ടിച്ചേക്കാം. ഫെബ്രുവരി 22 ന് നിർമാണ മേഖലയിലെ ഫെബ്രുവരിയിലെ പിഎംഐ ഡാറ്റ പുറത്തു വരും. നിലവിൽ 50.7-ൽ നിൽക്കുന്ന പിഎംഐ വളർച്ച ഈ ലെവെലിന് താഴേക്ക് റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ നിർമാണ രംഗത്ത് നേരിയ തോതിലുള്ള മാന്ദ്യ ഭീഷണിയുണ്ടെന്ന സൂചനയാണത്. അന്ന് തന്നെ പുറത്തു വരുന്ന സേവന മേഖലയിലെ പിഎംഐ, എസ്&പി ഗ്ലോബൽ കോംപോസിറ്റ് പിഎംഐ ഡാറ്റകൾ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ കൂടുതൽ വ്യക്തമായ ചിത്രം നൽകും. ക്രൂഡ് ഓയിൽ ഇൻവെന്ററി ഡാറ്റയും ഫെബ്രുവരി 22ന് പുറത്തു വരും. കഴിഞ്ഞ ആഴ്ചയും ക്രൂഡ് ഇൻവെന്ററി ഉയർന്നായിരുന്നു. സമാനമായ ട്രെൻഡ് തുടർന്നാൽ ക്രൂഡ് ഡിമാൻഡ് ദുർബലമാകുന്നുവെന്ന സൂചനകൾ സമ്മർദ്ദം സൃഷ്ടിച്ചേക്കാം. നിർണായകമായ അമേരിക്കൻ ഡാറ്റകൾ ആഗോള നിക്ഷേപകർ നിരീക്ഷിക്കും. ഫെബ്രുവരി 19ന് യുഎസ് വിപണികൾ അവധി ആയതു കൊണ്ട് അടുത്ത ആഴ്ചയിൽ 4 ട്രേഡിങ്ങ് സെഷനുകൾ മാത്രമേ ഉണ്ടാവുകയുള്ളു.

യൂറോസോണിലെ പണപ്പെരുപ്പവും ജപ്പാനിലെ മാന്ദ്യവും

യൂറോ സോൺ, ബ്രിട്ടൻ, ഫ്രാൻസ് എന്നിവിടങ്ങളിലെ പണപ്പെരുപ്പത്തിൽ കുറവ് വന്നതും വ്യവസായിക മേഖലയിലെ വളർച്ചയും യൂറോപ്യൻ വിപണികൾക്ക് അനുകൂലമായി. ഫെബ്രുവരി 22ന് പുറത്തു വരുന്ന ബ്രിട്ടൻ, ജർമ്മനി, ഫ്രാൻസ് , യൂറോ സോൺ എന്നിവിടങ്ങളിലെ നിർമാണ- സേവന മേഖലകളിലെ പിഎംഐ ഡാറ്റകൾ ആയിരിക്കും യൂറോപ്യൻ വിപണികളെ മുന്നോട്ട് നയിക്കുക. യൂറോസോണിലെ ജനുവരി പണപ്പെരുപ്പ കണക്കുകളും അന്ന് പ്രസിദ്ധീകരിക്കും. നിലവിൽ പലിശ നിരക്ക് കുറക്കാൻ തയ്യാറാകാത്ത യൂറോസോണിലെ വിവിധ സെൻട്രൽ ബാങ്കുകളുടെ മുന്നോട്ടുള്ള തീരുമാനങ്ങളെ ഈ ഡാറ്റകൾ സ്വാധീനിക്കും. ഒപ്പം തന്നെ ഫെബ്രുവരി 23ന് പുറത്തു വരുന്ന ജർമനിയുടെ നാലാം പാദ ജിഡിപിയും മേഖലയുടെ മാക്രോ സാഹചര്യങ്ങളെ സംബന്ധിച്ച വ്യക്തമായ ധാരണ നൽകും.

ഏഷ്യൻ മേഖലയിൽ ജപ്പാന്റെ നാലാം പാദ ജിഡിപി യിൽ അപ്രതീക്ഷതമായ കുറവ് രേഖപ്പെടുത്തിയത് ജപ്പാനെ സാങ്കേതികമായി മാന്ദ്യത്തിലേക്ക് നയിച്ചു. തുടർച്ചയായ പാദങ്ങളിലുണ്ടായ ഇടിവിനെ തുടർന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ എന്ന പദവി ജപ്പാന് നഷ്ടപ്പെട്ടു. നിലവിൽ ഏറ്റവുമധികം ഇളവോടു കൂടിയ ധന നയം തുടരുന്ന ബാങ്ക് ഓഫ് ജപ്പാനെ ഇത് പ്രതിസന്ധിയിലാക്കി. എന്നിരുന്നാലും വാരാന്ത്യത്തിൽ 34 വർഷത്തെ ഉയർന്ന നിലയിലേക്കെത്താൻ നിക്കി 225 സൂചികക്ക് സാധിച്ചു. ചൈനീസ് പുതുവർഷത്തെ തുടർന്ന് അവധിയിലായിരുന്ന ചൈനീസ് വിപണികൾ ഫെബ്രുവരി 19ലേക്ക് വരുന്നത് പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ ലോൺ പ്രൈം റേറ്റുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലേക്കാണ്. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായ, നിലവിൽ നാണ്യചുരുക്കം നേരിടുന്ന ചൈനീസ് സമ്പദ്‌വ്യവസ്ഥക്ക്, തീരുമാനങ്ങൾ ആശ്വാസമാവുമോ ഇല്ലയോ എന്നതായിരിക്കും നിക്ഷേപക ശ്രദ്ധ ആകർഷിക്കുക. ചൈനയുടെ ഉണർവ് ഇന്ത്യയുടെ മെറ്റൽ മേഖലക്കു തുണയാകും. ഫെബ്രുവരി 21ന് പുറത്തു വരുന്ന ജപ്പാന്റെ സേവന മേഖലയുടെ പിഎംഐ ഡാറ്റ മാന്ദ്യത്തിലേക്ക് വഴുതി വീണ ജാപ്പനീസ് സമ്പദ്‌വ്യവസ്ഥയുടെ ഗതിയേയും സ്വാധീനിക്കും.

ക്രൂഡും ഗോൾഡും

ഏറ്റവും വലിയ ക്രൂഡ് ഇറക്കുമതി രാജ്യമായ ചൈനയുടെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾ ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് വില്പന സമ്മർദ്ദം ഏല്പിച്ചു. ഫെബ്രുവരി 21 നു നടക്കാൻ ഇരിക്കുന്ന ഒപെക്+ മീറ്റിംഗ് പ്രധാന ശ്രദ്ധ കേന്ദ്രമാണ്. ബ്രെൻ്റ് ക്രൂഡ് 82.67 ഡോളറിലും ഡബ്ള്യുടിഐ ക്രൂഡ് 78.12 ഡോളറിലും വ്യാപാരം അവസാനിപ്പിച്ചു. നിലവിൽ ഡബ്ള്യുടിഐ ക്രൂഡ് നിലവിൽ 200 ഡേ മൂവിങ് ആവറേജിന്‌ മുകളിൽ ആയിട്ടാണ് ക്ലോസ് ചെയ്തിരിക്കുന്നത്. ഇമേഡിയറ്റ് റെസിസ്റ്റൻസ് ആയി അനലിസ്റ്റുമാർ കാണുന്നത് ബാരലിന് 79.05 ഡോളർ, 80.08 ഡോളർ എന്നീ ലെവലുകളാണ്. ഇത് മറികടക്കാൻ ആയാൽ മികച്ച ഒരു ബുള്ളിഷ് സെറ്റപ്പ് രൂപപ്പെടുമെന്നാണ് അനലിസ്റ്റുമാർ വിശ്വസിക്കുന്നത്. 76.39 ഡോളർ പ്രധാന സപ്പോർട്ട് ആയും പരിഗണിക്കേണ്ടതാണ്. ബ്രെന്റ് ക്രൂഡ് നു 80 ഡോളറിൽ മികച്ച പിന്തുണ ലഭിക്കുന്നുണ്ട്. വരും ആഴ്ചയിൽ 84 ഡോളറിന്റെ റെസിസ്റ്റൻസ് മറികടക്കാൻ ബ്രെന്റ്നു സാധിക്കുകയാണെങ്കിൽ 90 മുതൽ 95 ഡോളർ എന്ന നിലയിലേക്ക് ബ്രെന്റ് കുതിച്ചേക്കാം.

പ്രതീക്ഷിച്ചതിലും ഉയർന്ന യുഎസ് സിപിഐ ഡാറ്റ കണക്കിലെടുത്ത്, അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ ട്രോയ് ഔൺസിന് 1,992 ഡോളറിലെത്തി. പ്രതിവാരത്തിൽ അര ശതമാനത്തോളം ഇടിവ് രേഖപെടുത്തിയെങ്കിലും 2013.06 ഡോളർ എന്ന നിലയിൽ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു.ഇമേഡിയറ്റ് റെസിസ്റ്റൻസ് ആയി 2015 ഡോളർ പരിഗണിക്കാം, എന്നിരുന്നാലും പ്രധാന റെസിസ്റ്റൻസ് ആയ 50 ഡേ സിമ്പിൾ മൂവിങ് ആവറേജിന്റെ റെസിസ്റ്റൻസ് ആയ 2030 ഡോളർ മറികടക്കാൻ ആയാൽ 2044 - 2065 എന്ന നിലയിൽ എത്താൻ സ്വർണവിലക്കു സാധിക്കും എന്നാണ് അനലിസ്റ്റുമാർ വിശ്വസിക്കുന്നത്. 100 ഡേ മൂവിങ് ആവറേജിന്റെ 1992 ഡോളർ എന്ന സപ്പോർട്ട് ശ്രദ്ധിക്കാം. ഈ സപ്പോർട്ട് നിലനനിർത്താൻ സാധിക്കാതെ വന്നാൽ കഴിഞ്ഞ ബുധനാഴ്ച എത്തിച്ചേർന്ന 1984 എന്ന താഴ്ന്ന നില നിക്ഷേപകർ ശ്രദ്ധിക്കേണ്ടതാണ്.

ഇന്ത്യൻ വിപണിക്ക് നിർണായകം ആർബിഐ മിനിട്ട്‌സ്

ആഭ്യന്തര വിപണിയിലെ മണി സപ്ലൈ ഡേറ്റയാണ് പുതിയ വാരം ആദ്യം പുറത്ത് വരാനുള്ളത്. 21ാം തിയ്യതി ബുധനാഴ്ചയാണ് ചരക്കുകളും സേവനങ്ങളും വാങ്ങുന്നതിനായി സമ്പദ്വ്യവസ്ഥയിൽ ലഭ്യമായ കറൻസിയുടെ അളവ് വ്യക്തമാക്കുന്ന മണി സപ്ലൈ റിപ്പോർട്ട് വരിക. 11 ശതമാനം മണി സപ്ലൈയാണ് അവസാനമായി റിസർവ് ബാങ്ക് റിപ്പോർട്ട് ചെയ്തിരുന്നത്. 22 ബുധനാഴ്ച രാജ്യത്തെ സേവന മേഖലയുടെ ചിത്രം വ്യക്തമാവുന്ന സർവീസസ് പിഎംഐ ഡേറ്റ പുറത്ത് വരും. 61.8 ശതമാനമായിരുന്നു മുൻ പിഎംഐ. അന്നേ ദിവസം തന്നെയാണ് ആർബിഐ മിനിട്ട്‌സ് പുറത്ത് വരിക.

2024 സാമ്പത്തിക വർഷം ആരംഭിക്കുന്നതിനും തിരഞ്ഞെടുപ്പിനും മുന്നോടിയായി നടക്കുന്ന ആർബിഐ മിനിട്ട്‌സ് നിർണായകമാണ്. പലിശ നിരക്ക് കുറയ്ക്കൽ സംബന്ധിച്ച് എംപിസി അംഗങ്ങളുടെ അഭിപ്രായങ്ങൾ വിപണിയെ സ്വാധിനിക്കാം. 23ാം തിയ്യതി വെള്ളിയാഴ്ച ബാങ്കുകളുടെ വായ്പ-നിക്ഷേപ വളർച്ചാ ഡേറ്റകൾ പുറത്ത് വരും. കഴിഞ്ഞ തവണ വായ്പ വളർച്ച 20.3%മായിരുന്നു, ഡെപ്പോസിറ്റ് വളർച്ചയാവട്ടെ 13.2% ആയും രേഖപ്പെടുത്തി. ബാങ്ക് നിഫ്റ്റിയ്ക്ക് നിർണായകമാണ് ഈ ഡേറ്റ. അന്ന് തന്നെ രാജ്യത്തിന്റെ ഫോറെക്സ് റിസർവ് ഡേറ്റകളും അറിയാം. 2023 ഒക്ടോബർ മുതൽ ക്രമാനുഗത വളർച്ചയാണ് ഫോറിൻ റിസർവിൽ ഉണ്ടായിരുന്നത്. എന്നാൽ ഫെബ്രുവരി 9ലെ കണക്ക് പ്രകാരം ജനുവരിയിലെ 6.36 ബില്യണിൽ നിന്ന് ഫോറിൻ റിസർവ് 5.27 ബില്യണിലേക്ക് താഴ്ന്നിരുന്നു.

ഇതിനെല്ലാം ഒപ്പം കഴിഞ്ഞ വാരം അവസാനം പുറത്ത് വന്ന കയറ്റുമതി- ഇറക്കുമതി കണക്കുകളും വിപണിയെ തുടർന്നും സ്വാധിനിക്കാം. ചെങ്കടലിലെ സംഘർഷങ്ങൾക്കിടയിലും കയറ്റുമതി കുതിപ്പിലാണെന്ന പോസിറ്റീവ് ഡേറ്റയാണ് ഇത്തവണ പുറത്ത് വന്നിരിക്കുന്നത്. കയറ്റുമതി 3 മാസത്തെ ഉയർന്ന തലത്തിലാണ്. ജനുവരിയിൽ 3692 കോടി ഡോളറിന്റെ കയറ്റുമതി നടത്തി. വ്യാപാര കമ്മിയാവട്ടെ 9 മാസത്തെ താഴ്ന്ന നിലവാരമായ 1749 കോടി ഡോളറായി. അതേസമയം ഇറക്കുമതി 3 ശതമാനം വർധിച്ച് 5441 കോടി ഡോളറിലുമെത്തി. ക്രൂഡ് ഓയിൽ ഇറക്കുമതിയിലാണ് കാര്യമായ വർധന രേഖപ്പെടുത്തിയത്-4.33%

വില്പന തുടർന്ന് വിദേശ നിക്ഷേപകർ

കഴിഞ്ഞ ആഴ്ച വിദേശ നിക്ഷേപകർ അറ്റ വില്പനക്കാരായി തുടർന്നപ്പോൾ ആഭ്യന്തര നിക്ഷേപകരുടെ നിക്ഷേപം ശക്തമായി തുടർന്നു. വിദേശ നിക്ഷേപകർ 2583 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ, ആഭ്യന്തര നിക്ഷേപകർ 7161 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്.

20 ലക്ഷം കോടി രൂപയുടെ വിപണി മൂല്യം മറികടന്നു സർവ കാല ഉയരത്തിലേക്ക് എത്തിച്ചേർന്ന റിലയൻസും എം എസ് സി ഐ സൂചികയിൽ ചേർക്കപ്പെട്ട പഞ്ചാബ് നാഷണൽ ബാങ്കിന്റെ പ്രകടനവും കഴിഞ്ഞ ആഴ്ചയിലെ വിപണിയിൽ മുന്നിട്ട് നിന്നു.ഡിസ്‌നിയിൽ നിന്നും ടാറ്റ പ്ലേയുടെ 30% ത്തോളം ഓഹരികൾ വാങ്ങാൻ ഉള്ള റിലയൻസിന്റെ നീക്കത്തെ നിക്ഷേപകർ ശ്രദ്ധയോടെയാണ് ഉറ്റു നോക്കുന്നത്. ടാറ്റ പ്ലേയ് ഏറ്റെടുക്കുക വഴി മീഡിയ & എന്റർടൈൻമെന്റ് മേഖലയിലും ശക്തിയാർജിക്കുന്ന റിലയൻസിനെ കാണാം. എന്നാൽ അതിലുപരി ടാറ്റ ഗ്രൂപ്പിന്റെയും റിലയൻസ് ഗ്രൂപ്പിന്റെയും പങ്കാളിത്തത്തെയായിരിക്കും ആകാംക്ഷയോടെ ഉറ്റുനോക്കുക.

റീട്ടെയിൽ ഓട്ടോ സെയിൽസിലെ റെക്കോർഡ് വർധനവ് ഓട്ടോ ഓഹരികൾക്ക് വൻ നേട്ടം നൽകി. മികച്ച പാദഫലങ്ങൾ പുറത്തു വിട്ടതും വോൾസ്‌വാഗണുമായുള്ള പങ്കാളിത്ത പ്രഖ്യാപനവും മഹിന്ദ്ര ആൻഡ് മഹിന്ദ്രയുടെ ഓഹരികളെ നേട്ടത്തിൽ ഒന്നാം സ്ഥാനത്തെത്തിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ 11%ത്തിന്റെ നേട്ടം ഇതുവഴി നിക്ഷേപകർക്ക് ലഭിച്ചു. മികച്ച പാദഫലങ്ങൾ ബോഷ് ലിമിറ്റഡ് ഓഹരികളെയും 11% ത്തിന്റെ പ്രതിവാര നേട്ടം നല്കുന്നതിലേക്ക് നയിച്ചു. കൂടാതെ ഒരു ലക്ഷം കോടി വിപണി മൂല്യം മറികടന്ന ടിവിഎസ് മോട്ടോഴ്സും 5% മുന്നേറ്റത്തോടെ 52 ആഴ്ചയിലെ ഉയർന്ന നിലയിലേക്കെത്തി. എന്നാൽ ഫലം വന്നതിനു പിന്നാലെ ഭാരത് ഫോർജ് കനത്ത വില്പന സമ്മർദത്തിലേക്ക് പോയി. ഹിൻഡാൽകോയും പാദ ഫലത്തിന്റെ പ്രഖ്യാപനത്തെ തുടർന്ന് 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവ് നേരിട്ടു. ഉപസ്ഥാപനമായ നോവലിസ് പ്ലാന്റിലുള്ള കാപ്പെക്സ് ഉയർത്തി കൊണ്ടുള്ള പ്രഖ്യാപനവും ഇടിവിനു ആക്കം കൂട്ടി.

ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന് മേലുള്ള വിൻഡ്ഫാൾ ടാക്സ് ഉയർത്തി കൊണ്ടുള്ള പ്രഖ്യാപനം ഓയിൽ കമ്പനികളിലേക്കുള്ള നിക്ഷേപക ശ്രദ്ധ ആകർഷിച്ചു. എന്നാൽ ഇത്തരത്തിലുള്ള നിരക്ക് വർധന കമ്പനികളുടെ മാർജിനുകളെ ബാധിക്കുകയില്ലെന്നു അനലിസ്റ്റുകൾ വിലയിരുത്തുന്നു. മാത്രമല്ല തിരഞ്ഞെടുപ്പ് പ്രമാണിച്ചു റീട്ടെയിൽ ഇന്ധന വിലയിൽ ഒരു ഇടപെടൽ ഉണ്ടാകാനുള്ള സാധ്യത നില നിൽക്കുന്നതും ആശയകുഴപ്പം സൃഷ്ടിക്കുന്നുണ്ട്. പക്ഷെ അനുകൂല ഘടകങ്ങളുടെ അടിസ്ഥാനത്തിൽ എച്പിസിഎൽ 52 ആഴ്ചയിലെ ഉയരം താണ്ടി മുന്നേറി.

ഇ ഡി യുടെ കുരുക്കുകൾ മുറുകുന്ന പേടിഎം ഓഹരികളുടെ പ്രകടനവും വിപണി വിലയിരുത്തും. പ്രതിരോധ മേഖലയിൽ നിന്നും 80000 കോടി രൂപയുടെ ഓർഡർ കരസ്ഥമാക്കിയ ഡിഫെൻസ് ഓഹരികൾ പൊതുമേഖലാ കമ്പനികൾ എന്നിവയുടെ പ്രകടനവും നിർണായകമാകും.

ഐപിഓ സ്പന്ദനം അവസാനിച്ചിട്ടില്ല

വരുന്ന ആഴ്ച രണ്ടു മെയിൻ ബോർഡ് ഐപിഓ പ്രൈമറി മാർക്കറ്റിലേക്ക് നിക്ഷേപകരെ തേടി എത്തും. 1800 കോടി രൂപ സമാഹരിക്കുന്നതിനായി എത്തുന്ന ഹോട്ടൽ മേഖലയിലെ ജൂനിപെർ ഹോട്ടൽസ് IPO 21നു ആരംഭിക്കും. ഒപ്പം ഹെൽത്ത് കെയർ സേവനങ്ങൾ നൽകുന്ന ജിപിറ്റി ഹെൽത്ത് കെയർ ഐപിഓ ഫെബ്രുവരി 22 നു ആരംഭിക്കും. ഓഫർ ഫോർ സെയിൽ വഴിയാണ് ഇരു കമ്പനികളും തുക സമാഹരിക്കുക.

എസ്എംഇ മാർക്കറ്റിലാകട്ടെ ഡീം റോൾ -ടെക് ലിമിറ്റഡ് (Deem Roll-Tech Limited), സെനിത് ഡ്രഗ്സ് ലിമിറ്റഡ് (Zenith Drugs Limited) എന്നിവ ഐപിഓ പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്. താങ്ങാനാവുന്ന നിരക്കിൽ മരുന്നുകൾ നൽകുക എന്നത് ലക്ഷ്യമിട്ടു കൊണ്ട് 2000 ത്തിൽ പ്രവർത്തനം ആരംഭിച്ച ഫാർമ കമ്പനിയാണ് സെനിത് ഡ്രഗ്സ് ലിമിറ്റഡ്. സ്റ്റീലുകൾ, അലോയ് റോൾസ് എന്നിവയുടെ നിർമാതാക്കളാണ് ഡീം റോൾ -ടെക് ലിമിറ്റഡ്.

ഗ്രൗണ്ട് ഒരുക്കി വിപണി, പിന്തുണ നൽകുമോ ബാങ്ക് നിഫ്റ്റി?

കീഴടക്കുക എന്നതിനേക്കാൾ പുതിയൊരു നീക്കത്തിനായി ഗ്രൗണ്ട് ഒരുക്കുക എന്നതായിരുന്നു ആഭ്യന്തര വിപണിയിലെ ബുള്ളുകളുടെ നയം. ബുള്ളുകൾ കരുത്താർജ്ജിച്ച ആഴ്ചയിൽ നിഫ്റ്റി, ബാങ്ക് നിഫ്റ്റി സൂചികകൾ ഒരു ശതമാനത്തിലധികം നേട്ടം കൈവരിച്ചു. നിഫ്റ്റി സൂചിക 22000 എന്ന നിലവാരം ക്ലോസിങ് അടിസ്ഥാനത്തിൽ കരസ്ഥമാക്കി. വെള്ളിയാഴ്ച ഗാപ് അപ്പ് തുടക്കം നൽകുകയും വ്യപാരത്തിൽ ഒരിക്കൽ പോലും ഗാപ് ഫില്ലിങ്ങിനുള്ള ശ്രമം ഉണ്ടാവുകയും ചെയ്തില്ല എന്നത് ശ്രദ്ധേയം. ബാങ്ക് നിഫ്റ്റി സൂചികക്ക് ഉയർന്ന ലെവലുകളിൽ വില്പന സമ്മർദ്ദം നേരിടേണ്ടതായി വന്നു. എന്നിരുന്നാലും ലോങ്ങ് ലോവർ ഷാഡോ ഉള്ള ബുള്ളിഷ് കാൻഡിൽ വീക്‌ലി ചാർട്ടിൽ രൂപപ്പെട്ടിട്ടുണ്ട്. നിഫ്റ്റി സൂചികയും സമാനമായ കാൻഡിൽ വീക്‌ലി ചാർട്ടിൽ കാണിക്കുന്നു. താഴ്ന്ന ലെവലിൽ ബയിങ് കടന്നു വരുന്നു എന്ന അർത്ഥവും ഇതിനുണ്ട്.

ലാർജ് ക്യാപ് ഓഹരികളിൽ ബയിങ് താല്പര്യം കടന്നു വന്നതാണ് സമീപകാലത്തെ കൺസോളിഡേഷൻ ലെവെലിൽ നിന്നും നിഫ്റ്റിയെ തിരികെ കൊണ്ടുവന്നത്. ഈ കൺസോളിഡേഷൻ ബേസിനു ശേഷം ആർഎസ്ഐ (RSI) ഇന്ഡക്സിലും ബുള്ളിഷ് ക്രോസ്സോവർ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ 21 ഡേ എക്സ്പോണൻഷ്യൽ മൂവിങ് ആവറേജ് ലെവേലായ 21,750 ന് മുകളിൽ വ്യാപാരം അവസാനിപ്പിക്കാൻ സൂചികക്ക് സാധിച്ചു. ഇതെല്ലം വിപണിയിലെ പോസിറ്റീവ് പ്രവണതകളാണ് സൂചിപ്പിക്കുന്നത്. ഹെസ്വകാലത്തിൽ സൂചികക്ക് 22,200 നു മുകളിലേക്ക് വ്യപാരം നടത്താൻ സാധിക്കുമെന്നാണ് എൽകെപി സെക്യൂരിറ്റീസിലെ സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, രൂപക് ദേ അഭിപ്രായപ്പെടുന്നത്. കൂടാതെ 22,200 ന് മുകളിലുള്ള നീക്കം നിഫ്റ്റിയെ 22,600 ലേക്ക് കൊണ്ടുപോകും. ലോവർ എൻഡിലെ സപ്പോർട്ട് 21,750 ലെവൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

റെലിഗെർ ബ്രോക്കിങ്ങിലെ സീനിയർ വൈസ് പ്രസിഡന്റ്, അജിത് മിശ്ര നിർദേശിക്കുന്നത് നിഫ്റ്റി അതിൻ്റെ റെക്കോർഡ് നിലവാരം പുനഃപരിശോധിക്കാൻ സജ്ജമായി തുടങ്ങുമ്പോൾ പോസിറ്റീവും എന്നാൽ ജാഗ്രതയുമുള്ള നിലപാട് നിലനിർത്താനാണ്. 22,150 ലെവെലിന് മുകളിലുള്ള സുസ്ഥിരമായ നിലനിൽപ് മാത്രമേ 22,500 ലേക്കുള്ള നീക്കത്തിന് നിഫ്റ്റിയെ സഹായിക്കു എന്നും അദ്ദേഹം ചൂണ്ടികാണിക്കുന്നു. അതല്ല എങ്കിൽ പ്രോഫിറ്റ് ടെയ്കിംഗ് തുടരും.

ട്രേഡേഴ്സ് തന്ത്ര പ്രധാനമായി നിരീക്ഷിക്കേണ്ടത് ബാങ്ക് നിഫ്റ്റി സൂചികയാണ്. സൂചികയുടെ സർവകാല നേട്ടത്തിലേക്ക് ഇനിയും രണ്ടായിരത്തിലധികം പോയിന്റുകൾ മുന്നേറേണ്ടതുണ്ട്. സൂചികയുടെ ഹെസ്വകാല ട്രെൻഡ് ബുള്ളിഷാണെന്നു കൊടക് സെക്യൂരിറ്റീസിലെ സീനിയർ വൈസ് പ്രസിഡന്റ്, അമോൽ അഥാവാലെ അഭിപ്രായപ്പെടുന്നത്. 50-ഡേ സിമ്പിൾ മൂവിങ് ആവറേജ് ആയ 46,815 റെസിസ്റ്റൻസ് ആയി നില നിന്നേക്കാം. ഈ ലെവെലിന് മുകളിലുള്ള നില നിൽപ് സൂചികയേ 47,300 വരെ എത്തിച്ചേക്കാം.45,900 ലെവെലിന് താഴെ ട്രേഡേഴ്സ് ലോങ്ങ് പൊസിഷനുകൾ എക്സിറ്റ് ചെയുന്നത് പരിഗണിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

കഴിഞ്ഞ 2 മാസക്കാലയളവിലായി (ഡിസംബർ 15 - ഫെബ്രുവരി 15) നിഫ്റ്റി സൂചിക 21450 - 22000 എന്ന റേഞ്ചിലാണ് ഏറിയ സമയവും വ്യാപാരം നടത്തിയത്. ബ്രേക്ഔട്ടുകൾ ഇരു ഭാഗങ്ങളിലേക്കും ഉണ്ടായെങ്കിലും കാര്യമായ പ്രതിഫലനം വിപണിയിൽ ഉണ്ടായില്ല. പക്ഷെ തുടർന്നുള്ള സെഷനുകളിലേക്ക് വിപണി ഗ്രൗണ്ട് ഒരുക്കുന്നു എന്നതാണ് നിലവിലെ സൂചനകൾ. ബാങ്ക് നിഫ്റ്റിയുടെ പിന്തുണ വ്യക്തമായാൽ ബുള്ളുകൾ കുതിച്ചേക്കാം.