image

9 Feb 2024 5:32 AM GMT

Equity

മാൻകൈൻഡ് ഫാർമയിലെ വിഹിതം വെട്ടിക്കുറച്ച് പ്രൊമോട്ടര്‍മാര്‍

MyFin Desk

Promoters cut stake in Mankind Pharma
X

Summary

  • പ്രൊമോട്ടര്‍ വിഹിതം 74.88 ശതമാനമായി കുറഞ്ഞു
  • വിറ്റഴിച്ചത് 65 ലക്ഷത്തോളം ഓഹരികള്‍
  • ഇന്നലെ മാന്‍കൈന്‍ഡ് ഓഹരികള്‍ കയറി


മാൻകൈൻഡ് ഫാർമയുടെ 1.62 ശതമാനം ഓഹരികൾ പ്രൊമോട്ടര്‍മാര്‍ വിറ്റഴിച്ചു. ഓപ്പൺ മാർക്കറ്റ് ഇടപാടുകളിലൂടെ 1,367 കോടി രൂപയ്ക്കാണ് മാന്‍കൈന്‍ഡ് ഫാര്‍മ പ്രൊമോട്ടര്‍മാര്‍ ഓഹരികള്‍ വിറ്റത്. എൻഎസ്ഇയിൽ ലഭ്യമായ ബ്ലോക്ക് ഡീൽ ഡാറ്റ അനുസരിച്ച്, പ്രൊമോട്ടർമാരായ ശീതൾ അറോറ, പൂജ ജുനേജ, അർജുൻ ജുനേജ എന്നിവർ രണ്ട് ഘട്ടങ്ങളിലായി മൊത്തം 65 ലക്ഷത്തോളം ഓഹരികൾ വിറ്റഴിച്ചു. ഓഹരികൾ ഓരോന്നിനും ശരാശരി 2,107.35 രൂപ നിരക്കിലായിരുന്നു വില്‍പ്പന.

എസ്ബിഐ മ്യൂച്വൽ ഫണ്ട് (എംഎഫ്), ആക്‌സിസ് എംഎഫ്, മോത്തിലാൽ ഓസ്വാൾ എംഎഫ്, ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്, ന്യൂ വേൾഡ് ഫണ്ട് ഇൻക്, മോർഗൻ സ്റ്റാൻലി ഏഷ്യ സിംഗപ്പൂർ, മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂർ, സിംഗപ്പൂർ ഗവൺമെൻ്റ്, ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ട് തുടങ്ങിയവയാണ് വാങ്ങല്‍ നടത്തിയത്. വ്യാഴാഴ്ച എൻഎസ്ഇയിൽ മാൻകൈൻഡ് ഫാർമയുടെ ഓഹരികൾ 5.72 ശതമാനം ഉയർന്ന് 2,250 രൂപയിലെത്തി.

ഇതോടെ പ്രൊമോട്ടര്‍മാരുടെയും പ്രൊമോട്ടര്‍ ഗ്രൂപ്പിന്‍റെയും സംയോജിത ഓഹരി പങ്കാളിത്തം 74.88 ശതമാനമായി കുറഞ്ഞു. ഡിസംബർ പാദം അവസാനത്തിലെ കണക്കനുസരിച്ച് 76.50 ശതമാനം ഓഹരികളാണ് പ്രൊമോട്ടര്‍മാര്‍ക്ക് ഉണ്ടായിരുന്നത്. ഈ വില്‍പ്പനയോടെ 25 ശതമാനം പൊതു ഓഹരി പങ്കാളിത്തം എന്ന സെബി നിബന്ധന മാന്‍കൈന്‍ഡ് ഫാര്‍മ പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

മാർക്കറ്റ് റെഗുലേഷൻസ് അനുസരിച്ച്, എല്ലാ ലിസ്റ്റ് ചെയ്ത കമ്പനികളും കുറഞ്ഞത് 25 ശതമാനം പൊതു ഓഹരി പങ്കാളിത്തം നിലനിർത്തണം, അതേസമയം പുതുതായി ലിസ്റ്റുചെയ്ത സ്ഥാപനങ്ങൾക്ക ഈ ആവശ്യകത നിറവേറ്റാൻ മൂന്ന് വർഷത്തെ സമയം നൽകും.

2023 ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ മാൻകൈൻഡ് ഫാർമയുടെ ഏകീകൃത അറ്റാദായം 55 ശതമാനം വർധിച്ച് 460 കോടി രൂപയായി. മുന്‍ സാമ്പത്തിക വർഷത്തെ ഒക്ടോബർ-ഡിസംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 296 കോടി രൂപയായിരുന്നു. പ്രവർത്തന വരുമാനം മുൻവർഷം മൂന്നാംപാദത്തിലെ 2,091 കോടി രൂപയിൽ നിന്ന് 2,607 കോടി രൂപയായി ഉയർന്നു.